ലൈഫ് മിഷന്: ജില്ലയില്‍ പൂര്‍ത്തീകരിച്ചത് 1,741 വീടുകള്‍
കൊണ്ടോട്ടി: ജില്ലയില്‍ ലൈഫ് മിഷന് പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഇതുവരെ പൂര്‍ത്തീകരിച്ചത് 1,741 വീടുകള്‍. സംസ്ഥാനത്തു ലൈഫ് മിഷന് വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു മുന്നേറുന്ന ജില്ലകളില്‍ നാലാം സ്ഥാനത്താണ് ഇപ്പോള്‍ മലപ്പുറം.
വിവിധ സര്‍ക്കാര്‍ ഫണ്ടുകളില്‍ ആനുകൂല്യം ലഭിച്ചിട്ടും വീട് നിര്‍മാണം പൂര്ത്തിയാക്കവര്ക്കാണ് ലൈഫ് മിഷനില്‍ തുക അനുവദിച്ചു വീട് നിര്‍മാണം ആദ്യം പൂര്‍ത്തീകരിക്കുന്നത്. ജില്ലയില്‍ 2,937 വീടുകളാണ് ആകെ പൂര്‍ത്തീകരിക്കാനുള്ളത്. ഇതില്‍ 60 ശതമാനം വീടുകളുടെ പ്രവൃത്തിയാണ് പൂര്‍ത്തീകരിച്ചത്. ജില്ലയില്‍ ലൈഫ് മിഷനിലേക്ക് ഏറ്റെടുക്കുമ്പോള്‍ 477 വീടുകള്‍ പ്രാരംഭ ഘട്ടം പോലും തുടങ്ങിയിരുന്നില്ല. 838 വീടുകള്‍ പ്രാരംഭ പ്രവൃത്തികള്‍ തുടങ്ങിയതും 1,128 വീടുകള്‍ ലിന്റല്‍ പ്രവൃത്തിവരെ എത്തിയതുമായിരുന്നു. 495 വീടുകള്‍ മേല്‍ക്കൂര പ്രവൃത്തിയിലായിരുന്നു.
നിലവില്‍ 68 വീടുകള്‍ പ്രാരംഭ ഘട്ടത്തിലും 316 വീടുകള്‍ ലിന്റല്‍ പ്രവര്‍ത്തികളിലുമാണ്. 91 വീടുകള്‍ മേല്‍ക്കൂര പ്രവൃത്തികളിലെത്തിയിട്ടുണ്ട്. 1,201 വീടുകളുടെ പ്രവൃത്തി നടന്നുവരികയാണ്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ഭവന പദ്ധതികളില്‍ ആനുകൂല്യം ലഭിക്കുകയും എന്നാല്‍ പാതിവഴിയില്‍ വീട് നിര്‍മാണം നിലച്ചവരുമായ ഉപഭോക്താക്കളുടെ വീട് നിര്‍മാണമാണ് ലൈഫ് മിഷന് ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിക്കുന്നത്. ലൈഫ് മിഷന് ഒന്നാംഘട്ടം മെയ് 31നു പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."