വേതനം നല്‍കിയില്ല. സഊദിയിലെ സ്വകാര്യ ആശുപത്രി ആരോഗ്യ മന്ത്രാലയം അടപ്പിച്ചു
ജിദ്ദ: മാസങ്ങളായി വേതനം നല്‍കാത്തതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രി സഊദി ആരോഗ്യ മന്ത്രാലയം അടപ്പിച്ചു. അല്‍ബാഹ ബല്‍ജുര്‍ഷിയിലെ സ്വകാര്യ ആശുപത്രിയാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ അടപ്പിച്ചത്. ഇവിടെ ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കം 250 ഓളം പേര്‍ ജോലി ചെയ്യുന്നുണ്ട്. ജീവനക്കാര്‍ക്ക് നാലു മാസത്തെ വേതനമാണ് ലഭിക്കാനുണ്ടായിരുന്നത്.
വേതന കുടിശ്ശിക തേടി ജീവനക്കാര്‍ മാസങ്ങള്‍ക്കു മുമ്പ് പണിമുടക്ക് നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് ആശുപത്രി ഉടമക്ക് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തില്‍ നിന്നുള്ള സേവനങ്ങള്‍ മന്ത്രാലയം നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ പിന്നീട് ജീവനക്കാര്‍ക്ക് വേതനം വിതരണം ചെയ്യുമെന്നതിന് ആശുപത്രി ഉടമ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന് രേഖാമൂലം ഉറപ്പുനല്‍കിയിരുന്നു. തുടര്‍ന്ന് ആശുപത്രിക്കുള്ള സേവനങ്ങള്‍ തുടര്‍ന്നു നല്‍കിയത്. എന്നാല്‍ ഇത് പാലിക്കാത്തതിനെ തുടര്‍ന്നാണ് ആശുപത്രിക്കുള്ള സേവനങ്ങള്‍ നിര്‍ത്തിവെച്ചത്.
ഫാര്‍മസിയും ലാബും അടക്കം ആശുപത്രിയിലെ എല്ലാ വിഭാഗവും അടപ്പിച്ചിട്ടുണ്ട്. ഏഴര ലക്ഷം റിയാലിന്റെ വേതന കുടിശ്ശികയും ആനുകൂല്യങ്ങളുമാണ് ജീവനക്കാര്‍ക്ക് ലഭിക്കാനുള്ളതെന്നാണ് കണക്കാക്കുന്നത്. ജീവനക്കാരില്‍ ചിലര്‍ ലേബര്‍ കോടതിയെ സമീപിക്കുന്നതിന് നീക്കം തുടങ്ങിയിട്ടുണ്ട്.
അതേ സമയം ആശുപത്രി ഉടമയുടെ സമ്മതം കൂടാതെ ജീവനക്കാര്‍ക്ക് മറ്റു തൊഴിലുടമകളുടെ പേരിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുകയോ ഫൈനല്‍ എക്‌സിറ്റില്‍ സ്വദേശങ്ങളിലേക്ക് മടങ്ങുകയോ ചെയ്യാവുന്നതാണെന്ന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു. തങ്ങള്‍ക്ക് ലഭിക്കാനുള്ള വേതന കുടിശ്ശികയും സര്‍വീസ് ആനൂകൂല്യങ്ങളും നേടിയെടുക്കുന്നതിന് ഫൈനല്‍ എക്‌സിറ്റില്‍ സ്വദേശങ്ങളിലേക്ക് പോകുന്നവര്‍ക്ക് മറ്റുള്ളവരെ ചുമതലപ്പെടുത്താവുന്നതാണ്. വേതനം ലഭിക്കാത്ത തൊഴിലാളികളുടെ കേസ് ലേബര്‍ കോടതിക്ക് കൈമാറും. ജീവനക്കാര്‍ക്ക് ലഭിക്കാനുള്ള വേതന കുടിശ്ശികയുടെയും ആനുകൂല്യങ്ങളുടെയും വിശദമായ കണക്കെടുത്ത് മന്ത്രാലയം രേഖപ്പെടുത്തി സൂക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സ്വദേശങ്ങളിലേക്ക് മടങ്ങിപ്പോകുന്ന തൊഴിലാളികള്‍ക്ക് തങ്ങളുടെ വേതന കുടിശ്ശികയും ആനുകൂല്യങ്ങളും നേടിയെടുക്കുന്നതിന് മറ്റൊരു വിദേശിയെ ചുമതലപ്പെടുത്തുന്നതിന് അവകാശം നല്‍കുമെന്നും ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."