ഗള്‍ഫില്‍നിന്ന് പണമൊഴുക്ക് തോത് ഉയര്‍ന്നു; ചൈനയെ പിന്തള്ളി ഇന്ത്യ
ജിദ്ദ: ഗള്‍ഫില്‍നിന്നു പണമയക്കുന്ന തോത് ഉയര്‍ന്നു. രൂപയ്ക്ക് മൂല്യം ഇടിഞ്ഞതോടെയാണ് പ്രവാസികള്‍ കൂട്ടത്തോടെ പണം അയക്കുന്നത്. ഡോളര്‍ ശക്തി പ്രാപിക്കുകയും രൂപയുടെ മൂല്യം ഇടിയുകയുമാണ് ചെയ്തിരിക്കുന്നത്. ജിസിസിയിലെ പണത്തിന്റെ മൂല്യവും സ്വാഭാവിക വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ അവസരം മുതലെത്ത് മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ കൂട്ടത്തോടെ പണമയക്കുകയാണ്. മണി എക്‌സ്‌ചേഞ്ച് കേന്ദ്രങ്ങളില്‍ തിരക്ക് വര്‍ധിച്ചിട്ടുണ്ട്. വിദേശത്തുനിന്ന് പണത്തിന്റെ വരുമാനത്തില്‍ ചൈനയെ മറികടന്നിരിക്കുകയാണ് ഇന്ത്യ.
നേരത്തെ വിദേശത്ത് നിന്ന് മാതൃരാജ്യത്തേക്ക് പണമെത്തുന്നതില്‍ മുമ്പില്‍ ചൈനയായിരുന്നു. എന്നാല്‍ ചൈനയെ കടന്ന് ഇന്ത്യ മുന്നേറുകയാണിപ്പോള്‍. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലേക്ക് 6900 കോടി ഡോളറാണ് വിദേശത്ത് നിന്ന് എത്തിയത്. ചൈനയിലേക്ക് 6400 കോടി ഡോളറും.
13 മാസത്തിനിടെ ആദ്യമായിട്ടാണ് ഇത്രയും ഇടിവ് രൂപയ്ക്കുണ്ടാകുന്നത്. ഇതേ സാഹചര്യം വരും ദിവസങ്ങളിലും തുടരുമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെ പ്രവാസികള്‍ കൈയ്യിലുള്ള പണമെല്ലാം ഇന്ത്യയിലേക്ക് അയക്കുകയാണ്. റിസര്‍വ് ബാങ്ക് രൂപയുടെ മൂല്യം ഉയര്‍ത്താന്‍ കാര്യമായ ഇടപെടലുകള്‍ നടത്തിയില്ലെങ്കില്‍ ഇനിയും മൂല്യമിടിയും.
അതേ സമയം യുഎഇ ദിര്‍ഹത്തിനും സഊദി റിയാലിനും 17.50 രൂപയ്ക്ക് മുകളില്‍ കൊടുക്കണം. അതുകൊണ്ടുതന്നെ ഇന്ത്യയിലേക്ക് പണം അയക്കുന്നത് വര്‍ധിച്ചിട്ടുണ്ട്. ഇന്ത്യയിലേക്ക് പണം അയക്കുന്നതില്‍ 10 ശതമാനം വര്‍ധനവുണ്ടായെന്നാണ് മണി എക്‌സ്‌ചേഞ്ചുകള്‍ നല്‍കുന്ന വിവരം.
അതേസമയം രൂപയുടെ മൂല്യം ഇടിയാന്‍ പല കാരണങ്ങളുണ്ട്. അതിലൊന്ന് എണ്ണ വില വര്‍ധിക്കുന്നതാണ്. അമേരിക്കന്‍ കേന്ദ്ര ബാങ്ക് നിരക്ക് വര്‍ധിപ്പിക്കുന്നതും രൂപയ്ക്ക് തിരിച്ചടിയാണ്. ഡോളറിനെ ശക്തിപ്പെടുത്താനുള്ള നീക്കം അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ചെയ്യുന്നുണ്ട്. അവരുടെ നീക്കം ഫലം കാണുമ്പോള്‍ തിരിച്ചടി രൂപയ്ക്കായിരിക്കും. രൂപയുടെ മൂല്യം ഇടിയുന്നത് പ്രവാസികള്‍ക്ക് ഗുണമാണ്.
സഊദി അറേബ്യ എണ്ണ വില വര്‍ധിപ്പിക്കാനുള്ള നീക്കം നടത്തുന്നുണ്ട്. ഒരു ബാരല്‍ എണ്ണയ്ക്ക് 85 ഡോളര്‍ എത്തിക്കാനായിരുന്നു സൗദിയുടെ നേരത്തെയുള്ള ലക്ഷ്യം. എന്നാല്‍ ഇപ്പോള്‍ നൂറ് ഡോളറിലെത്തിക്കാനാണ് ശ്രമം. അത് ഇന്ത്യ പോലുള്ള ഉപഭോക്തൃരാജ്യങ്ങള്‍ക്ക് തിരിച്ചടിയാണ്.
അമേരിക്ക ഷെയ്ല്‍ എണ്ണ കൂടുതല്‍ വിപണയില്‍ എത്തിച്ചാല്‍ എണ്ണ വില കുറയും. എന്നാല്‍ അമേരിക്ക ഷെയ്ല്‍ ഉല്‍പ്പാദനം കുറയ്ക്കണമെന്നാണ് സൗദിയുടെ ആവശ്യം. എണ്ണവില പരിധിവിട്ട് ഉയരുന്നത് ഇന്ത്യയില്‍ അവശ്യവസ്തുക്കളുടെ വില വര്‍ധിക്കാന്‍ ഇടയാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."