ഇനി ജലയുദ്ധം
ഇടവം പാതി വര്‍ഷം
മിഥുനത്തില്‍ വെതനം
കര്‍ക്കിടത്തില്‍ ദുര്‍ഘടം
ചിങ്ങാറും ചീതലും
കന്നിയാറും കാതലും
തുലാം പത്തു കഴിഞ്ഞാല്‍
പിലാ പൊത്തിലും കിടക്കാം.
കേരളത്തിന്റെ വര്‍ഷക്കാലത്തിന് പഴമക്കാര്‍ നല്‍കുന്ന അനുമാനം ഇങ്ങനെയൊക്കെയായിരുന്നു. മീനവും മേടവും കഴിഞ്ഞെത്തുന്ന വേനല്‍ സൂര്യനാല്‍ വരണ്ട ഭൂമിയിലേക്ക് ഇടവം പകുതിയോടെ പെയ്യുന്ന മഴയോടെ ആറു മാസത്തെ വര്‍ഷക്കാലമായി. മിഥുനമഴയില്‍ കൃഷിയിറക്കിയ ശേഷമുള്ള വിതക്കാലം. തിരിമുറിയാത്ത കര്‍ക്കിടക മഴയില്‍ ജോലിക്കു പോവാന്‍ കഴിയാതെ ദുര്‍ഘടത്തിലാകും. ചിങ്ങത്തില്‍ ചീതല്‍ മഴയാണെങ്കില്‍ കന്നിയില്‍ കാതലുണ്ടാകും. തുലാം പത്തു കഴിഞ്ഞാല്‍ മഴയൊഴിയുന്നു. പിന്നെ പ്ലാവിന്റെ പൊത്തിലും കിടന്നുറങ്ങാം എന്നാണു നാടന്‍ ശീലിന്റെ പൊരുള്‍.
ആ നാട്ടുനടപ്പുകളൊക്കെ പഴങ്കഥയാകുന്നു. വരള്‍ച്ചയുടെ മുഖം കേട്ടുകേള്‍വി പോലുമില്ലാത്ത ഭീതിത രൂപത്തിലേക്കു വഴിമാറുന്നു. മലയാളി വരള്‍ച്ചയുടെ വറചട്ടിയിലേക്കു മൂക്കും കുത്തി വീഴുന്നു. ആറു മാസത്തെ മഴക്കാലം പേരിനു മാത്രം പെയ്‌തൊഴിഞ്ഞതോടെ കടുത്ത വേനലിന്റെ പിടിയിലമര്‍ന്നു. മനുഷ്യനും ജന്തുജാലകങ്ങളും വെള്ളത്തിനായുള്ള നെട്ടോട്ടം തുടങ്ങി. ഇ
നിയുള്ള യുദ്ധം ജലത്തിനു വേണ്ടിയായിരിക്കുമെന്ന പ്രവചനം
പുലരുകയാണ്.
65 ശതമാനം മേഖലകളും ജലക്ഷാമത്തിന്റെ പിടിയിലാണെന്നാണു സംസ്ഥാന ദുരന്തനിവാരണ കേന്ദ്രം നല്‍കുന്ന റിപ്പോര്‍ട്ട്. നാം നേരിടാന്‍ പോകുന്ന ജലക്ഷാമം അതിഭീകരമായിരിക്കുമെന്നാണ് ഈ വേനലാരംഭത്തില്‍ തന്നെ ലഭിക്കുന്ന സൂചന.
ഭൂപ്രകൃതിക്കു സംഭവിച്ച ദുരന്തത്തിന്റെ ഫലമാണ് വരള്‍ച്ച. കുന്നുകളും മലകളും ഇടിച്ചുനിരത്തി തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ടു നികത്തിയതിനുള്ള ഷോക്ക് ട്രീറ്റ്‌മെന്റ്. പുഴകളും തോടുകളും മലിനപ്പെടുത്തിയതിന് പ്രകൃതി അറിഞ്ഞു നല്‍കുന്ന കനത്തശിക്ഷ.
അമിതമായ മണല്‍ചൂഷണം മൂലം ആഴംകൂടിയ പുഴകളില്‍ നിന്നു കടലിലേക്കുള്ള നീരൊഴുക്ക് വേഗത്തിലായി. പെരുമഴയില്‍ പുഴനിറഞ്ഞാലും മണിക്കൂറുകള്‍ക്കകം ജലം കടലിലേക്കു പാഞ്ഞെത്തുന്നു. ഇതോടെ പുഴയുടെ അസ്ഥിപഞ്ജരം ബാക്കിയാകുന്നു. കൊടിയ വരള്‍ച്ചയും ശുദ്ധജല ക്ഷാമവും 44 നദികളുടെ നാടായ കേരളത്തിന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയാവുന്നു. അപ്പോള്‍ വരള്‍ച്ചയെ നേരിടാന്‍ അധികാരികള്‍ക്കുമാത്രം കഴിയുന്നതെങ്ങനെ...?
കാണാതാവുന്ന വയലുകളും കുന്നുകളും
നെല്‍വയലുകളും നീര്‍ത്തടങ്ങളും അനിയന്ത്രിതമായി നികത്തുന്ന കാഴ്ചയാണെങ്ങും. 1970ല്‍ ഉണ്ടായിരുന്ന 8.75 ലക്ഷം ഹെക്ടര്‍ നെല്‍പ്പാടങ്ങളില്‍ മുക്കാല്‍ ഭാഗവും കഴിഞ്ഞ 45 വര്‍ഷം കൊണ്ട് നികത്തിക്കഴിഞ്ഞു. 1970ല്‍ 96,687ഹെക്ടര്‍ നെല്‍വയലുണ്ടായിരുന്ന ആലപ്പുഴയിലിപ്പോള്‍ 23,000 ഹെക്ടറില്‍ താഴെ മാത്രമാണുള്ളത്. റിസോര്‍ട്ടുകളും ചെമ്മീന്‍കെട്ടുകളും വ്യവസായമായി വളര്‍ന്നതോടെ ജലമലിനീകരണം വഴി നെല്‍വയലുകളുടെ ആവാസവ്യവസ്ഥയ്ക്ക് കടുത്ത ഭീഷണിയുണ്ടായി. കോഴിക്കോട് 88, തിരുവനന്തപുരം70, ഇടുക്കി 68, മലപ്പുറം 60, കണ്ണൂര്‍ 80, കാസര്‍കോട് 70 ശതമാനം നെല്‍വയലുകളും നികത്തപ്പെട്ടു.
നെല്‍പ്പാടങ്ങള്‍ നാണ്യവിളകള്‍ക്കായി ഒരുക്കി പെട്ടെന്ന് ധനാഢ്യരാകാമെന്നു വ്യാമോഹിച്ച കുട്ടനാട്ടിലെ കര്‍ഷക മുതലാളിമാരാണ് എഴുപതുകളിലും എണ്‍പതുകളിലും വയല്‍ നശീകരണത്തിന് ആദ്യം വളമിട്ടത്. കുട്ടനാട്ടില്‍ എണ്‍പതുകളിലുണ്ടായ പ്രളയബാധയില്‍ 50,000 ഏക്കര്‍ കൃഷിയാണ് നശിച്ചത്.
പാടത്തു പണിയെടുക്കുന്ന കര്‍ഷക തൊഴിലാളിയുടെ തൊഴില്‍പ്രശ്‌നമായി ഇതിനെ കണ്ടതോടെ പരിസ്ഥിതി നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത ജനം മറന്നു. നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ നിയമം ഉണ്ടെങ്കിലും നിയമം കാറ്റില്‍ പറന്നു. വയലുകളില്‍ കെട്ടിടങ്ങള്‍ ഉയര്‍ന്നു. അതൊക്കെ വളര്‍ന്നു വികസിച്ചാണ് ഇന്നീ ദുരന്തമുഖങ്ങളിലേക്കു നാം എടുത്തെറിയപ്പെട്ടത്.
പെയ്‌തൊഴിയാത്ത മഴക്കാലം
കേരളത്തില്‍ മഴലഭ്യത ഏറ്റവും കുറഞ്ഞ വര്‍ഷമായിരുന്നു 2016. ഒരു വര്‍ഷം ശരാശരി ലഭിക്കേണ്ട മഴയില്‍ നിന്ന് 36.08 ശതമാനം കുറവാണു കഴിഞ്ഞ വര്‍ഷമുണ്ടായത്. 292.47 സെന്റീമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് ആകെ ലഭിച്ചത് 186.95 സെന്റീമീറ്റര്‍ മഴ മാത്രം. ഓരോ ചതുരശ്ര മീറ്ററിലും 1055.2 ലിറ്റര്‍ മഴയുടെ കുറവ്. ദുര്‍ബലമായ കാലവര്‍ഷത്തിനു പിറകെ തുലാവര്‍ഷവും ചതിച്ചു. തുലാവര്‍ഷത്തില്‍ മഴക്കുറവുണ്ടായത് 62 ശതമാനമാണ്.
ഒന്നര നൂറ്റാണ്ടിനിടയിലെ വലിയ വരള്‍ച്ച
കേരളത്തില്‍ ഒന്നര നൂറ്റാണ്ടിനിടയിലെ മഴലഭ്യത കുറഞ്ഞ വര്‍ഷമാണ് കടന്നുപോയത്. 1899, 1918ലുമാണ് ഇതിനു മുന്‍പ് ഏറ്റവും കുറഞ്ഞ വര്‍ഷമുണ്ടായത്. 1918ല്‍ 40 ശതമാനവും 1899ല്‍ 38 ശതമാനത്തിന്റെയും മഴക്കുറവുണ്ടായി. ഈ വര്‍ഷം 36.08 ശതമാനവും. 1870 മുതല്‍ കാലാവസ്ഥാ നിരീക്ഷകര്‍ തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കുറഞ്ഞ വാര്‍ഷിക മഴയാണ് 2016ല്‍ ലഭിച്ചത്.
വെള്ളം വെള്ളം സര്‍വത്ര തുള്ളി കുടിക്കാന്‍ ഇല്ലത്രെ
ഭൂമിയില്‍ കുടിക്കാന്‍ കൊള്ളാവുന്ന ജലത്തിന്റെ അളവ് കേവലം മൂന്നു ശതമാനം മാത്രമാണ്. ബാക്കിയുള്ളത് ഉപ്പുവെള്ളമാണ്. പുഴകളും തോടുകളും അരുവികളുമൊക്കെ ഒഴിച്ചുനിര്‍ത്തിയാല്‍ കൂടുതല്‍ പേരും ആശ്രയിക്കുന്നത് ഭൂഗര്‍ഭ ജലസ്രോതസുകളെയാണ്. 70 ശതമാനം പേരും കുടിവെള്ളത്തിനായി കിണറുകളെ ആശ്രയിക്കുന്നു. സി.ഡബ്ല്യു.ആര്‍.ഡി.എമ്മിന്റെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ 45 ലക്ഷം തുറന്ന കിണറുകളുണ്ട്. ഗ്രാമീണ മേഖലകളിലാണ് കിണറുകള്‍ കൂടുതലുള്ളത്. വേനല്‍ വരള്‍ച്ചയില്‍ വറ്റിവരളുന്ന കിണറുകളാണ് ഇവയിലേറെയും.
എന്നാല്‍ കിണറുകള്‍ ഇന്നു കുഴിച്ചുകുഴിച്ച് ആഴം കൂട്ടിയിട്ടും വെള്ളം കിട്ടാത്ത അവസ്ഥയാണ്. അതുകൊണ്ടാണ് സാധാരണ കിണറിനേക്കാള്‍ കേരളീയര്‍ കുഴല്‍ക്കിണറുകളെ ആശ്രയിക്കുന്നതും.
മാലിന്യം നിറയുന്ന ജലം
കേരളത്തിന്റെ തെക്കേയറ്റം മുതല്‍ വടക്കേയറ്റം വരെയുള്ള ജലാശയങ്ങളും പുഴകളുമെല്ലാം മലിനമാക്കപ്പെട്ടിരിക്കുന്നു. പ്ലാസ്റ്റിക്, കീടനാശിനി, രാസവളം, അറവുമാലിന്യം, ആശുപത്രി മാലിന്യം, ഇലക്ട്രോണിക് മാലിന്യം തുടങ്ങി മനുഷ്യവിസര്‍ജ്യം വരെ ജലാശയങ്ങളെ വിഴുങ്ങുന്നു. പുഴകളില്‍ മനുഷ്യമലത്തില്‍ നിന്നുണ്ടാകുന്ന ഇകോളി ബാക്ടീരിയകളുടെ സാന്നിധ്യം കടുത്തതായിരിക്കുന്നു.
ജലത്തെ പാവനമായി നാം കാണുമ്പോഴും അതില്‍ മതത്തിന്റെ ദര്‍ശനം കലര്‍ത്തുമ്പോഴും അപകടം വര്‍ധിക്കുന്നുണ്ട്. പുണ്യനദിയെന്നു വിശേഷിപ്പിക്കുന്ന പമ്പയിലെ അവസ്ഥ ദയനീയമാണ്. ജലലഭ്യത അറിഞ്ഞുള്ള ഉപയോഗമല്ല ഇവിടെ നടക്കുന്നത്.
അതുകൊണ്ടാണ് 2025 ആകുമ്പോഴേക്കും കേരളത്തിലെ ജലത്തിന്റെ ആവശ്യവും ലഭ്യതയും തമ്മില്‍ ഒന്നേകാല്‍ ലക്ഷം കോടി ലിറ്ററിന്റെ അന്തരം ഉണ്ടാവുമെന്നു കേരള കാര്‍ഷിക സര്‍വകലാശാല നടത്തിയ പഠനങ്ങള്‍ പറയുന്നത്. മഴലഭ്യതയുടെ അന്തരം, നീര്‍ത്തടങ്ങളുടെ നാശം, കുന്നുകളുടെ ഇടിച്ചുനിരത്തല്‍, വയല്‍ പ്രദേശങ്ങള്‍ നികത്തല്‍ തുടങ്ങി നിരവധി കാരണങ്ങള്‍ കുടിവെള്ള ക്ഷാമത്തിനു കാരണമാകുന്നുണ്ട്. വനം കൈയേറ്റം വ്യാപകമായതോടെ വനഭൂമി നശീകരണവും വര്‍ധിച്ചു.
കടലും കായലും വനവും തരിശും ചതുപ്പുമൊക്കെ നിയമത്തെപ്പോലും വെല്ലുവിളിച്ച് കച്ചവടച്ചരക്കാക്കി വിലയിടുന്നവരാണ് എങ്ങുമുള്ളത്. വനവും വന്യജീവികളും ഇവരുടെ ആയുധങ്ങള്‍ക്കും രാഷ്ട്രീയ ശക്തികള്‍ക്കും മുന്നില്‍ കീഴടങ്ങുകയാണ്. പ്രകൃതിക്കു നേരെയുള്ള എല്ലാവിധ കടന്നാക്രമണങ്ങള്‍ക്കും പിന്നില്‍ മനുഷ്യന്‍ മാത്രമാണ്. അവന്റെ അഹങ്കാരത്തിനുള്ള തിരിച്ചടിയാണ് പ്രകൃതി നല്‍കുന്ന കടുത്ത വേനലും മഴയില്ലാത്ത മഴക്കാലവും.
ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍
സ്വാതന്ത്ര്യത്തിനു മുന്‍പ് 220ല്‍പരം വന്‍കിട ഇടത്തരം ജലപദ്ധതികള്‍ ഇന്ത്യയില്‍ ഉണ്ടായിരുന്നുവെങ്കില്‍ ഇന്നത് 1000ലേറെയായി വളര്‍ന്നു. മനുഷ്യന്റെ ജല ഉപയോഗത്തിന്റെ ആധിക്യത്തെയാണ് ഈ കണക്ക് വ്യക്തമാക്കുന്നത്. കേരളത്തില്‍ ഒരാള്‍ക്ക് ഗാര്‍ഹികാവശ്യത്തിന് വേണ്ട ജലത്തിന്റെ അളവ് ഒരു ദിവസം 85 ലിറ്ററാണന്നാണ് പ്രാഥമിക പഠനം. 2050 ആകുമ്പോഴേക്കും അത് ദിവസം 170 ലിറ്റര്‍ ജലം എന്ന തോതില്‍ വേണ്ടിവരും.
മഴവെള്ള സംരക്ഷണത്തിനു ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ സംസ്ഥാനം ആവിഷ്‌കരിക്കേണ്ടിയിരിക്കുന്നു. ഭൂഗര്‍ഭ ജലനിരപ്പ് താഴ്ന്നുപോകുന്നതുമൂലം കിണറകളും കുളങ്ങളും വറ്റുന്നതില്‍നിന്ന് ഇതിനു പരിഹാരമാകും. വേനല്‍ വരള്‍ച്ച നേരിടാന്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിവഴി കിണറുകളെ റീ ചാര്‍ജ് ചെയ്യുന്ന ജലസുരക്ഷാ പദ്ധതി സര്‍ക്കാര്‍ ഈ വര്‍ഷം മുതല്‍ നടപ്പാക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍ 141 പഞ്ചായത്തുകളില്‍ സമ്പൂര്‍ണ കിണര്‍ റീ ചാര്‍ജ് പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവയെങ്കിലും ജലരേഖയാവാതിരുന്നെങ്കില്‍...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."