ഭവനനിര്‍മാണ ശിലാസ്ഥാപനം നടത്തി
ഹരിപ്പാട്: രാഷ്ട്രീയ നിറംനോക്കി ആനുകൂല്യങ്ങള്‍ നല്കുമ്പോള്‍ രാജ്യത്ത് സാമൂഹിക നീതി നഷ്ടപ്പെടുകയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി. ചേപ്പാട് യൂനിയന്‍ വെളളാപ്പളളി നടേശന്‍ ഭവനനിര്‍മ്മാണ പദ്ധതി രണ്ട്, മൂന്ന് വീടുകളുടെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയക്കാര്‍ കയറി ഇറങ്ങി നടന്ന് വോട്ട് നേടി പോകുന്നതല്ലാതെ പാവപ്പെട്ടവന്റെ കഷ്ടതകള്‍ പലതും കാണുന്നില്ല. കണ്ടാല്‍ തന്നെ പരിഹാരം കാണാന്‍ ശ്രമിക്കുന്നില്ല. പണമുള്ളവര്‍ പ്രമാണിത്വം കാണിക്കാന്‍ ക്ഷേത്രങ്ങളില്‍ പണം ചിലവാക്കുന്നു. അതില്‍ എത്രയോ നല്ലതാണ് കിടപ്പാടമില്ലാത്തവന് വീട് വച്ച് നല്‍കുന്നത്. നന്മ ചെയ്താല്‍ മാത്രമേ ഗുണം ലഭിക്കുകയുള്ളു.
അവനവന്റെ സുഖത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കാതെ മറ്റുള്ളവര്‍ക്കും നല്ലത് ചെയ്യുന്നവന് മാത്രമേ യഥാര്‍ത്ഥ എസ്.എന്‍.ഡി.പി.ക്കാരന്‍ ആകാന്‍ കഴിയൂ.
എസ്.എന്‍.ഡി.പി യോഗത്തിന്റെ യഥാര്‍ഥ ധര്‍മ്മമായ മാനവ സേവ മാധവ സേവ എന്നതാണ് ചേപ്പാട് യൂണിയന്‍ ഇപ്പോള്‍ നടത്തുന്നത്. മറ്റ് യൂണിയനുകളും ഇത് മാതൃകയാക്കണം. ഈ പ്രവര്‍ത്തനങ്ങള്‍ ആരെയും ബോധിപ്പിക്കാനോ രാജ്യം പിടിച്ചടക്കാനോ വോട്ട് പിടിക്കാനോ അല്ല. പാവങ്ങളുടെ കണ്ണീരൊപ്പാന്‍ വേണ്ടി ചെയ്യുന്നതെന്തോ അതാണ് യഥാര്‍ത്ഥ ഗുരുധര്‍മ്മമെന്നും വെളളാപ്പളളി നടേശന്‍ പറഞ്ഞു. ചേപ്പാട് യൂണിയന്‍ പ്രസിഡന്റ് എസ്.സലികുമാര്‍ അധ്യക്ഷനായി.
യൂനിയന്‍ വൈസ് പ്രസിഡന്റ് ഡി.കാശിനാഥന്‍, സെക്രട്ടറി എന്‍.അശോകന്‍, എം.കെ.ശ്രീനിവാസന്‍, ഡി.ധര്‍മ്മരാജന്‍, തൃക്കുന്നപ്പുഴ പ്രസന്നന്‍, ഡോ.ഡി.സോമനാഥന്‍, യു.ചന്ദ്രബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു. യൂണിയന്‍ കൗണ്‍സിലര്‍ അയ്യപ്പന്‍ കൈപ്പളളിലാണ് രണ്ടും മൂന്നും ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്കുന്നത്.
340ാം നമ്പര്‍ ശാഖയിലെ മുതുകുളം വടക്ക് സ്രാമ്പിക്കല്‍ ശ്രീജ, രാജന്‍ എന്നിവര്‍ക്കാണ് പദ്ധതിയിലെ രണ്ടും മൂന്നും വീടുകള്‍ നല്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."