കമ്യൂണിസ്റ്റ് നേതാക്കള്‍ ഫാസിസ്റ്റ് മനോവൈകൃതം ബാധിച്ചവര്‍: വി.ടി ബല്‍റാം എം.എല്‍.എ
കൂറ്റനാട്: കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍ ഫാസിസ്റ്റ് മനോവൈകൃതം ബാധിച്ചവര്‍ ആണെന്നും അതുകൊണ്ടാണ് ചോദ്യശരങ്ങള്‍ ഉയരുമ്പോള്‍ അസഹിഷ്ണുത പ്രകടിപ്പിച്ച് തങ്ങള്‍ക്ക് നേരെ ആക്രോശിക്കുന്നതെന്നു വി.ടി ബല്‍റാം എം.എല്‍.എ പറഞ്ഞു. തൃത്താല നിയോജകമണ്ഡലം യു.ഡി.എഫ് കമ്മറ്റി കൂറ്റനാട് സെന്ററില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാലായിരം പൊലിസുകാരുടെ പിന്‍ബലത്തില്‍ മംഗലാപുരത്ത് സംഘപരിവാറിനെ വെല്ലുവിളിച്ചയാള്‍ക്ക് നിയമസഭയില്‍ പ്രതിപക്ഷ എം.എല്‍.എമാരുടെ ചോദ്യശരങ്ങള്‍ക്കു മുന്നില്‍ സഹിഷ്ണുത പ്രകടിപ്പിക്കാന്‍ കഴിയാതെ പോകുന്നത് ചക്രവര്‍ത്തി മനോഭാവം കൊണ്ട് മാത്രമാണ്. ആരാലും ചോദ്യം ചെയ്യപ്പെടാതെ 15 വര്‍ഷം പാര്‍ട്ടി സെക്രട്ടറിയായി തുടര്‍ന്നയാള്‍ക്ക് മുഖ്യമന്ത്രി പദത്തില്‍ ഇരിക്കുമ്പോള്‍ പോലും അതെ പരിഗണന ലഭിക്കണമെന്ന് ആഗ്രഹിക്കുന്നത് വിവേകമില്ലായ്മയാണ്. പാര്‍ട്ടി സെക്രട്ടറിക്ക് കീഴില്‍ പഞ്ചപുച്ഛമടക്കി അണിനിരന്ന ഏഴാം കൂലികളായ നേതാക്കളല്ല പ്രതിപക്ഷത്തിരിക്കുന്നത്. പിണറായി വിജയന്റെ കണ്ണുരുട്ടലില്‍ വിരണ്ടു പോകുന്നവരല്ല പ്രതിപക്ഷ എം.എല്‍.എമാരെന്നും ബല്‍റാം പറഞ്ഞു.
ഒരു ജനപ്രതിനിധിയെ തന്റെ മണ്ഡലത്തില്‍ കാലു കുത്താന്‍ അനുവദിക്കില്ലെന്ന് തിട്ടൂരം പറയുന്ന കമ്യൂണിസ്റ്റ് യുവജന സംഘടനക്കും സംഘ്പരിവാറിനും ഒരേ സ്വരമാണെന്നും വി.ടി ബല്‍റാം കൂട്ടിച്ചേര്‍ത്തു.
ഡി.സി.സി മുന്‍ പ്രസിഡന്റ് സി.വി ബാലചന്ദ്രന് യോഗം ഉദ്ഘാടനം ചെയ്തു. പി.ഇ. സലാം മാസ്റ്റര്‍, സി.ടി സൈതലവി, എസ്.എം.കെ. തങ്ങള്‍, സി.എം അലി മാസ്റ്റര്‍, ബാലകൃഷ്ണന്, പി ബാലന്, കെ.പി മുഹമ്മദ്, മാധവദാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."