കൈക്കൂലി വാങ്ങുന്നവര്‍ ജാഗ്രതൈ; പേര് ഡയറക്ടറിയില്‍ വരും
മലപ്പുറം: സര്‍ക്കാര്‍ ഓഫിസുകളില്‍ കൈക്കൂലി വാങ്ങുന്നവരും അല്ലാത്തവരുമായ ഉദ്യോഗസ്ഥരെ തിരിച്ചറിയാന്‍ ഇനി ബുദ്ധിമുട്ടേണ്ടതില്ല. അഴിമതിക്കാരും കൈകൂലിക്കാരുമായ ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങള്‍ രേഖപ്പെടുത്തിയ ഡയറക്ടറി പുറത്തിറങ്ങുന്നു. അഴിമതി ഇല്ലാതാക്കുക എന്ന പദ്ധതിയുടെ ഭാഗമായി ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ് കേരള ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണു കൈക്കൂലിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സമ്പൂര്‍ണ ഡയറക്ടറി തയാറാക്കുന്നത്.
പഞ്ചായത്ത്, വില്ലേജ് ഓഫിസുകളിലെ ക്ലര്‍ക്ക് മുതല്‍ ജില്ലാകലക്ടര്‍ വരെയുള്ള ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ശേഖരിച്ചാണു ഡയറക്ടറി തയാറാക്കുന്നത്. അഴിമതിക്കാരനെന്നു സംശയമുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ വിവരാവകാശ നിയമം വഴി ലഭ്യമാക്കും. ഇത്തരം ഉദ്യോഗസ്ഥര്‍ ജോലിയില്‍ പ്രവേശിക്കുന്നതിനു മുമ്പും ശേഷവുമുള്ള ആസ്തിയും വിവരാവകാശം വഴി കണ്ടെത്തും. കൈക്കൂലിയിലൂടെയും അഴിമതി നടത്തിയും ജില്ലയില്‍ നിരവധി ഉദ്യോഗസ്ഥര്‍ സാധാരണക്കാരെ ചൂഷണം ചെയ്യുന്നതായി ആന്റി കറപ്ഷന്‍ പീപ്പിള്‍സ് മൂവ്‌മെന്റ് കേരള ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇത്തരക്കാര്‍ക്കെതിരേ പൊതു ജനങ്ങള്‍ക്കു പരാതി അറിയിക്കാനായി ടോള്‍ഫ്രീ നമ്പര്‍ തുടങ്ങാനും പദ്ധതിയുണ്ട്. ഇതിന്റെ ഭാഗമായി അഴിമതിക്കെതിരേ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവരെ പങ്കെടുപ്പിച്ച് 26നു രാവിലെ പത്തിനു കോട്ടക്കല്‍ രാജാസ് ഹൈസ്‌കൂള്‍(അധ്യാപക ഭവന്‍) ഹാളില്‍ അഴിമതി വിരുദ്ധ കണ്‍വെന്‍ഷന്‍ വിളിച്ചിട്ടുണ്ട്.
ജില്ലാ കലക്ടര്‍ വെങ്കിടേശപതി ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ അഡ്വ.പി.എ പൗരന്‍, അഡ്വ.കെ.പി.എം ഷാഫി, ഡോ: കോട്ടക്കല്‍ കുഞ്ഞിമൊയ്തീന്‍, വി.എം മുസ്തഫ, ഹമീദ് പാറമ്മല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."