ബദ്ര്‍ നല്‍കുന്ന സന്ദേശം
നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിന്റെ അതുല്യ ചരിതമാണ് ബദ്റില്‍ രചിക്കപ്പെട്ടത്. ഒരു ചെറു സംഘം വേണ്ടത്ര ആയുധമോ സജ്ജീകരണങ്ങളോ ഇല്ലാതെ സര്‍വ സജ്ജീകരണങ്ങളുമുള്ള ഒരു സൈന്യത്തെ കീഴ്‌പ്പെടുത്തിയ സംഭവം കൂടിയാണ് ബദ്ര്‍. വിശ്വാസത്തെ തകര്‍ക്കാന്‍ ഒരു ശക്തിക്കും സാധ്യമല്ലെന്നു വ്യക്തമാക്കിയ പോരാട്ടം കൂടിയാണത്. ആയിരത്തോളം വരുന്ന ശത്രുപക്ഷത്തോടൊപ്പം 600 അങ്കികളും 100കുതിരകളും 700 ഒട്ടകങ്ങളും മുസ്്‌ലിംകളെ പരിഹസിച്ച് ശത്രുക്കളെ ആവേശം കൊള്ളിക്കുന്ന പാട്ടുകാരികളും ഉണ്ടായപ്പോള്‍ മുസ്്‌ലിം പക്ഷത്ത് വെറും 313 സ്വഹാബികളും 60 അങ്കികളും രണ്ടു കുതിരകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ബദ്‌റിന്റെ ചരിത്രം ഇന്നും ലോകം സ്മരിക്കുന്നതില്‍ നിന്നും അതിന്റെ മഹത്വം വ്യക്തമാകുന്നു. തികച്ചും നിര്‍ബന്ധിത സാഹചര്യത്തിലാണ് ബദ്്ര്‍ യുദ്ധം സംഭവിക്കുന്നത്. തിരുനബി (സ) പ്രബോധനം ആരംഭിച്ചതോടെ കടുത്ത വിദ്വേഷവും ശത്രുതയുമാണ് മക്കയിലെ അവിശ്വാസികള്‍ പ്രകടിപ്പിച്ചത്. സത്യവിശ്വാസം സ്വീകരിച്ചതിന്റെ പേരില്‍ മുസ്‌ലിംകള്‍ ശക്തമായ പീഡനത്തിനിരയായി. ശാരീരിക മാനസിക സാമ്പത്തിക അതിക്രമങ്ങള്‍ക്ക് വിധേയമായത് വിവരിക്കാന്‍ പറ്റാത്തവിധം ഭീകരമാണ്. നിരന്തര പീഡനവും കൊടിയ ഉപരോധവും അസഹ്യമായപ്പോള്‍ മക്കയില്‍ നിന്നും പലായനം ചെയ്തു. ഹിജ്‌റ രണ്ടാം വര്‍ഷം റമദാന്‍ 17 നായിരുന്നു അത്. ആത്മവീര്യവും സ്ഥൈര്യവുമുള്ള ഒരു ചെറു സംഘത്തിന് സായുധ സജ്ജരായ ഒരു വലിയ സൈന്യത്തെ ജയിക്കാന്‍ സാധിച്ചത് അതുല്യ നേട്ടമായിരുന്നു. നേതാവും അണികളും തമ്മിലുള്ള സഹകരണവും മനപ്പൊരുത്തവും ബദറില്‍ തെളിഞ്ഞുകാണാം. അല്ലാഹു അവര്‍ക്ക് സഹായം നല്‍കി.
നേതൃത്വത്തിലുള്ള ഉറച്ച വിശ്വാസം ബദ്്‌റിന്റെ വിജയത്തിന്റെ അടിസ്ഥാന കാരണമായിരുന്നു. യുദ്ധം സമാഗതമായെന്നുള്ള ചര്‍ച്ച നബി(സ) നടത്തിയപ്പോള്‍ മൂസാനബി(അ)യുടെ അനുയായികള്‍ പറഞ്ഞ പോലെ ഞങ്ങള്‍ പറയില്ലെന്നും നബി(സ)തങ്ങള്‍ക്കൊപ്പം ഉറച്ചു നില്‍കുന്നുവെന്നും പ്രഖ്യാപിച്ചത് ഈ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. നബി(സ)യോടുള്ള അതിരറ്റ സ്‌നേഹം പ്രകടിപ്പിക്കാനുള്ള ഒരവസരവും അവര്‍ പാഴാക്കിയില്ല. അണികള്‍ ശരിപ്പെടുത്തുമ്പോള്‍ സവാദ് (റ) അല്‍പം തെന്നിനിന്നു. കൈയിലുണ്ടായിരുന്ന അമ്പിന്റെ പിടികൊണ്ട് നബി (സ)അദ്ദേഹത്തിന്റെ വയറ്റില്‍ ചെറുതായൊന്ന് കുത്തി. 'നേരെ നില്‍ക്കൂ സവാദേ' എന്നു പറഞ്ഞു. ''അല്ലാഹുവിന്റെ ദൂതരേ താങ്കളെന്നെ വേദനിപ്പിച്ചു. എനിക്ക് പ്രതിക്രിയ അനുവദിക്കണം'' നബി(സ) കുപ്പായം പൊക്കി. സവാദ്(റ) നബി(സ)യുടെ വയറില്‍ ചുംബിച്ചു. ''എന്താ സവാദേ ഇതെല്ലാം'' നബി(സ) ചോദിച്ചു; ''യുദ്ധം മുന്നില്‍ കാണുകയല്ലേ നാം, അതിനാല്‍ അങ്ങയെ അവസാനമായി കാണുമ്പോള്‍ എന്റെ ശരീരം അങ്ങയുടെ ശരീരത്തെ സ്പര്‍ശിക്കട്ടെ എന്ന് കരുതി.'' സവാദ്(റ)നു വേണ്ടി നബി(സ) പ്രാര്‍ഥിച്ചു.
ബദ്‌റിന്റെ യുദ്ധഭൂമിയില്‍ വച്ച് നബി(സ) ഒലിക്കുന്ന കണ്ണുകളോടെ അല്ലാഹുവിലേക്ക് കൈ ഉയര്‍ത്തി പ്രാര്‍ഥിച്ചു: 'അല്ലാഹുവേ, ഈ കൊച്ചുസംഘം എങ്ങാനും ബദ്‌റിന്റെ മണ്ണില്‍ പരാജയപ്പെട്ടാല്‍ പിന്നീട് നിന്നെ ആരാധിക്കാന്‍ ഈ ഭൂമുഖത്ത് ആരും ശേഷിക്കുകയില്ല.' നബി(സ)യ്ക്കു വേണ്ടി തയാറാക്കിയ പന്തലിലെത്തി ദീര്‍ഘനേരം താണുകേണ് പ്രാര്‍ഥിച്ചു. തട്ടമെല്ലാം താഴെ വീണു. അബൂബക്കര്‍(റ) നബിയെ ആശ്വസിപ്പിക്കുകയായിരുന്നു: ''അല്ലാഹു സഹായിക്കും, താങ്കളോട് ചെയ്ത വാഗ്ദാനം പാലിക്കും'' മുസ്‌ലിംകള്‍ വിജയിക്കുവോളം വീണ്ടും വീണ്ടും നബി പ്രാര്‍ഥിച്ചുകൊണ്ടിരുന്നു.
സുറാഖത്തുബ്‌നു മാലികിന്റെ വേഷത്തില്‍ ശത്രുക്കളെ സഹായിക്കാന്‍ പിശാച് ബദ്‌റില്‍ രംഗത്തുവന്നതും മലക്കുകളെ കണ്ടു പിന്മാറിയതും ചരിത്രത്തില്‍ കാണാം. വിശുദ്ധ ഖുര്‍ആന്‍ സൂറതുല്‍ അന്‍ഫാലില്‍ 48ാം ആയത്തില്‍ പരാമര്‍ശിക്കുന്നത് ഈ സംഭവം ആണ്; ''ഇന്ന് ജനങ്ങളില്‍ നിങ്ങളെ തോല്‍പിക്കാന്‍ ആരും തന്നെയില്ല. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ സംരക്ഷകനായിരിക്കും. എന്ന് പറഞ്ഞ് കൊണ്ട് പിശാച് അവര്‍ക്ക് അവരുടെ ചെയ്തികള്‍ ഭംഗിയായി തോന്നിച്ച സന്ദര്‍ഭവും ( ഓര്‍ക്കുക.) അങ്ങനെ ആ രണ്ടുസംഘങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍ എനിക്കു നിങ്ങളുമായി ഒരു ബന്ധവുമില്ല, തീര്‍ച്ചയായും നിങ്ങള്‍ കാണാത്ത പലതും ഞാന്‍ കാണുന്നുണ്ട്, തീര്‍ച്ചയായും ഞാന്‍ അല്ലാഹുവെ ഭയപ്പെടുന്നു, അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനത്രെ. എന്ന് പറഞ്ഞുകൊണ്ട് അവന്‍ ( പിശാച് ) പിന്‍മാറിക്കളഞ്ഞു''.
ബദ്‌രീങ്ങളുടെ മഹത്വം
ബദ്‌റില്‍ പങ്കെടുത്തവര്‍ക്കുള്ള മഹത്തായ വിശേഷണമാണ് അസ്ഹാബുല്‍ ബദ്ര്‍ എന്നത്. അവരുടെ ചരിത്രം എക്കാലത്തുമുള്ള വിശ്വാസികളെ സംബന്ധിച്ചിടത്തോളം ആവേശോജ്ജ്വലമാണ്. ഇസ്‌ലാമിക ലോകത്ത് എക്കാലവും അനുസ്മരിക്കപ്പെടുന്നവരാണ് അവര്‍. എക്കാലത്തെയും ധര്‍മ മുന്നേറ്റങ്ങള്‍ക്ക് ആവേശവും ആത്മധൈര്യവും പകരുന്നതാണത്. അല്ലാഹുവിന്റെ അടുക്കല്‍ അത്യുന്നത സ്ഥാനം നല്‍കപ്പെട്ടവരാണ് ബദ്‌രീങ്ങള്‍. ജിബ്‌രീല്‍(അ) നബി(സ)യെ സമീപിച്ച് ചോദിച്ചു: നിങ്ങള്‍ക്കിടയില്‍ ബദ്‌രീങ്ങളുടെ പദവി എന്താണ്? നബി(സ) പറഞ്ഞു: അവര്‍ മുസ്്‌ലിംകളില്‍ ഏറ്റവും ശ്രേഷ്ഠരാണ്. ജിബ്‌രീല്‍(അ) പറഞ്ഞു: അതില്‍ പങ്കെടുത്ത മലക്കുകള്‍ അവരുടെ കൂട്ടത്തിലും ശ്രഷ്ഠരാണ്.(ബുഖാരി 369)
അലി(റ)യില്‍നിന്നു റിപ്പോര്‍ട്ട്: ''എന്നെയും അബൂ മര്‍സദ്(റ), സുബൈര്‍(റ) എന്നിവരെയും നബി(സ) യാത്രയാക്കി. ഞങ്ങള്‍ മൂന്നുപേരും കുതിരപ്പടയാളികളായിരുന്നു. അപ്പോള്‍ അവിടുന്നു ഇപ്രകാരം പറഞ്ഞു: നിങ്ങള്‍ മൂന്നു പേരും 'ഖാഖ് തോട്ടത്തി'ല്‍ പോവുക. നിശ്ചയം, മുശ്‌രിക്കുകളില്‍ പെട്ട ഒരു സ്ത്രീ ഉണ്ടവിടെ. (സ്വഹാബിയായ) ഹാത്വിബുബ്‌നു അബീബല്‍തഅത്ത്(റ) മുശ്്‌രിക്കുകള്‍ക്കു കൊടുത്തയച്ച ഒരു കത്ത് അവളുടെ കൈവശമുണ്ട്. അങ്ങനെ ഞങ്ങള്‍ പുറപ്പെട്ടു. പ്രസ്തുത സ്ത്രീയെ കണ്ടുമുട്ടി. നബി(സ) പ്രസ്താവിച്ച സ്ഥലത്തു വച്ചു തന്നെ ഒരു ഒട്ടകപ്പുറത്തു പോകുന്നതായിട്ടാണു അവളെ കണ്ടുമുട്ടിയത്.
ഉടനെ അവളോട് ഞങ്ങള്‍ എഴുത്ത് ആവശ്യപ്പെട്ടു. അവള്‍ പറഞ്ഞു: എന്റെ കൈവശം എഴുത്തൊന്നുമില്ല. അങ്ങനെ അവളുടെ ഒട്ടകത്തെ ഞങ്ങള്‍ മുട്ടുകുത്തിച്ചു. ഞങ്ങള്‍ അവളുടെ കൈവശം എഴുത്തുണ്ടോയെന്ന് പരിശോധിച്ചു. എഴുത്ത് കണ്ടില്ല. അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു: നബി(സ) ഒരിക്കലും കളവു പറയില്ല. അതുകൊണ്ട് എഴുത്ത് നിര്‍ബന്ധമായും എടുത്തുതരിക. അല്ലെങ്കില്‍ നിന്റെ വസ്ത്രങ്ങള്‍ ഊരി ഞങ്ങള്‍ പരിശോധിക്കും. കാര്യം വിഷമമാണെന്നു അവള്‍ക്കു ബോധ്യപ്പെട്ടപ്പോള്‍ വസ്ത്രത്തിന്റെ ഉള്ളില്‍നിന്നു അവള്‍ എഴുത്തെടുത്ത് ഞങ്ങള്‍ക്കു തന്നു. അങ്ങനെ അതുമായി ഞങ്ങള്‍ നബി(സ)യുടെ തിരുസന്നിധിയിലെത്തി. അവിടെവച്ച് എഴുത്ത് വായിച്ചപ്പോള്‍ ഉമര്‍(റ) ഇപ്രകാരം പറഞ്ഞു: ''അല്ലാഹുവിന്റെ പ്രവാചകരേ, ഹാത്വിബ്(റ) നിശ്ചയം അല്ലാഹുവിനെയും റസൂലിനെയും വഞ്ചിച്ചിരിക്കുന്നു. അതുകൊണ്ട് അവന്റെ പിരടിവെട്ടാന്‍ അങ്ങ് ഞങ്ങള്‍ക്കു സമ്മതം തരിക. അപ്പോള്‍ നബി(സ) ഹാത്വിബി(റ)ലേക്കു തിരിഞ്ഞു ഇങ്ങനെ ചോദിച്ചു: മുശ്്‌രിക്കുകള്‍ക്കു ഇങ്ങനെയൊരു കത്തെഴുതാന്‍ നിന്നെ പ്രേരിപ്പിച്ച ഘടകമെന്താണ്?
ഹാത്വിബി(റ) പറഞ്ഞു: ''അല്ലാഹുവാണു സത്യം! ഞാന്‍ അല്ലാഹുവിലും റസൂലിലും ഉറച്ചു വിശ്വസിക്കുന്ന വ്യക്തിയാണ്. എങ്കിലും മുശ്്‌രിക്കുകള്‍ക്കിടയില്‍ എനിക്കൊരു സ്വാധീനമുണ്ടായിരിക്കണമെന്നുദ്ദേശിച്ചാണ് ഞാന്‍ എഴുത്ത് കൊടുത്തയച്ചത്. എന്റെ കുടുംബത്തിനും സമ്പത്തിനുമൊക്കെ വന്നേക്കാവുന്ന വിപത്ത് ആ സ്വാധീനം മുഖേന അല്ലാഹു തട്ടിക്കളയാന്‍ സാധ്യതയുണ്ടല്ലോ. തങ്ങളുടെ സ്വഹാബികളില്‍ നിന്നുള്ള ഏതൊരാള്‍ക്കും മക്കയില്‍ ബന്ധുക്കളില്ലാതില്ല. അവര്‍ മുഖേന സ്വന്തം കുടുംബത്തെയും സമ്പത്തിനെയും അല്ലാഹു സംരക്ഷിച്ചേക്കും.''
ഇതു കേട്ടപ്പോള്‍ നബി(സ) ഇങ്ങനെ പറഞ്ഞു: ''ഹാത്വിബ്(റ) പറഞ്ഞത് സത്യമാണ്. അതുകൊണ്ട് ഹാത്വിബിനെതിരേ ഒന്നും പറയരുത്.'' ഇതുകേട്ട് ഉമര്‍(റ) ഇങ്ങനെ പ്രതികരിച്ചു: ''നിശ്ചയം അല്ലാഹുവിനെയും റസൂലിനെയും സത്യവിശ്വാസികളെയും വഞ്ചിച്ചിരിക്കയാണ് ഹാത്വിബ്(റ). അവന്റെ പിരടി വെട്ടാന്‍ അങ്ങ് അനുമതി തരിക.'' അപ്പോള്‍ നബി(സ) ഇപ്രകാരം പറഞ്ഞു: ''ബദ്്‌രീങ്ങളില്‍പെട്ട വ്യക്തിയാണ് ഹാത്വിബ്(റ). ബദ്്‌രീങ്ങളെ സംബോധനം ചെയ്തു അല്ലാഹു ഇങ്ങനെ പറഞ്ഞിട്ടുണ്ട്: 'നിങ്ങള്‍ക്കിഷ്ടമുള്ളതു പ്രവര്‍ത്തിച്ചുകൊള്ളുക. സ്വര്‍ഗം നിങ്ങള്‍ക്കു സുനിശ്ചിതമാണ്. നിങ്ങള്‍ക്കു പാപം പൊറുത്തുതന്നിരിക്കുന്നു.'' ഇതുകേട്ട് ഉമര്‍(റ)വിന്റെ ഇരു നയനങ്ങളും നിറഞ്ഞൊഴുകി. അല്ലാഹുവും റസൂലുമാണ് ഏറ്റവും അറിവുള്ളവര്‍ എന്നു പറയുകയും ചെയ്തു.'' (ബുഖാരി). ബദ്്‌രീങ്ങളുടെ മഹത്വമാണ് ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസിലൂടെ നാം കണ്ടത്.
ബദ്‌രീങ്ങള്‍ മുഖേന അല്ലാഹു തആല മുസ്്‌ലിം സമൂഹത്തിനു വലിയ അനുഗ്രഹമാണ് ചെയ്തത്. അവരെ സ്മരിക്കല്‍ അതിനോടുള്ള നന്ദി കാണിക്കലാണ്. മുന്‍ഗാമികളായ മുസ്്‌ലിം സമൂഹം അവരെ വസീലയാക്കി ഇഹപര വിജയം നേടിയിരുന്നു. ബദ്‌രീങ്ങളുടെ നാമം ഉച്ചരിക്കുന്നതിനും അത് എഴുതുന്നതിനും വലിയ പുണ്യമുണ്ടെന്ന് മുസ്്‌ലിം ഉമ്മത്ത് മനസിലാക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.
അര്‍ഹരായ മശാഇഖുമാരുടെ അനുമതിപ്രകാരം രാവിലേയും വൈകുന്നേരവും ബദ്‌രീങ്ങളുടെ പേരുകള്‍ പതിവാക്കല്‍ വലിയ പുണ്യമുള്ളതാണെന്ന് മഹാന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അല്ലാഹു ഇഷ്ടപ്പെട്ട മഹാത്മാക്കളുടെ പേര് ഉച്ചരിച്ച് തബര്‍റുക് കരസ്ഥമാക്കുക എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ഇത്തരം സുകൃതങ്ങള്‍ ഒരുപാട് കരസ്ഥമാക്കാന്‍ കഴിയും എന്നതിനാലാണ് സമസ്തയുടെ പ്രവര്‍ത്തകര്‍ മജ്‌ലിസുന്നൂര്‍ എന്ന പേരില്‍ ബദ്‌രീങ്ങളുടെ പേര് ചൊല്ലിക്കൊണ്ടുള്ള തവസ്സുല്‍ ബൈത്ത് വ്യാപകമായി പതിവാക്കിപ്പോരുന്നത്. സമുദായത്തിന്റെ ആദ്യകാലക്കാര്‍ വിജയിച്ച മാര്‍ഗം മാത്രമേ നമുക്ക് മുന്‍പിലും ഉള്ളൂ എന്ന് നാം തിരിച്ചറിയണം. മഹാത്മാക്കളെ അക്ഷരാര്‍ഥത്തില്‍ പിന്‍പറ്റാന്‍ നമുക്ക് കഴിയുന്നിടത്താണ് നമ്മുടെ വിജയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."