ഡബ്ല്യു.എം.ഒയുടെ കൈപ്പിടിച്ച് ദാമ്പത്യത്തിലേക്ക് പ്രവേശിച്ചത് 1806 പേര്‍: മതമൈത്രിയുടെ മഹനീയ മാതൃക: മുനവ്വറലി ശിഹാബ് തങ്ങള്‍
മുട്ടില്‍: വയനാട് മുസ്‌ലിം ഓര്‍ഫനേജ് സംഘടിപ്പിച്ച 14ാമത് സ്ത്രീധന രഹിത വിവാഹസംഗമം ഓര്‍ഫനേജ് അങ്കണത്തില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
ഡബ്ല്യു.എം.ഒ വിവാഹസംഗമം മതമൈത്രിയുടെ മഹനീയ മാതൃകയാണെന്നും കാലിക പ്രസക്തമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങി നിരവധി സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ പങ്കെടുത്തു. ഹിന്ദു, മുസ്‌ലിം കുടുംബങ്ങളില്‍ നിന്നുള്ള 100 യുവതീ യുവാക്കളാണ് വിവാഹിതരായത്.
ഇതോടെ ഡബ്ല്യു.എം.ഒ വിവാഹസംഗമങ്ങളിലൂടെ 1806 പേരെ ദാമ്പത്യത്തിലേക്ക് നയിച്ചു. ഡബ്ല്യു.എം.ഒ ജിദ്ദ ഹോസ്റ്റലില്‍ അഞ്ച് ഹൈന്ദവ സഹോദരിമാര്‍ കതിര്‍മണ്ഡപത്തില്‍ വിവാഹിതരായി. കരുവാരക്കുണ്ട് സമന്വയാശ്രമം ഗുരു സ്വാമി ആത്മദാസ് യമി മുഖ്യാതിഥിയായിരുന്നു. ഇത്തരം വേദികള്‍ ഏറെ പ്രസക്തമാണെന്നും പതിനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഇത് ആരംഭിച്ചുവെന്നത് ശ്ലാഘനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സന്യാസ വ്രതത്തേക്കാള്‍ മഹത്തരമാണ് വിവാഹജീവിത വ്രതമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശരിയായ മതപഠനവും ധര്‍മപഠനവും അനിവാര്യമാണെന്നും മതം ഗുണകാംക്ഷയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, സ്വാമിനി പ്രേം വൈശാലി(അപൂര്‍വാശ്രമം, കണ്ണൂര്‍), എന്‍.ഡി അപ്പച്ചന്‍, കുമാരന്‍ മാസ്റ്റര്‍, ടി.സി ഗോപിനാഥ്, ഇബ്രാഹീം എളേറ്റില്‍, ഡോ. കെ.ടി അഷ്‌റഫ്, ഡോ. ടി.എ അബ്ദുല്‍ മജീദ്(രജിസ്ട്രാര്‍, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി) എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ജില്ലാ പഞ്ചായത്തംഗം എ ദേവകി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍, മില്‍മ ചെയര്‍മാന്‍ പി.ടി ഗോപാലക്കുറുപ്പ്, കെ.എല്‍ പൗലോസ്, മോഹനന്‍ മാസ്റ്റര്‍, ഡോ. യു സൈതലവി, കെ.കെ ഹംസ, സാബിറ അബൂട്ടി, കെ.ഇ റഊഫ്, ചന്ദ്രന്‍, ന്യൂട്ടണ്‍, പി.പി.എ ഖാദര്‍, അണിയാരത്ത് മമ്മൂട്ടി ഹാജി, കെ അഹ്മദ് മാസ്റ്റര്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.
ഈശ്വരന്‍ നമ്പൂതിരി കല്‍പ്പറ്റ കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഡബ്ല്യു.എം.ഒയിലെ വിജിഷയ്ക്ക് മുള്ളന്‍കൊല്ലിയിലെ വിജീഷാണ് താലി ചാര്‍ത്തിയത്.
വൈസ് പ്രസിഡന്റ് പി.കെ അബൂബക്കര്‍ പരിപാടിക്ക് സ്വാഗതം പറഞ്ഞു. നികാഹിന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഡബ്ല്യു.എം.ഒ പ്രസിഡന്റ് കെ.കെ അഹമ്മദ് ഹാജി അധ്യക്ഷനായി.
ജനറല്‍ സെക്രട്ടറി എം.എ മുഹമ്മദ് ജമാല്‍ സന്ദേശം നല്‍കി. പി.കെ കുഞ്ഞാലിക്കുട്ടി എം.പി, എം.ഐ ഷാനവാസ് എം.പി, മജീദ് മണിയോടന്‍, ഖാദര്‍ ചെങ്കള സംസാരിച്ചു.
കെ.ടി ഹംസ മുസ്‌ലിയാര്‍ ഉല്‍ബോധന പ്രസംഗം നടത്തി. റാഷിദ് ഗസ്സാലി കൂളിവയല്‍ ഖുതുബ നിര്‍വഹിച്ചു.
ഹാഫിള് നിഅ്മത്തുല്ല ബീഹാര്‍ ഖിറാഅത്ത് നടത്തി. എം.ബി.ബി.എസ് ബിരുദം നേടിയ ഡബ്ല്യു.എം.ഒ വിദ്യാര്‍ഥി അസ്ഹര്‍ മീനങ്ങാടിയ്ക്ക് സൗദി ഖമീസ് മുഷെയ്ത്ത് ചാപ്റ്ററിന്റെ ഉപഹാരം മുനവ്വറലി ശിഹാബ് തങ്ങള്‍ കൈമാറി.
കരീം ഹാജി(ബഹറൈന്‍), മൊയ്തീന്‍ കുട്ടി, ഹമീദ് മരുതൂര്‍, ഹസന്‍ ഹാജി, മുസ്തഫ പൊഴുതന(ഖത്തര്‍), മഹ്മൂദ് കണ്ണൂര്‍(ദുബൈ), അയ്യൂബ്, അക്ബര്‍, ആലിക്കുട്ടി ഹാജി(കുവൈത്ത്), ലത്തീഫ് മാനന്തവാടി(ഒനൈസ), റഷീദ്, കുഞ്ഞിമോന്‍, കബീര്‍(ഖമീസ് മുഷെയ്ത്ത്), ഖാദര്‍ ചെങ്കള(ദമാം), ഇബ്രാഹീം കുപ്പാടിത്തറ(മസ്‌കത്ത്), റസാഖ് കല്‍പ്പറ്റ(സലാല), ഡബ്ല്യു.എം.ഒ കമ്മിറ്റി അംഗങ്ങള്‍, വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങള്‍, ജനറല്‍ ബോഡി മെമ്പര്‍മാര്‍ പങ്കെടുത്തു.
ജോയിന്റ് സെക്രട്ടറിമാരായ മായന്‍ മണിമ സ്വാഗതവും മുഹമ്മദ് ഷാ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
പൊതുസമ്മേളന വേദിയില്‍ വച്ചാണ് നിക്കാഹുകള്‍ നടന്നത്. എല്ലാ നികാഹുകളും ഒരുമിച്ചു നടത്താന്‍ പറ്റുന്ന വിധത്തിലായിരുന്നു പന്തല്‍ സജ്ജീകരിച്ചത്. ഡബ്ല്യു.എം.ഒയുടെ സംരക്ഷണത്തിലുള്ള 10 പേര്‍ സംഗമത്തില്‍ വിവാഹിതരായി.
ഇവരില്‍ ഫാത്തിമ നിസാറ തോല്‍പ്പെട്ടി-ഷംസുദ്ദീന്‍ കാട്ടിക്കുളം ദമ്പതികളുടെ വിവാഹത്തിന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും, മറ്റു നികാഹുകള്‍ക്ക് കെ.ടി ഹംസ മുസ്‌ലിയാര്‍, കെ.പി അഹ്മദ് കുട്ടി ഫൈസി, എസ് മുഹമ്മദ് ദാരിമി, മഹല്ല് ഖത്തീബുമാര്‍ എന്നിവരും നേതൃത്വം നല്‍കി.
വനിതകള്‍ക്ക് വേണ്ടി നടന്ന പ്രത്യേക ചടങ്ങുകളുടെ ഉദ്ഘാടനം അഡ്വ. നൂര്‍ബിന റഷീദ് നിര്‍വഹിച്ചു. ഖമറുന്നിസ അന്‍വര്‍ അധ്യക്ഷനായി. 7000 പേര്‍ക്കിരിക്കാവുന്ന പന്തലാണ് സ്ത്രീകള്‍ക്ക് വേണ്ടി ഒരുക്കിയിരുന്നത്.
വയനാട് ജില്ലാ പഞ്ചായത്തംഗം കെ.ബി നസീമ സ്വാഗതവും ഡബ്ല്യു.എം.ഒ വിദ്യാര്‍ഥിനി നന്ദിയും പറഞ്ഞു. ഡബ്ല്യു.എം.ഒ വിദ്യാര്‍ഥികള്‍, കഴിഞ്ഞ വിവാഹസംഗമങ്ങളില്‍ വിവാഹിതരായ വധൂവരന്മാര്‍, അവരുടെ കുടുംബങ്ങള്‍, ഈ വര്‍ഷത്തെ വധൂവരന്മാരുടെ കുടുംബങ്ങള്‍, വിവിധ കമ്മിറ്റി പ്രതിനിധികള്‍, പ്രവര്‍ത്തകര്‍ തുടങ്ങി ഇരുപതിനായിരത്തോളം പേരാണ് സംഗമത്തില്‍ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."