ദി റെഡ്‌സ്...
റോം: ഇറ്റാലിയന്‍ കരുത്തരായ റോമയുടെ പൊരുതിക്കയറാനുള്ള മിടുക്ക് അതിജീവിച്ച് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരായ ലിവര്‍പൂള്‍ യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ഫൈനലിലേക്ക് കടന്നു. ഈ മാസം 26ന് ഉക്രൈനിലെ കീവില്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡുമായി ലിവര്‍പൂള്‍ ഏറ്റുമുട്ടും. ആദ്യ പാദത്തില്‍ 5-2ന് വിജയിച്ച ലിവര്‍പൂള്‍ രണ്ടാം പാദ പോരാട്ടത്തില്‍ 2- 4ന്റെ തോല്‍വി ഏറ്റുവാങ്ങി. എന്നാല്‍ രണ്ട് എവേ ഗോള്‍ മടക്കിയതിന്റെ ആനുകൂല്യത്തില്‍ 7-6 എന്ന അഗ്രഗേറ്റില്‍ അവര്‍ ഫൈനലിലേക്ക് കുതിക്കുകയായിരുന്നു.
ലിവര്‍പൂളിനായി സാദിയോ മാനെ, വിനാല്‍ഡം എന്നിവര്‍ വല ചലിപ്പിച്ചപ്പോള്‍ റോമയ്ക്കായി നൈന്‍ഗോളന്‍ ഇരട്ട ഗോളുകള്‍ നേടി. ഒരു ഗോള്‍ എഡിന്‍ സെക്കോ വലയിലാക്കിയപ്പോള്‍ മറ്റൊരു ഗോള്‍ ലിവര്‍പൂള്‍ താരം മില്‍നര്‍ നല്‍കിയ സെല്‍ഫായിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1984ല്‍ റോമന്‍ തട്ടകമായ സ്റ്റാഡിയോ ഒളിംപ്യാക്കോയില്‍ അരങ്ങേറിയ യൂറോപ്യന്‍ പോരാട്ടത്തിന്റെ ഫൈനല്‍ മത്സരത്തിന്റെ പുതിയകാല പതിപ്പായിരുന്നു റോമ- ലിവര്‍പൂള്‍ സെമി. അന്ന് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരം വിജയിച്ച് ലിവര്‍പൂള്‍ കപ്പ് സ്വന്തമാക്കിയിരുന്നു. ആ തോല്‍വിക്ക് പകരം ചോദിക്കാനുള്ള അവസരം റോമയ്ക്ക് സ്വന്തം നാട്ടുകാര്‍ക്ക് മുന്‍പില്‍നഷ്ടപ്പെടുത്തേണ്ടി വന്നു.
ക്വാര്‍ട്ടറില്‍ ബാഴ്‌സലോണക്കെതിരേ നടത്തിയ തിരിച്ചുവരവിന് സമാനമായ അവസ്ഥയില്‍ തന്നെയായിരുന്നു സെമിയില്‍ ലിവര്‍പൂളിനെതിരേയും റോമ. രണ്ട് എവേ ഗോളിന്റെ ആനുകൂല്യത്തില്‍ നാല് ഗോളുകള്‍ അടിച്ച് ഫൈനല്‍ ഉറപ്പിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ഇറ്റാലിയന്‍ കരുത്തര്‍. നാല് ഗോള്‍ അടിച്ചെങ്കിലും രണ്ട് ഗോള്‍ വഴങ്ങിയത് അവര്‍ക്ക് തിരിച്ചടിയായി മാറി.
രണ്ട് വര്‍ഷമായി ചാംപ്യന്‍സ് ലീഗിന്റെ ഹോം പോരാട്ടങ്ങളിലൊന്നും ഗോള്‍ വഴങ്ങാതെ കരുത്തോടെ നിന്ന റോമന്‍ പ്രതിരോധം തുടക്കത്തില്‍ തന്നെ പൊളിച്ച ലിവര്‍പൂള്‍ 25 മിനുട്ടിനുള്ളില്‍ തന്നെ രണ്ട് എവേ ഗോളുകള്‍ നേടി തങ്ങളുടെ നില ഭദ്രമാക്കി. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ലിവര്‍പൂളിനെതിരേ ക്രമേണ താളം കണ്ടെത്തിയാണ് റോമ തുടങ്ങിയത്. മത്സരം അവസാനിച്ചപ്പോള്‍ പന്തടക്കത്തിലും പാസ് കൈമാറുന്നതിലും ആക്രമണം നടത്തുന്നതിലും എല്ലാം റോമ മുന്നില്‍ നിന്നു. പക്ഷേ ഭാഗ്യം അവര്‍ക്കൊപ്പമില്ലായിരുന്നു.
നിലവില്‍ യൂറോപ്പിലെ ഏറ്റവും മികച്ച ആക്രമണ സംഘവുമായി കളിക്കാനെത്തിയ ലിവര്‍പൂള്‍ ആ പെരുമ തുടക്കത്തില്‍ തന്നെ അരയ്ക്കിട്ടുറപ്പിച്ചു. റോബര്‍ട്ടോ ഫിര്‍മിനോ- സാദിയോ മാനെ- മുഹമ്മദ് സലാഹ് സഖ്യത്തിന്റെ മാരക ഫോമിന്റെ കരുത്തില്‍ മുന്നേറുന്ന അവര്‍ മാനെയിലൂടെ ആദ്യ ഗോള്‍ നേടി റോമയ്ക്ക് മുന്നറിയിപ്പും നല്‍കി.
ഒന്‍പതാം മിനുട്ടില്‍ ബോക്‌സിന് സമീപം വച്ച് നൈന്‍ഗോളന് പിഴച്ചത് മുതലെടുത്താണ് ലിവര്‍പൂള്‍ ലീഡെടുത്തത്. പാസ് കൈമാറുന്നതില്‍ നൈന്‍ഗോളന് പിഴച്ചപ്പോള്‍ പന്ത് പിടിച്ചെടുത്ത ഫിര്‍മിനോ അത് മാനെയ്ക്ക് മറിച്ചുനല്‍കി. ഒരു പഴുതും അനുവദിക്കാതെ സെനഗല്‍ താരം റോമ ഗോള്‍ കീപ്പര്‍ അലിസനെ നിസഹായനാക്കി പന്ത് വലയില്‍ കയറ്റി. ഒരു ഗോള്‍ വഴങ്ങിയതോടെ റോമ ഉണര്‍ന്നു. അവരുടെ തുടരെയുള്ള ആക്രമണം. വൈകാതെ അതിന്റെ ഫലവും വന്നു. 15ാം മിനുട്ടില്‍ എല്‍ഷെരാവിയുടെ ഗോള്‍ ശ്രമം ക്ലിയര്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ലിവര്‍പൂള്‍ പ്രതിരോധ താരം മില്‍നറുടെ തലയില്‍ പന്ത് കൊണ്ട് നേരെ അവരുടെ ബോക്‌സില്‍ തന്നെ വീണു. സമനില പിറന്നതോടെ മത്സരം മുറുകി.
അടിക്ക് തിരിച്ചടിയെന്ന നിലയില്‍ ഇരു പക്ഷവും ആക്രമണം കടുപ്പിച്ചതോടെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് വിരുന്നായി. 25ാം മിനുട്ടില്‍ രണ്ടാം എവേ ഗോളും ലിവര്‍പൂള്‍ സ്വന്തമാക്കി. റോമ പ്രതിരോധം വിനാല്‍ഡമിനെ മാര്‍ക് ചെയ്യുന്നതില്‍ കാണിച്ച അലംഭാവത്തിന് അവര്‍ക്ക് വന്‍ വില നല്‍കേണ്ടി വന്നു. സാദിയോ മാനെയുടെ ഗോള്‍ ശ്രമം പരാജയപ്പെടുത്തി എഡിന്‍ സെക്കോ പന്ത് ക്ലിയര്‍ ചെയ്‌തെങ്കിലും ബോക്‌സില്‍ നിന്ന വിനാല്‍ഡമിന്റെ തലയ്ക്ക് പാകത്തിലാണ് പന്ത് കിട്ടിയത്. റോമ ഗോള്‍ കീപ്പറെ മറികടന്ന് ഒട്ടും സമയം കളയാതെ പന്ത് വലയിലാക്കി താരം ലിവര്‍പൂളിന് ലീഡൊരുക്കി. ഇടവേളയ്ക്ക് പിരിയുമ്പോള്‍ ലിവര്‍പൂള്‍ സുരക്ഷിതരായിരുന്നു.
രണ്ടാം പകുതിയുടെ തുടക്കം മുതല്‍ റോമയുടെ ആക്രമണം. 52ാം മിനുട്ടില്‍ എഡിന്‍ സെക്കോയിലൂടെ റോമ ഒരു ഗോള്‍ മടക്കി മത്സരം 2-2ന് സമനിലയിലാക്കി. പിന്നീട് ഇരു പക്ഷവും ആക്രമണം തുടര്‍ന്നെങ്കിലും ഗോള്‍ പിറന്നില്ല. ലിവര്‍പൂളിന്റെ ആദ്യ ഗോളിന് വഴിയൊരുക്കിയതിന്റെ പ്രായശ്ചിത്തമെന്നോണം നൈന്‍ഗോളന്‍ 86ാം മിനുട്ടില്‍ റോമയ്ക്ക് മൂന്നാം ഗോള്‍ സമ്മാനിച്ചു. മുന്നിലെത്തിയെങ്കിലും ഫൈനലിലേക്ക് കടക്കാന്‍ കുറഞ്ഞ സമയം കൂടി ബാക്കി നില്‍ക്കേ റോമയ്ക്ക് രണ്ട് ഗോളുകള്‍ കൂടി വേണമായിരുന്നു. മത്സരം നിശ്ചിത സമയം കഴിഞ്ഞ് ഇഞ്ച്വറി ടൈമിലേക്ക് കടന്നു. ഇഞ്ച്വറി ടൈമിന്റെ രണ്ടാം മിനുട്ടില്‍ ബോക്‌സില്‍ വച്ച് ക്ലാവന്റെ കൈയില്‍ പന്ത് കൊണ്ടതിന് റഫറി റോമയ്ക്ക് അനുകൂലമായി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത നൈന്‍ഗോളന്‍ പന്ത് വലയിലാക്കി റോമയ്ക്ക് നാലാം ഗോള്‍ സമ്മാനിച്ചു.
ഒടുവില്‍ മത്സരം അവസാനിപ്പിച്ച് റഫറി ലോങ് വിസില്‍ മുഴക്കുമ്പോള്‍ റോമയുടെ നീണ്ട കാലത്തെ സ്വപ്നമായ ചാംപ്യന്‍സ് ലീഗ് ഫൈനലിലേക്ക് ഒരു ഗോളിന്റെ കുറവുണ്ടായിരുന്നു. നാടകീയ തിരിച്ചുവരവിന്റെ വക്കുവരെയെത്തി പൊരുതി വീണ റോമ ടീമിനെ 62,000ത്തോളം വരുന്ന കാണികള്‍ എഴുന്നേറ്റുനിന്ന് അനുമോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."