ഖത്തര്‍ ഇന്റലിജന്‍സ് ഓഫിസര്‍ യമനില്‍ അറസ്റ്റില്‍
റിയാദ്: ഖത്തര്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥന് യമനില്‍ അറസ്റ്റില്‍. വിമത വിഭാഗമായ ഹൂതികളുമായി സഹകരിച്ചു പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് അദ്ദേഹത്തെ അറസ്റ്റു ചെയ്തതെന്നു യമന്‍ ഔദ്യോഗിക സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഖത്തര്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥനായ മുഹ്സിന് അല്‍ കര്ബിയാണ് പിടിയിലായതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഹൂതികളുടെ ചര്‍ച്ചകള്‍ നടത്തിയ ശേഷം മഹ്റ ഡയറക്ടറേറ്റിലെ ചരക്ക് തുറമുഖം വഴി യമനില്‍ നിന്നും കടക്കുന്നതിനിടെയാണ് സൈന്യത്തിന്റെ പിടിയിലായത്. യമനും ഒമാനും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന തുറമുഖമാണ് ഇത്. ഇദ്ദേഹത്തിന്റെ അറസ്റ്റ് ഖത്തര്‍ സര്‍ക്കാരും സ്ഥിരീകരിച്ചതായി അല്‍ അറബിയെ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. യമനിലെ തന്റെ കുടുംബത്തെ സന്ദര്‍ശിച്ചു മടങ്ങുന്നതിനിടെയാണ് അദ്ദേഹത്തെ പിടി കൂടിയതെന്ന റിപ്പോര്‍ട്ടും പുറത്തു വന്നിട്ടുണ്ട്.
ഖത്തറുമായി ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്ന് യമനില്‍ യുദ്ധത്തിലേര്‍പ്പെട്ട സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യ സേനയില്‍ നിന്നും ഖത്തറിനെ പുറത്താക്കിയിരുന്നു. ഇതിനു ശേഷം ഹൂതി നേതാക്കളെ ലക്ഷ്യമാക്കി നടന്ന എല്ലാ സൈനിക ഓപ്പറേഷനുകളും വിജയകരമായിരുന്നുവെന്നും സഖ്യ സേന അടുത്തിടെ വിശദീകരിച്ചിരുന്നു. ഖത്തര്‍ സഖ്യ സേനയില്‍ ആയിരുന്ന കാലത്ത് പ്ലാന്‍ ചെയ്ത സൈനിക നീക്കങ്ങള്‍ പരാജയപ്പെടാനുള്ള പ്രധാന കാരണം സൈനിക നീക്കങ്ങള്‍ ഹൂതി നേതൃത്വത്തിന് ഖത്തര്‍ ചോര്‍ത്തി നല്‍കിയത് മൂലമായിരുന്നുവെന്നും സഖ്യ സേന വിശദീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."