മഞ്ഞപ്പിത്തം പിടിപ്പെട്ടത് 450 വിദ്യാര്‍ഥികള്‍ക്ക്: തൃശൂര്‍ ഗവ. എന്‍ജി. കോളജ് ഹോസ്റ്റല്‍ ആരോഗ്യ വകുപ്പ് നിര്‍ദേശത്തെ തുടര്‍ന്ന് അടച്ചു
പരീക്ഷ ഒരു മാസത്തേക്ക് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് കോളജ് അധികൃതര്‍ വീണ്ടും യൂണിവേഴ്‌സിറ്റിയെ സമീപിച്ചു
തൃശൂര്‍: മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കുന്ന തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളജ് ഹോസ്റ്റല്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് അടച്ചു. ഇന്നലെ മെഡിക്കല്‍ കോളജിലെ കമ്യൂണിറ്റി ഹെല്‍ത്ത് മേധാവി ഡോ.ലീന കോശിയുടെ നേതൃത്വത്തിലുള്ള 25ഓളം വരുന്ന സംഘം കോളജിലും ഹോസ്റ്റുലകളിലും സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിലും പരിശോധന നടത്തിയിരുന്നു.
സംഘത്തിന്റെ ആവശ്യപ്രകാരമാണ് ഹോസ്റ്റല്‍ അനിശ്ചിതകാലത്തേക്ക് അടച്ചത്. അതേസമയം, ഹോസ്റ്റല്‍ അടച്ചതോടെ അവസാന വര്‍ഷ എഞ്ചി. വിദ്യാര്‍ഥികളുടെ പരീക്ഷ വീണ്ടും മാറ്റി വയ്ക്കണമെന്നാവശ്യപ്പെട്ട് കോളജ് അധികൃതര്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയെ സമീപിച്ചിട്ടുണ്ട്. ഏപ്രില്‍ 27ന് തുടങ്ങേണ്ടിയിരുന്ന പരീക്ഷ കോളജിന്റെ ആവശ്യപ്രകാരം ഈ മാസം ഏഴിലേക്ക് മാറ്റിയുന്നു. എന്നാല്‍ 450ഓളം കുട്ടികള്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഈ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്‌ക്കെത്താന്‍ കഴിയില്ല. രോഗം മാറിയ കുട്ടികള്‍ ഹോസ്റ്റലില്‍ ഇനിയും താമസിക്കുന്നതിനും തയാറുമല്ല.
ഈ സാഹചര്യത്തില്‍ ഒരു മാസത്തേക്കെങ്കിലും പരീക്ഷ മാറ്റി വയ്ക്കണമെന്നാണ് കോളജ് അധികൃതരുടെ ആവശ്യം. ഇക്കാര്യത്തില്‍ അനുകൂല നിലപാടുണ്ടാകുമെന്നാണ് കോളജ് അധികൃതരും വിദ്യാര്‍ഥികളും പ്രതീക്ഷിക്കുന്നത്. ഒന്ന്, രണ്ട് വര്‍ഷ വിദ്യാര്‍ഥികളുടെ പരീക്ഷ നേരത്തെ കേരളാ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി മാറ്റി വെച്ചിരുന്നു. മൂന്നാം വര്‍ഷം വരേയുള്ള വിദ്യാര്‍ഥികള്‍ കേരളാ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ കീഴിലാണ് വരുന്നത്. മൂന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ പരീക്ഷ മെയ് അവസാനമാണ്.
നേരത്തെ രോഗം കണ്ടെത്തിയ ഉടനെ കോളജ് അധികൃതര്‍ ഹോസ്റ്റല്‍ അടച്ചിരുന്നെങ്കിലും വിദ്യാര്‍ഥികള്‍ വീണ്ടുമെത്തിയതോടെ ക്ലോറിനേഷന്‍ നടത്തി വീണ്ടും തുറന്നുകൊടുക്കുകയായിരുന്നു. ഇതാണ് കൂടുതല്‍ കുട്ടികളിലേക്ക് രോഗം പടരുന്നതിന് ഇടയാക്കിയത്. ക്ലോറിനേഷന്‍ നടത്തി വീണ്ടും ഹോസ്റ്റല്‍ തുറന്ന് കൊടുത്തെങ്കിലും പതിറ്റാണ്ടുകളുടെ പഴക്കമുള്ള സെപ്റ്റിക് ടാങ്കിന്റെ പൈപ്പുകളിലെ ചോര്‍ച്ച മാറ്റാനൊ പുനസ്ഥാപിക്കാനൊ അധികൃതര്‍ തയാറായിരുന്നില്ല.
കക്കൂസ് മാലിന്യം വീണ്ടും കിണറില്‍ കലരാന്‍ ഇടയായതോടെ അസുഖം പടര്‍ന്നു പിടിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. എന്നാല്‍, കിണര്‍വെള്ളത്തില്‍ നിന്നാണോ കുട്ടികള്‍ക്ക് രോഗം പിടിപെട്ടത് എന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യം വ്യക്തമാകാനായി കിണറില്‍ നിന്ന് ഇന്നലെ ആരോഗ്യ സംഘം വെള്ളം ശേഖരിച്ചിട്ടുണ്ട്. ഡോക്ടര്‍മാരും നഴ്‌സുമാരും മെഡിക്കല്‍ വിദ്യാര്‍ഥികളുമടക്കം മൂന്ന് സംഘമായി തിരിഞ്ഞാണ് പരിശോധന നടത്തിയത്.
ആര്‍.ആര്‍.ടി മീറ്റിംഗിന്റെ നിര്‍ദേശങ്ങളനുസരിച്ച് പ്രിന്‍സിപ്പില്‍ കൈകൊള്ളേണ്ട നിയന്ത്രണപ്രവര്‍ത്തികളും തുടര്‍പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടുന്ന നിര്‍ദേശം സംഘം കോളജ് അധികൃതര്‍ക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."