എസ്.എസ്.എല്‍.സി പരീക്ഷയില്‍ ജില്ലയുടെ വിജയഭേരി
മലപ്പുറം: എസ്.എസ്.എല്‍.സി പരീക്ഷയുടെ ഫലം പുറത്തുവന്നപ്പോള്‍ സംസ്ഥാനത്തെ മേല്‍ക്കോയ്മ വിടാതെ മലപ്പുറം ജില്ല. 97.76 ശതമാനമാണ് ജില്ലയിലെ വിജയം. കഴിഞ്ഞ തവണ ഇത് 95.53 ശതമാനമായിരുന്നു. 79,708 കുട്ടികള്‍ പരീക്ഷയെഴുതിയതില്‍ 77,922 പേര്‍ തുടര്‍പഠനത്തിന് അര്‍ഹത നേടി.
എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും മലപ്പുറം ഒന്നാം സ്ഥാനം നിലനിര്‍ത്തി. 5,702 കുട്ടികളാണ് ജില്ലയില്‍ ഇത്തവണ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയത്. കഴിഞ്ഞ തവണ 3,640 പേര്‍ക്കാണ് മുഴുവന്‍ എ പ്ലസ് ലഭിച്ചത്. 2,062 എ പ്ലസുകാരുടെ വര്‍ധനവാണ് ഇത്തവണയുണ്ടായത്. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ ജില്ല മലപ്പുറമാണ്. പെണ്‍കുട്ടികളാണ് എ പ്ലസില്‍ മുന്നില്‍. 4,006 വിദ്യാര്‍ഥിനികളാണ് ജില്ലയില്‍ എ പ്ലസ് നേടിയത്. 1,696 ആണ്‍കുട്ടികളും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി.
സര്‍ക്കാര്‍ സ്‌കൂളുകളിലെ 1,410 വിദ്യാര്‍ഥികളും എയ്ഡഡ് മേഖലയിലെ 3,275 കുട്ടികളും അണ്‍ എയ്ഡഡ് മേഖലയില്‍ 1,017 വിദ്യാര്‍ഥികളും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. പരീക്ഷയില്‍ ജില്ലയിലെ 139 സ്‌കൂളുകള്‍ക്കു നൂറുമേനി വിജയം ലഭിച്ചു.
കഴിഞ്ഞ തവണ 116 സ്‌കൂളുകളായിരുന്നു പരീക്ഷയെഴുതിയ എല്ലാ വിദ്യാര്‍ഥികളെയും വിജയിപ്പിച്ചതായി ജില്ലയില്‍ ഉണ്ടായിരുന്നത്. ഇത്തവണ 21 സര്‍ക്കാര്‍ സ്‌കൂളുകള്‍ നൂറുമേനി വിജയം കൊയ്തു.
എയ്ഡഡ് മേഖലയില്‍ 11, അണ്‍എയ്ഡ് മേഖലയില്‍ 107 എന്നിങ്ങനെയാണ് നൂറുമേനി വിജയം നേടിയ സ്‌കൂളുകളുടെ കണക്ക്. ജില്ലയില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍നിന്നു പരീക്ഷയെഴുതിയ 28,476 കുട്ടികളില്‍ 27,744 പേര്‍ യോഗ്യത നേടി. എയ്ഡഡ് മേഖലയില്‍ 44,309 കുട്ടികളില്‍ 43,277 പേരാണ് തുടര്‍പഠനത്തിന് അര്‍ഹരായത്. അണ്‍ എയ്ഡഡ് മേഖലയില്‍ പരീക്ഷയെഴുതിയ 6,923 കുട്ടികളില്‍ 6,901 കുട്ടികളും ഉന്നത പഠനത്തിനു യോഗ്യത നേടി.
ആരോപണങ്ങളെ മറികടന്നാണ് ജില്ലയിലെ കുട്ടികള്‍ തുടര്‍ പഠനത്തിന് അര്‍ഹത നേടിയതെങ്കിലും പകുതിയോളം കുട്ടികള്‍ക്കു തുടര്‍ പഠനത്തിനാവശ്യമായ സൗകര്യങ്ങള്‍ ജില്ലയില്‍ ഒരുക്കാന്‍ മാറിമാറിവന്ന സര്‍ക്കാരുകള്‍ക്കായിട്ടില്ല.
കഴിഞ്ഞ വര്‍ഷം നേരിട്ട പ്രതിസന്ധിപോലെ നാല്‍പതിനായിരത്തോളം കുട്ടികള്‍ ഇത്തവണയും പ്ലസ്ടു സീറ്റ് ലഭിക്കാതെ പുറത്താകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."