രത്‌നസിങ്: അഭിഭാഷകലോകത്തെ അപൂര്‍വ വ്യക്തിത്വം
കോഴിക്കോട്: ഇന്നലെ അന്തരിച്ച അഡ്വ. എം. രത്‌നസിങ് അഭിഭാഷക ലോകത്തെ അപൂര്‍വ വ്യക്തിത്വം. 1953ല്‍ അഡ്വ. കെ. കുഞ്ഞിരാമമേനോന്റെ കീഴില്‍ വക്കീല്‍കുപ്പായമണിഞ്ഞ അദ്ദേഹം തന്റെ തൊഴില്‍ രംഗത്ത് ഏറ്റവും മികവു പ്രകടിപ്പിച്ച വ്യക്തിത്വമായിരുന്നു. അഡ്വക്കറ്റ് ജനറലും ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി ജോലിചെയ്യാന്‍ അപൂര്‍വ അവസരം രത്‌നസിങിനുണ്ടായി.
1925 ല്‍ തലശേരിയില്‍ ഡോ. എം. ഐ അച്യുതന്റെയും ജാനകിയുടെയും മകനായി ജനിച്ച രത്‌നസിങ്ങിന്റെ വിദ്യാഭ്യാസം തലശേരി, വടകര, കോഴിക്കോട,് ചെന്നൈ എന്നിവിടങ്ങളിലായിരുന്നു. എറണാകുളത്തുനിന്നും അഭിഭാഷക പഠനവും നടത്തി. തലശേരി സേക്രഡ് ഹാര്‍ട്ട് കോണ്‍വെന്റ്, കോഴിക്കോട് സെന്റ് ജോസഫ്‌സ് സ്‌കൂള്‍, വടകര ബി. ഇ. എം. ഹൈസ്‌കൂള്‍, ക്രിസ്ത്യന്‍ കോളജ് സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം.
ചെന്നൈയിലെ പച്ചയപ്പാസ് കോളജിലെ ബിരുദത്തിന് ശേഷം എറണാകുളം ലോ കോളജില്‍ നിന്നും നിയമപഠനം നടത്തി. പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായി അറിയപ്പെട്ടിരുന്ന രത്‌നസിങ് കേരളത്തിലെ പല പ്രമാദമായ കേസുകളിലും വക്കാലത്തെടുത്തിരുന്നു. തലശേരി,പുല്‍പ്പള്ളി നക്‌സല്‍ കേസുകള്‍, ചീമേനി കൊലക്കേസ്, രാജന്‍കേസ് എന്നിവയില്‍ പ്രതികള്‍ക്ക് വേണ്ടിയും കേരളത്തില്‍ ആദ്യമായി സി. ബി. ഐ അന്വേഷണം നടത്തിയ പാനൂര്‍ എസ്. ഐ സോമന്‍ കേസ് ഉള്‍പ്പെടെ നാല് കൊലക്കേസുകളില്‍ പ്രോസിക്യൂഷന് വേണ്ടിയും അദ്ദേഹം ഹാജരായി. പ്രമാദമായ നിലമ്പൂര്‍ കുഞ്ഞാലി വധക്കേസില്‍ പ്രതിഭാഗത്തിനുവേണ്ടി ഹാജരായി. ബോംബെ, കര്‍ണാടക, മദ്രാസ് കോടതികളില്‍ കേസുമായി ബന്ധപ്പെട്ട് ഹാജരായിട്ടുണ്ട്. സര്‍ക്കാരിന്റെ അന്വേഷണകമ്മിഷനുകളിലും അംഗമായിട്ടുണ്ട്.
ഹൈക്കോടതിയില്‍ സീനിയര്‍ സെന്‍ട്രല്‍ ഗവണ്‍മെന്റ് സ്റ്റാന്റിങ് കോണ്‍സലായും 1991-96ല്‍ സംസ്ഥാന പ്രോസിക്യൂഷന്‍ ഡയരക്ടര്‍ ജനറലായും സേവനമനുഷ്ഠിച്ചു.
2001 ലാണ് സംസ്ഥാന അഡ്വക്കറ്റ് ജനറലായി ചുമതലയേറ്റത്. ശ്രീനാരായണ വേള്‍ഡ് കണ്‍വന്‍ഷന്‍ ആന്‍ഡ് ഗ്ലോബല്‍ പുരസ്‌കാരത്തിന് അര്‍ഹനായിട്ടുണ്ട്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനോട് അനുഭാവം പുലര്‍ത്തിയിരുന്ന രത്‌നസിങ് വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും 1991ല്‍ യു. ഡി. എഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.
കോലീബി സഖ്യത്തിന്റെ സ്ഥാനാര്‍ഥിയാണ് രത്‌നസിങെന്ന ആരോപണം ഇടതു പക്ഷം ഉന്നയിച്ചിരുന്നു. ദ എപ്പിലോഗ് എന്ന പേരില്‍ ആത്മകഥാംശമുള്ള ഗ്രന്ഥമെഴുതിയിട്ടുണ്ട്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട് നടക്കാവിലെ ഷഹീര്‍ ബംഗ്ലാവില്‍ വിശ്രമജീവിതത്തിലായിരുന്നു. കോഴിക്കോട് പി. വി. എസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് മാവൂര്‍റോഡ് ശ്മശാനത്തില്‍ നടക്കും. പ്രമുഖര്‍ പരേതന്റെ വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."