നഗരസഭ സ്ഥിരംസമിതി അധ്യക്ഷയുടെ മുറി ചോര്‍ന്നൊലിച്ചു: കൗണ്‍സിലര്‍മാര്‍ കളിവഞ്ചി ഒഴുക്കി പ്രതിഷേധിച്ചു
കുന്നംകുളം: മഴയില്‍ ചോര്‍ന്നൊലിച്ച നഗരസഭ സ്ഥിരംസമിതി അധ്യക്ഷയുടെ മുറിയില്‍ കൗണ്‍സിലര്‍മാര്‍ കളിവഞ്ചി ഒഴുക്കി പ്രതിഷേധിച്ചു. വികസന സ്ഥിരംസമിതി അധ്യക്ഷ ഗീതാ ശശിയുടെ മുറിയിലാണ് മഴവെള്ള മൊഴികി നിലംനിറഞ്ഞത്.
നഗരസഭയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ടെങ്കിലും പഴയ നഗരസഭാ കാര്യാലയത്തിലുള്‍പ്പെടെ നിലവില്‍ ചോര്‍ച്ചയുണ്ട്. കഴിഞ്ഞ ഭരണസമിതിയുടെ കാലയളവിലാണ് മുസാവരി ബംഗ്ലാവെന്നറിയപ്പെടുന്ന പഴയ കെട്ടിടത്തിലെ ചോര്‍ച്ചമൂലം ഇവിടെ പ്രവര്‍ത്തിച്ചിരുന്ന സി.ഡി.എസ് ഓഫിസിലെ ഫയലുകള്‍ ഉള്‍പ്പെടെ മഴയില്‍ കുതിര്‍ന്നത്. ഇത് വലിയ പ്രതിഷേധത്തിനിടയാക്കിയതോടെയാണ് കെട്ടിടത്തിന്റ മേല്‍ക്കൂര മാറ്റിയത്.
കഴിഞ്ഞ ഭരണസമിതിയില്‍ വിദ്യഭ്യാസ സ്ഥിരംസമിതിക്ക് അനുവദിച്ച മുറിയാണ് വികസന സമിതിക്ക് ഇത്തവണ അനുവദിച്ചത്. ബി.ജെ.പിയിലെ എം.വി ഉല്ലാസും ഗീതാ ശശിയുമായിരുന്നു അന്നത്തെ സ്ഥിരംസമിതി അധ്യക്ഷന്‍മാര്‍. മുറിയുടെ മുകളിലെ നിലയിലാണ് സെക്രട്ടറിയുടെ കാബിനുള്‍പ്പെടേയുള്ളവ പ്രവര്‍ത്തിക്കുന്നത്. നഗരസഭാ കെട്ടിടത്തിന്റെ മോടികൂട്ടുന്നതിനു ഭരണസമിതിയുടെ കാലത്താണ് തീരുമാനമുണ്ടായതെങ്കിലും കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കാനുള്ള തയാറെടുപ്പുകള്‍ നടന്നില്ലെന്നാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമായി പറയുന്നത്.
വിഷയത്തില്‍ ഇടപെടേണ്ട പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ ഒതുക്കിത്തീര്‍ക്കുന്ന ജോലിയിലാണ്. സ്ഥിരംസമിതി അംഗങ്ങള്‍ക്ക് ഫയല്‍ പരിശോധിക്കാനും പരാതികള്‍ കേള്‍ക്കാനുമായുള്ള മുറിയും ചോര്‍ന്നൊലിക്കുന്നതോടെ വരാന്തയിലേക്ക് മാറിയിരിക്കേണ്ട ഗതികേടിലാണിപ്പോള്‍.
ഭരണസമിതിയുടെ കണ്ണ് തുറപ്പിക്കുന്നതിനായും കെട്ടിടത്തിന്റെ ശോചനീയവസ്ഥ പൊതു ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനുമാണ് കൗണ്‍സിലര്‍മാര്‍ ഇത്തരം വേറിട്ട പ്രതിഷേധം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."