അലങ്കാര മത്സ്യങ്ങളുടെ കടന്നുകയറ്റം: നാടന്‍ ഇനങ്ങള്‍ വംശനാശ ഭീഷണിയില്‍
മലപ്പുറം: അലങ്കാര, വിദേശ മത്സ്യങ്ങളുടെ കടന്നുകയറ്റത്തെ തുടര്‍ന്ന് നാടന്‍ ഇനങ്ങള്‍ വംശനാശ ഭീഷണിയിലെന്ന് പഠനം. ചെന്നൈ നാഷനല്‍ ബയോഡൈവേഴ്‌സിറ്റി അതോറിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. കേരളത്തിലെ നദികളിലും തടാകങ്ങളിലുമുള്ള മത്സ്യങ്ങളാണ് കടുത്ത ഭീഷണി നേരിടുന്നത്. അനധികൃതമായി നദികളിലും കായലുകളിലും നിക്ഷേപിക്കുന്ന അലങ്കാര, വിദേശ മത്സ്യങ്ങള്‍ ഇവിടുത്തെ സ്വാഭാവിക ആവാസവ്യവസ്ഥ തകര്‍ക്കുന്നതിനാലാണ് നാടന്‍ മത്സ്യങ്ങള്‍ അപ്രത്യക്ഷമാകുന്നത്.
വിദേശ അലങ്കാര മത്സ്യങ്ങള്‍ നദികളിലും തടാകങ്ങളിലും എത്തുന്നതോടെ നൈട്രജന്റെയും ഫോസ്ഫറസിന്റെയും സാന്നിധ്യം കൂടുകയും വെള്ളത്തിന്റെ സ്വാഭാവിക ഗുണം നശിക്കുകയും ചെയ്യുന്നു. ഇത് തദ്ദേശ മത്സ്യങ്ങളുടെ പ്രജനനം കുറയ്ക്കുന്നതായാണ് പഠനം വ്യക്തമാക്കുന്നത്. മാത്രമല്ല വിദേശ മത്സ്യങ്ങള്‍ തദ്ദേശ മത്സ്യങ്ങളുടെ മുട്ട, ലാര്‍വ, കുഞ്ഞുങ്ങള്‍ എന്നിവ തിന്നുതീര്‍ക്കുകയും ചെയ്യുന്നു. അക്വേറിയം പ്രേമികള്‍ ഏറെ ഇഷ്ടപ്പെടുന്ന സ്വര്‍ണമത്സ്യങ്ങള്‍ ബാക്ടീരിയ, വൈറസ് വാഹകരാണെന്നതും നാടന്‍ മത്സ്യങ്ങള്‍ക്ക് ഭീഷണിയാണ്. സക്കര്‍ മൗത്ത് മത്സ്യങ്ങള്‍ ആവാസവ്യവസ്ഥയ്ക്ക് ഗുണകരമായ ചെറു ജീവികളെയും ആല്‍ഗകളെയും തിന്നുതീര്‍ക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. വിദേശ മത്സ്യങ്ങളോടൊപ്പമെത്തുന്ന വിവിധതരം രോഗാണുക്കള്‍, വൈറസുകള്‍ തുടങ്ങിയവയും മത്സ്യസമ്പത്ത് നശിപ്പിക്കുന്നുണ്ട്.
നാടന്‍ ശുദ്ധജല മത്സ്യങ്ങളായ വരാല്‍, ആരകന്‍, തിലോപ്പി, കരിമീന്‍ തുടങ്ങിയവയൊക്കെ വംശനാശ ഭീഷണി നേരിടുമ്പോള്‍ കാരി, കൂരി, മുഷി, കുയില്‍ എന്നിവയെ കണികാണാന്‍പോലുമില്ല. 16 ഇനം മത്സ്യങ്ങളാണ് ഭീഷണി നേരിടുന്നത്.
ഇതില്‍ നാലിനം ഗുരുതരമായ വംശനാശത്തിന്റെ വക്കിലാണ്. രാജ്യത്തെ ശുദ്ധജലത്തില്‍ 27 വിദേശ അലങ്കാര മത്സ്യങ്ങളാണ് കാണപ്പെടുന്നത്. ഇതില്‍ 15 എണ്ണം ഏറെ പ്രചാരം നേടിയതുമാണ്.
രാജ്യത്ത് ആകെ 3,231 ഇനത്തില്‍പ്പെട്ട മത്സ്യങ്ങളാണ് കാണപ്പെടുന്നത്. ഇതില്‍ 788 ഇനങ്ങളും ശുദ്ധജലത്തില്‍ ജീവിക്കുന്നവയാണ്. തായ് വാള, ആഫ്രിക്കന്‍ മുഷി, നൈല്‍ തിലോപ്പി (റെഡ് തിലോപ്പി), കൊതുക് മത്സ്യം തുടങ്ങിയവയുടെ സാന്നിധ്യം ഇവിടെ ഏറെയാണ്. സംസ്ഥാനത്തെ നദികളിലും തടാകങ്ങളിലും 25 ശതമാനവും നൈല്‍ തിലോപ്പിയുടെ സാന്നിധ്യമുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. സക്കര്‍ മൗത്ത് മത്സ്യങ്ങള്‍ സംസ്ഥാനത്തെ ഓവുചാലുകളില്‍വരെയുണ്ട്.
ലോകത്തെ ഏറ്റവുംവലിയ 12 ജൈവവൈവിധ്യ സമ്പന്നരാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ആഗോള മത്സ്യവൈവിധ്യത്തിന്റെ 11 ശതമാനവും രാജ്യത്തിന്റെ സംഭാവനയാണ്. രാജ്യത്തെ കടല്‍ മത്സ്യഇനങ്ങളില്‍ ഏകദേശം 30 ശതമാനവും ശുദ്ധജലമത്സ്യങ്ങളില്‍ 25 ശതമാനവും കേരളത്തിലാണെന്നാണ് കണക്ക്. ശുദ്ധജലമത്സ്യങ്ങളില്‍ 12ല്‍പരം ഇനങ്ങള്‍ കേരളത്തിലൊഴികെ മറ്റെവിടെയുമില്ല. ഇവിടെ ഉത്ഭവിക്കുന്ന തനതു മത്സ്യയിനങ്ങളാണിവ. കടുത്ത വംശനാശ ഭീഷണി നേരിടുന്ന ഇനങ്ങള്‍ ഇതില്‍പ്പെടും.
കേരളത്തിലെ നദികളിലും തടാകങ്ങളിലുമുള്ള മത്സ്യസമ്പത്തില്‍
ഒരോ വര്‍ഷവും വന്‍ ഇടിവ് സംഭവിക്കുന്നതായി കേരള ജൈവ വൈവിധ്യ ബോര്‍ഡ് നേരത്തേ കണ്ടെത്തിയിരുന്നു. എന്നാല്‍, മത്സ്യസമ്പത്ത് കുറയാനുള്ള കാരണങ്ങള്‍ അന്ന് കണ്ടെത്തിയിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."