മലേഷ്യ ഇന്ന് വിധിയെഴുതും
ക്വാലാലംപൂര്‍: മലേഷ്യന്‍ ജനത ഇന്ന് പോളിങ് ബൂത്തിലേക്ക്. 14-ാമത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. നിലവിലെ പ്രധാനമന്ത്രി നജീബ് റസാഖും അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗുരുവും മുന്‍ പ്രധാനമന്ത്രിയുമായ മഹാതീര്‍ മുഹമ്മദും തമ്മില്‍ ഏറ്റുമുട്ടുന്നുവെന്ന സവിശേഷതയും ഇത്തവണത്തെ തെരഞ്ഞെടുപ്പിനുണ്ട്.
കഴിഞ്ഞ ദിവസം പുറത്തുവന്ന അഭിപ്രായ സര്‍വേകള്‍ പ്രകാരം നജീബിന്റെ നേതൃത്വത്തിലുള്ള ബാരിസന്‍ നാഷനല്‍(ബി.എന്‍) സഖ്യം വീണ്ടും മുന്നിലെത്തുമെന്നാണു പ്രവചിക്കപ്പെടുന്നത്. എന്നാല്‍, നജീബിനെതിരേ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ ക്ഷീണമുണ്ടാകുമെന്നു തന്നെയാണു വിലയിരുത്തല്‍. ബി.എന്‍ സഖ്യം 37.3 ശതമാനം വോട്ട് നേടുമെന്ന് ഒരു സര്‍വേ വ്യക്തമാക്കി. കഴിഞ്ഞ തവണ 40.3 ശതമാനം വോട്ടാണ് സഖ്യം നേടിയിരുന്നത്. ആകെ 222 മണ്ഡലങ്ങളില്‍ നൂറിടത്ത് ബി.എന്‍ സഖ്യം വിജയിക്കും.
അതേസമയം, മഹാതീറിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം 83 സീറ്റുകള്‍ സ്വന്തമാക്കുമെന്ന് സര്‍വേ വിലയിരുത്തുന്നു. 2013ലെ തെരഞ്ഞെടുപ്പില്‍ 133 സീറ്റുകളാണ് ബാരിസന്‍ നാഷനല്‍ സ്വത്തമാക്കിയത്.
1957ല്‍ മലേഷ്യ സ്വതന്ത്രമായതിനു ശേഷം ബാരിസന്‍ നാഷനല്‍ പാര്‍ട്ടി മാത്രമേ രാജ്യത്തിന്റെ അധികാരം കൈയാളിയിട്ടുള്ളൂ. ഇക്കുറി മഹാതീറിന്റെ നേതൃത്വത്തില്‍ ചരിത്രം തിരുത്തിക്കുറിക്കപ്പെടുമോ എന്നാണ് രാജ്യവും ലോകവും ഒരുപോലെ ഉറ്റുനോക്കുന്നത്.
92കാരനായ മഹാതീര്‍ ദീര്‍ഘകാലത്തെ ഇടവേളയ്ക്കു ശേഷമാണ് പൊതുരാഷ്ട്രീയത്തിലേക്കു തിരിച്ചുവരുന്നത്. ബി.എന്‍ പാര്‍ട്ടിയില്‍നിന്ന് രാജിവച്ച അദ്ദേഹം പാകതന്‍ ഹാരപ്പന്‍ എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു.
പിന്നീട് പ്രതിപക്ഷ കക്ഷികളെ കൂടെച്ചേര്‍ത്തു പുതിയ സഖ്യത്തിനു രൂപം നല്‍കുകയും ചെയ്തു.
മുന്‍പ് അദ്ദേഹത്തിന്റെ ഉപപ്രധാനമന്ത്രിയും പിന്നീട് രാഷ്ട്രീയ എതിരാളിയുമായി മാറിയ അന്‍വര്‍ ഇബ്രാഹീമും സഖ്യത്തിലുണ്ട്. മഹാതീര്‍ അധികാരത്തിലിരിക്കെയാണ് സ്വവര്‍ഗരതി കുറ്റത്തിന് അന്‍വര്‍ ഇബ്രാഹീം ജയിലിലടക്കപ്പെട്ടത്. അദ്ദേഹം പിന്നീട് കുറ്റവിമുക്തനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."