മഹാകവി വൈലോപ്പിള്ളിയുടെ 107ാം ജയന്തി ആഘോഷവും പുരസ്‌കാര സമര്‍പണവും 11ന്
തൃശൂര്‍: മഹാകവി വൈലോപ്പിള്ളിയുടെ 107ാമത് ജയന്തി ആഘോഷവും പുരസ്‌കാര സമര്‍പ്പണവും 11 ന് ഉച്ചക്ക് മൂന്നുമുതല്‍ കവിയ്ക്കുള്ള പുഷ്പ്പാര്‍ച്ചനയോടും വൈലോപ്പിള്ളി കവിതകള്‍കൊണ്ടുള്ള കാവ്യ സങ്കീര്‍ത്തനത്തോടും കൂടി കേരള സാഹിത്യ അക്കാദമി ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നാലിന് സ്മാരകസമിതി ചെയര്‍മാന്‍ സി പി രാജശേഖരന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനത്തില്‍ സാഹിത്യ നിരൂപക ഡോ. എം ലീലാവതിക്ക് ഈ വര്‍ഷത്തെ വൈലോപ്പിള്ളി പുരസ്‌കാരം സമ്മാനിക്കും. തുടര്‍ന്ന്, കേരളത്തിനും മലയാളഭാഷയ്ക്കും മഹാകവി നല്‍കിയ നിസ്തുലമായ കാവ്യ സമ്മാനങ്ങളെ അനുസ്മരിച്ചുകൊണ്ട് പ്രസിദ്ധ നിരൂപകന്‍ ഡോ .തോമസ് മാത്യു പ്രഭാഷണം നിര്‍വഹിക്കും.
വൈലോപ്പിള്ളി സാംസ്‌കാരിക സമിതിയുടെ സെക്രട്ടറിയായി കഴിഞ്ഞ ആറര വര്‍ഷക്കാലം തുടര്‍ച്ചയായി പ്രവര്‍ത്തിച്ച ഉണ്ണികൃഷ്ണന്‍ മാസ്റ്ററെ സമ്മേളനം ആദരിക്കും. കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ പി മോഹനനും പ്രസിഡന്റ് വൈശാഖനും പങ്കെടുക്കും.
വൈലോപ്പിള്ളിക്കു തൃശൂരില്‍ സമുചിതമായ ഒരു ആസ്ഥാനം ഉണ്ടാക്കുക, തൃശൂര്‍ ഗവണ്മെന്റ് കോളജിന് വൈലോപ്പിള്ളി മെമ്മോറിയല്‍ ഗവണ്മെന്റ് കോളജ് എന്ന് പുനര്‍നാമകരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനും വിദ്യാഭ്യാസ മന്ത്രിക്കും ഉള്ള ചോദനയെ ത്വരിതപ്പെടുത്തുക, ഭാഷാ വിദ്യാര്‍ഥികളെയും ഭാഷാധ്യാപകരെയും കൂടുതല്‍ ശ്രദ്ധയോടെ ഭാഷാ പഠനപാഠന രംഗത്ത് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലങ്ങോളമിങ്ങോളം കാവ്യതത്ത്വ വിചാരക്ലാസ്സുകള്‍ സംഘടിപ്പിക്കുക എന്നിവയ്ക്കായിരിക്കും സാംസ്‌കാരിക സമിതി ഈ വര്‍ഷം ഊന്നല്‍ നല്‍കുകയെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ സി പി രാജശേഖരന്‍, സെക്രട്ടറി കാടാങ്കോട് പ്രഭാകരന്‍, വി യു സുരേന്ദ്രന്‍, ശ്രീധരന്‍ തേറമ്പില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."