തദ്ദേശസ്ഥാപന അധ്യക്ഷന്‍മാരുടെ യോഗം 11ന്: പഴശ്ശി ജലസേചനപദ്ധതി ഇനി നോക്കുകുത്തിയാവില്ല
കണ്ണൂര്‍: പഴശ്ശി ജലസേചന പദ്ധതി കനാലുകളിലൂടെ ജലവിതരണം പുനരാരംഭിക്കുകയും കാര്‍ഷിക മേഖലയുമായി അതിനെ ബന്ധിപ്പിക്കുന്നതിനുമായി ഹരിതകേരളം മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്ക് ജലസേചന വകുപ്പ് തയാറെടുക്കുന്നു.
അടുത്ത വേനലില്‍ പഴശ്ശി കനാലുകളിലൂടെ സുഗമമായ ജലവിതരണം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ ഇതിനായി അഞ്ചുകോടി രൂപ വകയിരുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ മിഷന്‍ മോണിറ്ററിങ് ടീമംഗങ്ങളും ഹരിതകേരളം സംസ്ഥാന കണ്‍സള്‍ട്ടന്റും ചീഫ് എന്‍ജിനിയറുമടങ്ങുന്ന സംഘം കഴിഞ്ഞയാഴ്ച പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.
വിദഗ്ദ്ധ വിഭാഗങ്ങളുമായും ജലസേചനവകുപ്പ് ഉദ്യോഗസ്ഥരുമായും സംഘം ചര്‍ച്ച നടത്തി. ഇതിന്റെ തുടര്‍ച്ചയായാണ് ജില്ലയില്‍ പഴശ്ശി കനാലുകള്‍ കടന്നുപോകുന്ന പഞ്ചായത്ത് നഗരസഭകളുടെ അധ്യക്ഷന്‍മാരുമായി ചര്‍ച്ച നടത്തുന്നത്. മെയ് 11ന് വൈകിട്ട് 4ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ വച്ച് ഉന്നതതല സംഘം ചര്‍ച്ച നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ് ചര്‍ച്ചക്ക് നേതൃത്വം നല്‍കുക. കനാലുകളുടെ അറ്റകുറ്റപ്പണി, പദ്ധതി പ്രദേശങ്ങളിലെ കൈയേറ്റം ഒഴിപ്പിക്കല്‍, പ്രവര്‍ത്തനങ്ങളില്‍ തൊഴിലുറപ്പു പദ്ധതിയെ പ്രയോജ നപ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. പഴശ്ശി കനാലിന്റെ ഭാഗമായ തരിശുഭൂമിയില്‍ ഫല വൃക്ഷത്തോട്ടങ്ങള്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്. 24 പഞ്ചായത്തുകളിലൂടെയും ആറ് നഗരസഭകളിലൂടെയുമാണ് കനാലുകള്‍ കടന്നുപോകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."