ഹവായിയില്‍ ശക്തമായ ഭൂചലനം
ഹോനോലുലു: അഗ്നിപര്‍വതം സ്‌ഫോടനത്തെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച യു.എസ് സംസ്ഥാനം ഹവായിയില്‍ വീണ്ടും ശക്തമായ ഭൂചലനങ്ങള്‍. റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അഗ്നിപര്‍വതത്തിന്റെ തെക്കുകിഴക്കു ഭാഗങ്ങളിലായി ഇന്നലെ അനുഭവപ്പെട്ടത്. 1975നു ശേഷം ഹവായിയിലുണ്ടാകുന്ന ഏറ്റവും ശക്തമായ ഭൂചലനമാണിത്. അതേസമയം, മേഖലയില്‍ സുനാമി ഭീഷണി നിലനില്‍ക്കുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഭൂചലനത്തെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതിബന്ധം തകര്‍ന്നിട്ടുണ്ട്.
അതിനിടെ, അഗ്നിപര്‍വ സ്‌ഫോടനവും ലാവാ പ്രവാഹവും ശക്തമായി തന്നെ തുടരുകയാണ്. 30 മീറ്റര്‍ ഉയരത്തില്‍ വരെ ലാവ പുറത്തേക്കു പ്രവഹിക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ ആഘാതത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. പ്രദേശത്ത് അവശേഷിക്കുന്ന ജനങ്ങളോടും എത്രയും പെട്ടെന്ന് ഒഴിഞ്ഞുപോകാന്‍ സിവില്‍ ഡിഫന്‍സ് ഏജന്‍സി കര്‍ശന നിര്‍ദേശം നല്‍കി.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഹവായി ദ്വീപിലെ അഗ്നിപര്‍വതങ്ങളിലൊന്നായ ഉള്‍പ്പെട്ട കിലവെയ്യ വന്‍തോതില്‍ ലാവയും പുകയും പുറന്തള്ളി പൊട്ടിത്തെറിച്ചത്. ഇതിനു മുന്‍പ് പ്രദേശത്ത് നിരവധി തവണ നേരിയ തോതില്‍ നൂറോളം തവണ ഭൂചലനമുണ്ടായിരുന്നു. തുടര്‍ന്ന് പ്രദേശത്തെ ജനങ്ങളെ സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. വിഷവാതകമായ സള്‍ഫര്‍ ഡയോക്‌സൈഡ് അപകടകരമായ തോതില്‍ ഇപ്പോഴും അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇതുമൂലം, രക്ഷാപ്രവര്‍ത്തനവും ഭാഗികമായി തടസപ്പെട്ടിരിക്കുകയാണ്. അഗ്നിപര്‍വ മേഖലകളില്‍ അകപ്പെട്ട പലരെയും രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കായിട്ടില്ല. സംഭവത്തില്‍ ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സ്ഥിരം അഗ്നിപര്‍വത മേഖലയാണ് ഹവായ് ദ്വീപ്. ദ്വീപിലെ അഞ്ച് വന്‍ അഗ്നിപര്‍വതങ്ങളില്‍ 'സജീവ' വിഭാഗത്തില്‍പെട്ടതാണ് കിലവെയ്യ. ഹവായി നാഷനല്‍ ഗാര്‍ഡിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. ദേശീയ സൈന്യത്തിന്റെ സേവനവും ഹവായി അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രദേശത്തുനിന്ന് ഒഴിപ്പിച്ചവര്‍ക്കായി രണ്ട് കമ്മ്യൂണിറ്റി സെന്ററുകളാണു താല്‍ക്കാലികമായി തുറന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."