ചന്ദനമരങ്ങള്‍ സംരക്ഷിക്കാന്‍ വനം വകുപ്പും ഭൂവുടമകളും തലപുകയ്ക്കുന്നു
തൊടുപുഴ: മറയൂരില്‍ ചന്ദന മാഫിയ വീണ്ടും പിടിമുറുക്കിയ സാഹചര്യത്തില്‍ ചന്ദനമരങ്ങള്‍ സംരക്ഷിക്കാന്‍ വനം വകുപ്പും ഭൂവുടമകളും തലപുകയ്ക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മറയൂര്‍ ടൗണ്‍ ഭാഗത്തു പൊലിസ് സ്റ്റേഷനോടു ചേര്‍ന്ന വീട്ടുവളപ്പ്, പൊതുമരാമത്തു വകുപ്പ് സെക്ഷന്‍ ഓഫിസിന്റെ മുന്‍വശം എന്നിവിടങ്ങളില്‍നിന്ന് ഓരോ ചന്ദനമരം മോഷണംപോയിരുന്നു.
ഇതു കൂടാതെ നാച്ചിവയല്‍ ചന്ദന റിസര്‍വില്‍നിന്നു വനം വകുപ്പിലെ താല്‍ക്കാലിക വാച്ചര്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നു ചന്ദനമരത്തിന്റെ വേര് മാന്തി കടത്താനും ശ്രമിച്ചിരുന്നു. മറയൂരില്‍ ചന്ദന മാഫിയ വീണ്ടും പിടിമുറുക്കുന്നതിന്റെ ലക്ഷണമാണ് ഇതെന്നു പറയുന്നു. ഇതിനെ പ്രതിരോധിക്കാനും രാത്രിയില്‍ പെട്ടെന്നു വന്നു മരം മുറിച്ചു കടത്താതിരിക്കാനുമാണു നാട്ടുകാരുടെ ശ്രമം. ചന്ദനമരം മോഷ്ടിക്കാതിരിക്കാന്‍ മരത്തിന്റെ ചുറ്റും ഒരാള്‍ പൊക്കത്തില്‍ കരിങ്കല്ലു കൂട്ടിയിട്ടു സംരക്ഷിക്കുകയാണ് പൊലിസ് സ്റ്റേഷന് 20 മീറ്റര്‍ മാത്രം അകലെ താമസിക്കുന്ന ജയരാജ്. മറയൂര്‍ ഫോറസ്റ്റ് സ്റ്റേഷന്റെ കീഴിലുള്ള മറയൂര്‍ ടൗണില്‍ സ്ഥിതിചെയ്യുന്ന ക്വാര്‍ട്ടേഴ്‌സിന്റെ മുന്‍വശത്തു നില്‍ക്കുന്ന ചന്ദനമരമാണ് മോഷ്ടാക്കളെ ഭയന്നു ചുറ്റും കമ്പിവേലി കെട്ടി സുരക്ഷിതമാക്കിയിരിക്കുന്നത്. സ്വകാര്യഭൂമിയില്‍ നില്‍ക്കുന്ന ഉണങ്ങിയ ചന്ദനമരങ്ങള്‍ നിയമപരമായി സര്‍ക്കാര്‍ മുഖാന്തരം ശേഖരിക്കുന്നതിനു നൂലാമാലകള്‍ ഏറിയതാണ് മോഷണം വര്‍ധിക്കാന്‍ കാരണമെന്നു പറയുന്നു. സ്വകാര്യഭൂമിയില്‍ നില്‍ക്കുന്ന ചന്ദനമരം ഉണങ്ങിയാല്‍പോലും നിയമപരമായി ശേഖരിക്കാന്‍ വൈകുന്നതു മോഷ്ടാക്കള്‍ക്കു ഗുണം ചെയ്യുന്നതായും ആക്ഷേപമുണ്ട്.
സെറ്റില്‍മെന്റ് പട്ടയം സിദ്ധിച്ച സ്ഥലത്തു നില്‍ക്കുന്ന ചന്ദനമരങ്ങളില്‍ മാത്രമേ ഭൂവുടമയ്ക്ക് അവകാശം ലഭിക്കൂ. അതും ബന്ധപ്പെട്ട ആര്‍.ഡി.ഒയില്‍നിന്നു സാക്ഷ്യപത്രം വാങ്ങി ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസില്‍ സമര്‍പ്പിച്ചാല്‍ വനം വകുപ്പില്‍നിന്ന് ഉദ്യോഗസ്ഥര്‍ വന്നു പരിശോധന നടത്തി അതിനു മാര്‍ക്കിങ് നമ്പര്‍ രേഖപ്പെടുത്തി മഹസര്‍ തയാറാക്കി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പിഴുതെടുത്തു ലേലത്തില്‍ വില്‍ക്കും. ലേലത്തില്‍ ലഭിക്കുന്ന തുകയുടെ 30 ശതമാനം വനം വകുപ്പ് എടുത്ത് ബാക്കിയുള്ള 70 ശതമാനം ഭൂവുടമയ്ക്കു ലഭിക്കും. സെറ്റില്‍മെന്റ് പട്ടയത്തിലുള്ള ഭൂരിഭാഗം ചന്ദനമരങ്ങളും രേഖകള്‍ ശരിയാക്കി ഭൂവുടമകള്‍ വനം വകുപ്പില്‍ നല്‍കിയിരുന്ന ചന്ദനമരങ്ങള്‍ വിറ്റു കാശാക്കി.എന്നാല്‍, മറയൂര്‍ മേഖലയില്‍ കൈവശഭൂമിയിലും ഭൂപതിവു പട്ടയത്തിലും നില്‍ക്കുന്ന ചന്ദനമരങ്ങള്‍ക്ക് ഭൂവുടമയ്ക്കു യാതൊരു അധികാരവുമില്ല. അതിനാല്‍ത്തന്നെ ഇത്തരത്തിലുള്ള ഭൂവുടമകള്‍ ചന്ദനം സംരക്ഷിക്കാനോ ഇതിനായി മിനക്കെടാനോ തയാറാവാറില്ല. ഇത് മോഷ്ടാക്കള്‍ക്കു ഗുണം ചെയ്യുന്നുണ്ട്. ഇപ്പോള്‍ ഇത്തരത്തിലുള്ള സ്ഥലങ്ങളില്‍ നില്‍ക്കുന്ന ചന്ദനമരങ്ങളില്‍ മോഷ്ടാക്കള്‍ കണ്ണുവച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."