പുന്നയൂര്‍ക്കുളത്ത് തണ്ണീര്‍തടം നികത്തല്‍ വ്യാപകം
പുന്നയൂര്‍ക്കുളം: തണ്ണീര്‍തടം നികത്തുന്നതിനെതിരെ വില്ലേജ് ഓഫീസര്‍ നല്‍കിയ നിരോധന ഉത്തരവിനു പുല്ലുവില. ഉത്തരവ് നല്‍കിയതിന്റെ പിറ്റേന്ന് നേരം പുലരുമ്പോഴേക്കും മണ്ണടിച്ചു നിരത്തി പാടം പറമ്പാക്കി. നാക്കോല -അണ്ടത്തോട് റോഡിലാണ് സ്വകാര്യ വ്യക്തികള്‍ തണ്ണീര്‍ തടം നികത്തുന്നത്. ഇതിനെതിരെ നാട്ടുകാര്‍ ജില്ലാ കലക്ടര്‍ക്കും ആര്‍ഡിഒക്കും പരാതി നല്‍കി. പഞ്ചായത്തിലെ പനന്തറ, നാക്കോല, ചെറായി, ചമ്മന്നൂര്‍ , ആല്‍ത്തറ നാലപ്പാട്ട് റോഡ് മേഖലയിലും ഓരു മാസത്തിനിടെ ഒട്ടേറെ തണ്ണീര്‍ തടങ്ങളാണ് നികത്തപ്പെട്ടത്. ഞായറാഴ്ച അവധി മുതലാക്കിയാണ് നാക്കോലയില്‍ തണ്ണീര്‍തടം നികത്താന്‍ ആരംഭിച്ചത്. നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് വില്ലേജ് ഓഫിസര്‍ എത്തി നികത്തല്‍ നിര്‍ത്തിവക്കാന്‍ നിര്‍ദേശം നല്‍കി. എന്നാല്‍ ഓഫിസര്‍ പോയതിനു പിന്നാലെ വീണ്ടും മണ്ണ് അടിച്ച് നിലം നികത്തുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് മണ്ണ് മാന്തി യന്ത്രം എത്തി മണ്ണ് പരത്തിയത്. ഇതിനു സമീപത്തെ നിലവും മാസങ്ങളായി കുറേശെ നികത്തികൊണ്ടിരിക്കുയാണ്. സമീപത്ത് നിര്‍മിക്കുന്ന വീടിന്റെ അവശിഷ്ടങ്ങള്‍ തള്ളിയാണ് നികത്തുന്നത്. ഇതിനെതിരെ മാസങ്ങള്‍ക്കു മുന്‍പേ കൃഷി, റവന്യൂ വകുപ്പുകള്‍ നടപടി എടുത്തിരുന്നെങ്കിലും ഫലമില്ല. പഞ്ചായത്തും ഇക്കാര്യത്തില്‍ മൗനത്തിലാണ്. പനന്തറയില്‍ മൂന്ന് മാസം മുന്‍പ് വില്ലേജ് ഓഫിസര്‍ നിരോധന ഉത്തരവ് നല്‍കിയ സ്ഥലത്ത് ലോഡ് കണക്കിനു മണ്ണാണ് കൂട്ടിയിട്ടിട്ടുള്ളത്. ഇവിടെ നേരത്തെ ബിജെപി പ്രവര്‍ത്തകര്‍ നികത്തല്‍ തടഞ്ഞെങ്കിലും ഇപ്പോള്‍ പിന്‍മാറിയതായി ആക്ഷേപമുണ്ട്. പനന്തറയില്‍ വിവാഹ മണ്ഡപം നിര്‍മ്മിക്കുന്നതിനു സമീപത്തെ കുളവും നികത്താനുള്ള ഒരുക്കത്തിലാണ്. കുളത്തിനു ചുറ്റും മണ്ണ് കൂട്ടിയിട്ട് കുളത്തിലേക്ക് കുറേശെ നിരക്കിയാണ് നികത്തല്‍ നടക്കുന്നത്. ചെറായിയില്‍ രാഷ്ട്രീയക്കാരുടെ ഒത്താശയിലാണ് കുളം ഒറ്റ രാത്രികൊണ്ട് നികത്തിയത്. ഇവിടെയും നേരത്തെ നിരോധന ഉത്തരവ് നല്‍കിയിരുന്നതാണ്. വില്ലേജ് പരിധിയിലെ നികത്തലിനെതിരെ നടപടി എടുത്തതായി വില്ലേജ് ഓഫിസര്‍ പി.വി. ഫൈസല്‍ പറഞ്ഞു. പെട്ടന്നുള്ള നികത്തലിനേക്കാള്‍ കുറേശെ മണ്ണ് അടിച്ച് സാവധാനമുള്ള നികത്തലാണ് കൂടുതലും നടക്കുന്നത്. ഇത്തരം നികത്തലുകള്‍ സംബന്ധിച്ച് ആര്‍.ഡി.ഒക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ഓഫിസര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."