മാനന്തവാടിയിലെ അനധികൃത നിര്‍മാണം; പ്രചാരണം വസ്തുതാ വിരുദ്ധമെന്ന്
കല്‍പ്പറ്റ: മാനന്തവാടി ടൗണില്‍ അനധികൃതമായി കെട്ടിടം നിര്‍മിച്ചെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് താല്‍കാലികമായി ഷെഡ് നിര്‍മിച്ചവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 100ലധികം ആളുകള്‍ക്ക് തൊഴില്‍ ലഭ്യമാക്കിയ 15 സെന്റ് സ്ഥലത്ത് താല്‍കാലികമായി പണിത ഷെഡ് വന്‍ നിര്‍മാണമാണെന്ന് തെറ്റിദ്ധാരണ പരത്തുന്ന തരത്തില്‍ പ്രചാരണം നടത്തുകയാണ്.
ഇത്തരം പ്രചാരണം ഉപജീവനത്തിനായി വ്യാപാരം നടത്തുന്നവരെ വഴിയാധാരമാക്കാന്‍ മാത്രമേ ഉപകരിക്കൂ. മാനന്തവാടിയില്‍ നിര്‍മിച്ച ഷെഡ് നിയമാനുസൃതം പ്ലാന്‍ നല്‍കി നിര്‍മിച്ചതാണ്. ചില നിക്ഷിപ്ത താല്‍പര്യക്കാരാണ് ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്ക് പിന്നിലുള്ളത്. മാനന്തവാടിയിലും മറ്റ് സ്ഥലങ്ങളിലും ഇത്തരത്തില്‍ ഷെഡ് നിര്‍മിച്ച് വ്യാപാരം ചെയ്യുന്നവര്‍ നിരവധിയുണ്ട്.
വാഹനം പാര്‍ക്കിങ് സ്ഥലത്തേക്ക് കയറ്റുന്നതിന് ആവശ്യമായ സംവിധാനം ചെയ്യേണ്ടത് പൊതുമരാമത്ത് വകുപ്പാണ്. റോഡില്‍ നിന്നും ഒന്നരയടി ഉയരത്തിലാണ് ഡ്രൈനേജ് സ്ലാബ് സ്ഥിതി ചെയ്യുന്നത്. വാട്ടര്‍ ക്ലോസറ്റും മഴ വെള്ളസംഭരണിയും നിലവിലുണ്ട്.
കുഴല്‍കിണര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേയുള്ളതാണ്. ഈ താല്‍ക്കാലിക ഷെഡില്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കുകയോ ഭക്ഷണം പാചകം ചെയ്യുകയോ ചെയ്യുന്നില്ല. താല്‍ക്കാലിക തട്ടുകടയെ ഹോട്ടലാക്കി പര്‍വതീകരിച്ച് കാണിക്കുകയാണ്.
ഒരു കൈയേറ്റവും നടത്താതെ സ്ഥലം വിലകൊടുത്ത് വാങ്ങി എല്ലാ ചട്ടങ്ങളും പാലിച്ച് നിയമാനുസൃതമായാണ് ഇവിടെ നിര്‍മാണം നടത്തിയത്. നിയമാനുസൃതമായ പാര്‍ക്കിങ് നിലവിലുണ്ട്. പൊതുമരാമത്ത് വകുപ്പ് റോഡില്‍ നിന്നും വാഹനങ്ങള്‍ കയറ്റാന്‍ സൗകര്യമൊരുക്കിയാല്‍ പാര്‍ക്കിങ് സാധ്യമാണ്. ചുമര്‍ കെട്ടി ഒരു നിര്‍മാണവും നടത്തിയിട്ടില്ല.
പൈപ്പുകളും ഷീറ്റും ഉപയോഗിച്ചാണ് നിര്‍മാണം നടത്തിയിട്ടുള്ളത്. അനധികൃത നിര്‍മാണം എന്ന് കാണിച്ച് തങ്ങള്‍ക്ക് മുനിസിപ്പാലിറ്റി അയച്ച നോട്ടീസിന് തിരുവനന്തപുരം ട്രൈബ്യൂണല്‍ കോടതിയില്‍ നിന്നും സ്റ്റേ സമ്പാദിച്ചിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തില്‍ ഇ.സി മുഹമ്മദ്, റഷീദ് നീലാംബരി, കെ ജാഫര്‍, കെ.എം സദാനന്ദന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."