ഒരാഴ്ചക്കിടെ മൂന്ന് അപകടങ്ങള്‍: പരപ്പ ടൗണില്‍ ട്രാഫിക് ഐലന്റ് വേണമെന്ന ആവശ്യം ശക്തം
പരപ്പ: മലയോരത്തെ പ്രധാന ടൗണായ പരപ്പയിലെ ജങ്ഷനില്‍ ട്രാഫിക് ഐലന്റ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തുടര്‍ച്ചയായ വാഹനാപകടത്തെ തുടര്‍ന്നാണ് നാട്ടുകാര്‍ ഇത്തരമൊരാവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ഇവിടെ മൂന്ന് അപകടങ്ങളാണ് നടന്നത്. കഴിഞ്ഞദിവസമുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരുടെ കൈയിലുണ്ടായിരുന്ന കുട്ടി തെറിച്ചു വീണെങ്കിലും പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.
ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപം, ബിരിക്കുളം - പരപ്പ, ഇടത്തോട് - പരപ്പ, വെള്ളരിക്കുണ്ട് - പരപ്പ തുടങ്ങിയ റോഡുകള്‍ കൂടിച്ചേരുന്നിടത്താണ് അപകടം നിത്യസംഭവമാകുന്നത്. ഈ റോഡുകള്‍ മെക്കാഡം ടാറിങ് ചെയ്യുന്നതിനു മുന്‍പ് മൂന്നു റോഡും കൂടിച്ചേരുന്നിടത്ത് നാട്ടുകാര്‍ ബാരല്‍ സ്ഥാപിച്ച് വാഹനങ്ങളെ നിയന്ത്രിച്ചിരുന്നു. എന്നാല്‍ മെക്കാഡം ടാറിങ് കഴിഞ്ഞതോടെ ഇത് നീക്കം ചെയ്യുകയായിരുന്നു.
ബിരിക്കുളത്തുനിന്ന് വരുന്ന വാഹനങ്ങള്‍ വെള്ളരിക്കുണ്ട് റോഡിലേക്കും തിരിച്ചും കടക്കുമ്പോഴാണ് കൂടുതലായും അപകടം സംഭവിക്കുന്നത്.
സ്‌കൂള്‍ തുറക്കുന്നതോടെ വിദ്യാര്‍ഥികളുടെ തിരക്കും കൂടിയാകുമ്പോള്‍ അപകട സാധ്യത ഏറെയാണ്. ഇവിടെ ട്രാഫിക് ഐലന്റ് സ്ഥാപിച്ചാല്‍ ഒരു പരിധി വരെ അപകടങ്ങള്‍ കുറക്കാന്‍ കഴിയുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കൂടാതെ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാന്‍ സ്‌കൂളിന് സമീപം റോഡില്‍ റിപ്പിള്‍സ് സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."