കൊണ്ടോട്ടി നഗരസഭ സ്ഥിരംസമിതി തെരഞ്ഞെടുപ്പ്: വികസനസമിതി യു.ഡി.എഫിന്; ക്ഷേമകാര്യം ഇടതുപക്ഷം നിലനിര്‍ത്തി
കൊണ്ടോട്ടി: നഗരസഭയില്‍ രണ്ട് സ്ഥിരംസമിതികളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫും എല്‍.ഡി.എഫും ഒരോന്ന് വീതം നേടി. വികസനസമിതിയില്‍ യു.ഡി.എഫ് നേട്ടം കൈവരിച്ചപ്പോള്‍ ക്ഷേമകാര്യസമിതി ഇടതുപക്ഷം നിലനിര്‍ത്തി. വികസനകാര്യ സ്ഥിരസമിതി അധ്യക്ഷനായി യു.കെ മമ്മദിശയെയും ക്ഷേമകാര്യ അധ്യക്ഷയായി ഇ. നഫീസയെയും തെരഞ്ഞെടുക്കും. മതേതരമുന്നണിയില്നിന്ന് യു.ഡി.എഫ് അധികാരം പിടിച്ചെടുത്തതിന് ശേഷമുള്ള സ്ഥിരസമിതി തെരഞ്ഞെടുപ്പാണിത്.
സ്ഥിരസമിതി അംഗങ്ങളെ കണ്ടെത്തുന്നതിനുള്ള തെരഞ്ഞെടുപ്പാണ് ഇന്നലെ നടന്നത്. ആകെ 16 ഒഴിവുകളാണ് നഗരസഭയിലുള്ളത്. ഇതില്‍ ധനകാര്യത്തിലേക്ക് മത്സരിച്ച മൂന്ന് പേരും മത്സരമില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാഭ്യാസം, ആരോഗ്യം എന്നിവയിലെ ഓരോ സീറ്റും മത്സരമില്ലാതെ നികത്തി. വികസനത്തിലും ക്ഷേമകാര്യത്തിലും ഒഴിവുള്ള നാലു സീറ്റുകളിലേക്ക് അഞ്ചു പേര് മത്സരിച്ചു.
തെരഞ്ഞെടുപ്പില്‍ വികസനസമിതി യു.ഡി.എഫും ക്ഷേമകാര്യം എല്‍.ഡി.എഫും ഓരോ വോട്ടിന് നേടി. വികസനകാര്യത്തില്‍ യു.ഡി.എഫിന്റെ രണ്ട് വോട്ടുകള്‍ അസാധുവായി. ബാലറ്റില്‍ ഒപ്പിടാതെയും വെട്ടിത്തിരുത്തിയുമാണ് അസാധുവായത്. യു.ഡി.എഫിന്റെ ഒരു വോട്ട് എല്‍.ഡി.എഫിന് ലഭിക്കുകയും ചെയ്തു. ഒഴിവുള്ള സീറ്റുകളിലേക്ക് എട്ടിന് വീണ്ടും തെരഞ്ഞെടുപ്പ് നടക്കും. നിലവില്‍ സി.പി.ഐയുടെ കെ.കെ സമദ് ആണ് വികസന സ്ഥിരം സമിതി അധ്യക്ഷന്‍. അധ്യക്ഷന്‍ രാജിവച്ചില്ലെങ്കില്‍ അവിശ്വാസം കൊണ്ടുവരാനാണ് യു.ഡി.എഫ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."