ജില്ലയില്‍ ഒന്നാമത്: വിജയം ആഘോഷമാക്കി മഞ്ചേരി ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍
മഞ്ചേരി: എസ്.എസ്.എല്‍.സി ഫലം പുറത്തുവന്നപ്പോള്‍ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തി വിജയിപ്പിച്ച ചരിത്രനേട്ടവുമായി മഞ്ചേരി ഗവ.ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. പരീക്ഷയെഴുതിയ 469 വിദ്യാര്‍ഥികളെയും വിജയിപ്പിച്ചാണ് സ്‌കൂള്‍ ചരിത്ര വിജയം നേടിയത്. 48 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. 34 പേര്‍ ഒന്‍പത് വിഷയങ്ങളില്‍ എ പ്ലസും സ്വന്തമാക്കി. സംസ്ഥാന തലത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ വിജയിപ്പിച്ച മൂന്നാമത്തെ സ്‌കൂളെന്ന ബഹുമതികൂടി ഈ സ്‌കൂള്‍ കരസ്ഥമാക്കി.
വിദ്യാലയ ചരിത്രത്തിലാദ്യമായി ഇത്രയും കൂടുതല്‍ വിദ്യാര്‍ഥികള്‍ എസ്.എസ്.എല്‍.സിക്ക് നൂറുമേനി വിജയം നേടിയത് മഞ്ചേരി ഗവ. ഗേള്‍സ് ഹൈസ്‌കൂളിലെ കുട്ടികള്‍ അതി മധുരത്തോടെയാണ് എതിരേറ്റത് .ഫലമറിഞ്ഞതോടെ വിദ്യാലയത്തിലെത്തിയ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും മധുരം വിതരണം ചെയ്തും പടക്കം പൊട്ടിച്ചും വിജയം ആഘോഷിച്ചു.നഗരവീഥികളില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനവും നടന്നു.
പതിനൊന്നു ഡിവിഷനുകളിലായാണ് മഞ്ചേരി ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ പഠിക്കുന്നത്. കുട്ടികളുടെ എണ്ണക്കൂടുതല്‍ വെല്ലുവിളിയായിരുന്നെങ്കിലും കൃത്യമായ മുന്നൊരുക്കങ്ങളോടെയാണ് ഈ സര്‍ക്കാര്‍ വിദ്യാലയം അവിസ്മരണീയ വിജയം സ്വന്തമാക്കിയത്. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് വിജയമെന്ന് ഹെഡ്മാസ്റ്റര്‍ എന്‍. മോഹന്‍ദാസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."