വാട്ടര്‍ സ്‌കൂട്ടര്‍ അപകടം: ബിനീഷിനായി തിരച്ചില്‍ തുടരുന്നു
കൊച്ചി: വാട്ടര്‍ സ്‌കൂട്ടര്‍ മറിഞ്ഞ് കാണാതായ പാലക്കാട് സ്വദേശി ബിനീഷിനായി തിരച്ചില്‍ തുടരുന്നു. അതേസമയം അമിത വേഗതയും പരിചയക്കുറവുമാണ് അപകടത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അമിത വേഗത്തിലായിരുന്നു സ്‌കൂട്ടര്‍ ഓടിച്ചിരുന്നതെന്ന് ദൃക്‌സാക്ഷികളും വ്യക്തമാക്കുന്നു. ലൈഫ് ജാക്കറ്റും വാട്ടര്‍ സ്‌കൂട്ടര്‍ ഓടിക്കുമ്പോള്‍ കയ്യില്‍ ധരിക്കേണ്ട സുരക്ഷ ബാന്‍ഡും ഇവര്‍ ധരിച്ചിരുന്നില്ല. ബിനീഷിനെ കാണാതയ സ്ഥലത്ത് ശക്തമായ അടിയൊഴുക്കുള്ളതായി പ്രദേശവാസകള്‍ പറഞ്ഞു. ഫയര്‍ ആന്റ് റെസ്‌ക്യൂവിന്റെയും നേവിയുടെയും മുങ്ങല്‍ വിദഗ്ധരുടെയും നേതൃത്വത്തിലാണ് തെരച്ചില്‍. ഇന്നലെ രാത്രിവരെ തെരച്ചില്‍ നടത്തിയെങ്കലും കണ്ടെത്താന്‍ ആകാതിരുന്നതിനെ തുടര്‍ന്ന് ഇന്ന് രാവിലെയും തിരച്ചില്‍ തുടരുകയാണ്.
ഇന്നലെ ഉച്ചക്കാണ് അപകടമുണ്ടായത്. ബിനീഷും കൂട്ടുകാരായ ജോമോന്‍ കുര്യന്‍, സേലം സ്വദേശി ഗോവിന്ദരാജ് എന്നിവര്‍ ചേര്‍ന്ന് വാട്ടര്‍ സ്‌കൂട്ടറില്‍ കായലില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. യു ടേണ്‍ എടുക്കുന്നതിനിടെ ശക്തമായ ഓളത്തില്‍ പെട്ട് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
കെ.എസ്.ഐ.എന്‍.സിയുടെ (കേരള ഷിപ്പിങ് ആന്റ് ഇന്‍ലാന്റ് നേവിഗേഷന്‍ കോര്‍പ്പറേഷന്‍) കീഴിലുള്ളതാണ് വാട്ടര്‍ സ്‌കൂട്ടര്‍. ഒരു വര്‍ഷത്തെ കരാറില്‍ കെ.എസ്.ഐ.എന്‍.സിയില്‍ നിന്ന് പരസ്യ ഏജന്‍സി വാടകക്കെടുത്ത വാഹനത്തിന്റെ കാര്‍ബറേറ്റര്‍ തകരായതിനെ തുടര്‍ന്ന് മെക്കാനിക്കല്‍ എഞ്ചിനീയര്‍ പരിശോധന നടത്തുകയും അറ്റകുറ്റ പണികള്‍ക്ക് ശേഷം ട്രയല്‍ നടത്തുകയും ചെയ്തു. രണ്ടു തവണ ട്രയല്‍ റണ്‍ നടത്തിയ ശേഷം നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ കമ്പനിയിലെ ജീവനക്കാര്‍ വീണ്ടും ഓടിക്കുകയായിരുന്നു. ജോമോനാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. ഡ്രൈവറടക്കം മൂന്നു പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള സ്‌കൂട്ടറില്‍ മറ്റു രണ്ടു പേര്‍ പിറകിലിരുന്നു. ഓട്ടം തുടങ്ങി 100 മീറ്റര്‍ പിന്നിടുന്നതിന് മുമ്പേ അപടകം സംഭവിച്ചു.
യുടേണ്‍ എടുക്കുന്നതിനിടെ സ്‌കൂട്ടറിന്റെ നിയന്ത്രണം വിട്ട് മൂവരും പുറത്തേക്ക് തെറിച്ചു വീണു. ജോമോന്‍ ബോട്ടില്‍ തന്നെ അള്ളിപിടിച്ച ശേഷം സമീപത്തുണ്ടായിരുന്ന ഗോവിന്ദരാജിന്റെ അടുത്തേക്ക് നീന്തിയെത്തി ബോട്ട് അടുപ്പിച്ചു കൊടുത്തു.
ഈ സമയത്ത് തന്നെ ബിനീഷ് വെള്ളത്തില്‍ മുങ്ങിയിരുന്നു. ഇതിനിടെ ഒരു ബോട്ട് സമീപത്ത് കൂടെ പോവുന്നത് കണ്ട് അലറി വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും രക്ഷാ പ്രവര്‍ത്തനം നടത്താന്‍ ബോട്ടിലുള്ളവര്‍ തയ്യാറായില്ല. തുടര്‍ന്ന് ജെട്ടിയില്‍ നിന്ന് സംഭവം കണ്ട സ്വകാര്യ ബോട്ടിലെ ജീവനക്കാരെത്തി ഇരുവരെയും കരക്കെത്തിക്കുകയായിരുന്നു. സമീപത്തുള്ള ഫ്‌ളാറ്റിലുള്ള ഒരാള്‍ സംഭവം കണ്ട് വിവരം അറിയിച്ചതിനെ തുടര്‍ന്ന് 12.30ഓടെ പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. രക്ഷപ്പെട്ട രണ്ടു പേരെയും എറണാകുളം ജനറല്‍ ആസ്പത്രിയിലേക്ക് മാറ്റിയ ശേഷം മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ തെരച്ചില്‍ തുടങ്ങി. ഇതിനിടെ സംഭവ സ്ഥലത്തെത്തിയ ഹൈബി ഈഡന്‍ എം.എല്‍.എ കളക്ടറെ ഫോണില്‍ ബന്ധപ്പെട്ട് നേവിയുടെ സഹായം അഭ്യര്‍ത്ഥിച്ചു. 1.45ന് നേവിയില്‍ നിന്നുള്ള ഒരു സംഘവും തെരച്ചിലിനായി ചേര്‍ന്നു. മേയര്‍ സൗമിനി ജെയിന്‍, ഫോര്‍ട്ട്‌കൊച്ചി സബ്കളക്ടര്‍ എസ്.സുഹാസ് എന്നിവരും സംഭവം സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."