മുഖ്യമന്ത്രി ഇടപെട്ടു. ഹജ്ജ് ക്യാംപ് മാറംപള്ളിയില്നിന്ന് നെടുമ്പാശ്ശേരിയിലേക്ക്
കൊണ്ടോട്ടി: മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് ഈ വര്‍ഷത്തെ ഹജ്ജ് ക്യാംപ് നെടുമ്പാശ്ശേരി വിമാനത്താവളത്തോട് ചേര്‍ന്ന് നടത്താന്‍ ഹജ്ജ് കമ്മറ്റിക്ക് കൊച്ചിന് ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡി(സിയാല്‍)ന്റെ അനുമതി.
കഴിഞ്ഞ മൂന്ന് വര്‍ഷമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മെയിന്റസ് ഹാങറിലായിരുന്നു ക്യാംപ് നടത്തിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം ഇവിടെ സൗകര്യമില്ലാത്തതിനാല്‍ വിമാനത്താവളത്തിന് എട്ട് കിലോമീറ്റര്‍ അകലെ ആലുവ മാറംപള്ളി എം.ഇ.എസ് കോളജിലേക്ക് മാറ്റാന്‍ സംസ്ഥാന ഹജ്ജ് കമ്മറ്റി തീരുമാനിച്ചിരുന്നു. വിമാനത്താവളത്തിന് അകലെയുളള ഹജ്ജ് ക്യാപ് കടുത്ത സാമ്പത്തിക ചെലവ് വരുത്തുന്നതും തീര്‍ത്ഥാടകര്‍ക്ക് പ്രായസമുണ്ടാവുന്നതുമായിരുന്നു. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് സിയാലുമായി ബന്ധപ്പെട്ട് സൗകര്യമൊരുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് സിയാല്‍ ഹജ്ജ് ക്യാംപിന് സ്ഥലം അനുവദിച്ചത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തോട് ചേര്‍ന്നുളള കാന്റീന് പ്രവര്‍ത്തിക്കുന്ന ഭാഗത്താണ് സിയാല്‍ ഹജ്ജ് ക്യാംപിന് വേണ്ടി സൗകര്യമൊരുക്കുക. ഇവിടെയുളള മതില് താല്‍ക്കാലികമായി പൊളിച്ച് നിസ്കരിക്കാനടക്കമുള്ള സ്ഥലം കണ്ടെത്തും. ആയിരത്തോളം തീര്‍ഥാടകര്‍ക്കുളള സൗകര്യങ്ങള്‍ ഇവിടെ ഒരുക്കാന്‍ കഴിയും. കഴിഞ്ഞ വര്‍ഷം ഹജ്ജ് ക്യാംപ് നടത്തിയതിന് സമീപത്തു തന്നെയാണ് നിലവില്‍ സിയാല്‍ നിര്‍ദേശിച്ച സ്ഥലവും.
സംസ്ഥാനത്ത് നിന്നുള്ള ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് വിമാനം ജൂലൈ 29നാണ് ആരംഭിക്കുക. ഹജ്ജ് ക്യാംപ് ജൂലൈ 28ന് തുടങ്ങും. ക്യാംപിന് ഒരാഴ്ച മുന്‍പ് തന്നെ ഹജ്ജ് സെല്ലിന്റെ പ്രവര്‍ത്തനവും തുടങ്ങും. ഈ വര്‍ഷം ഇതുവരെയായി കേരളത്തില്‍ നിന്ന് 11,403 പേര്‍ക്കാണ് അവസരം ലഭിച്ചത്. ഹജ്ജ് വിമാന സര്‍വിസുകള്‍ ഈ വര്‍ഷവും സഊദി എയര്‍ലെന്‍സാണ് നടത്തുന്നത്. കേരളത്തിന് പുറമെ മാഹി,ലക്ഷദ്വീപ് തീര്‍ഥാടകരും നെടുമ്പാശ്ശേരിയില്‍ നിന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഒരുക്കുന്ന ഹജ്ജ് ക്യാംപ് വഴിയാണ് യാത്രയാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."