അക്ഷയക്കും ഡ്യൂപ്ലിക്കേറ്റ്; നടപടി വേണമെന്നാവശ്യം
പനമരം: ഒടുക്കം പൊതുജനങ്ങള്‍ക്ക് സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ നല്‍കുന്ന അക്ഷയ കേന്ദ്രങ്ങള്‍ക്കും 'ഡ്യൂപ്ലിക്കേറ്റ് '. ഇത്തരം ബദല്‍ കേന്ദ്രങ്ങള്‍ ജില്ലയില്‍ വ്യാപകമായതായാണ് ആക്ഷേപം. ഇ- സേവനങ്ങള്‍ക്കായി അക്ഷയ കേന്ദ്രങ്ങള്‍ക്ക് ഐ.ടി മിഷന്‍ പ്രത്യേക യൂസര്‍ നെയിമും പാസ് വേഡും നല്‍കുന്നുണ്ട്. വ്യക്തികള്‍ക്ക് സ്വയം ഓണ്‍ലൈന്‍ അപേക്ഷകള്‍ നല്‍കാനായുള്ള പബ്ലിക് ലോഗ് ഇന്‍ സംവിധാനവുമുണ്ട്.
ഇത് ദുരുപയോഗം ചെയ്താണ് വ്യാജ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കേന്ദ്രങ്ങളുടെ സ്വീകാര്യത ഉറപ്പ് വരുത്താന്‍ അക്ഷയ കേന്ദ്രങ്ങളുടെ സമാനമായ ലോഗോ ഉപയോഗിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് കേന്ദ്രങ്ങള്‍ തട്ടിപ്പു നടത്തുന്നത്. സേവനങ്ങള്‍ക്ക് തോന്നും പോലെ ഫീസ് ഈടാക്കിയാണ് ഇത്തരം കേന്ദ്രങ്ങളെന്നും വ്യാപക പരാതിയുണ്ട്. പബ്ലിക് ലോഗ് ഇന്‍ സൗകര്യം വാണിജ്യാടിസ്ഥാനത്തില്‍ ദുരുപയോഗം ചെയ്യുന്ന വ്യാജ കേന്ദ്രങ്ങള്‍ക്കെതിരേ ഇതുവരെ യാതൊരു അന്വേഷണവും നടത്തിയിട്ടില്ല.
സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ചില സ്വകാര്യ ഏജന്‍സികളാണ് ഇതു വ്യാപകമാക്കുന്നത്. സംസ്ഥാന ഐ.ടി മിഷന്റെ കീഴില്‍ വ്യക്തമായ മാനദണ്ഡങ്ങളോടെ തുടങ്ങിയ സേവന കേന്ദ്രമാണ് അക്ഷയ. തദ്ധേശ സ്ഥാപനങ്ങള്‍ വഴിയാണ് ഐ.ടി മിഷന്‍ അക്ഷയ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ വിജ്ഞാപനമിറക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ് നല്‍കുന്നത്. കേന്ദ്ര സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള കോമണ്‍ സര്‍ട്ടിഫിക്കറ്റ് സെന്റര്‍ (സി.എസ്.സി) ലൈസന്‍സും അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ് നല്‍കുന്നത്. ഇതിന്റെയൊക്കെ സാധ്യത പബ്ലിക് ലോഗ് എന്ന പഴുതിലൂടെ മുതലെടുക്കുകയാണ് വ്യാജ കേന്ദ്രങ്ങള്‍. ഇത്തരം വ്യാജ കേന്ദ്രങ്ങള്‍ കോള്‍ ഭൂത്തുകളിലും ഫോട്ടോസ്റ്റാറ്റ് കടകളിലും ഇതിന്റെ പ്രവര്‍ത്തനം ഉണ്ടെന്നാണ് അറിയുന്നത്. ഇത്തരം കേന്ദ്രങ്ങള്‍ക്കെതിരേ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാവശ്യം ഇതോടെ ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."