പി.വി.സി ഫ്‌ളക്‌സ് നിരോധനം: സര്‍വകക്ഷി യോഗത്തിന് യോജിപ്പ്
തിരുവനന്തപുരം: ഫ്‌ളക്‌സ് നിരോധനം നടപ്പാക്കുന്നതിനോട് സര്‍വകക്ഷിയോഗത്തിന് തത്വത്തില്‍ യോജിപ്പ്. ആശങ്കകള്‍ പരിഹരിച്ച് നിരോധനം നടപ്പാക്കണമെന്ന് പൊതുഅഭിപ്രായം യോഗത്തില്‍ ഉയര്‍ന്നു. സംസ്ഥാനത്ത് പി.വി.സി ഉപയോഗിച്ചുള്ള ഫ്‌ളക്‌സ് ഉല്‍പന്നങ്ങളുടെ ഉല്‍പാദനവും ഉപയോഗവും അനിയന്ത്രിതമായി തുടരുന്നത് വന്‍തോതില്‍ പരിസ്ഥിതി മലിനീകരണത്തിന് കാരണമാവുന്ന സാഹചര്യത്തില്‍ ഫ്‌ളക്‌സ് നിരോധനത്തിന്റെ പ്രായോഗികത സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ തദ്ദേശസ്വയംഭരണമന്ത്രി ഡോ.കെ.ടി ജലീലിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയകക്ഷികളുടെ യോഗം വിളിച്ചത്.
ഫ്‌ളക്‌സ് നിരോധനത്തിന്റെ പ്രായോഗികത സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തദ്ദേശസ്വയംഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനും സെക്രട്ടറി (നിയമവകുപ്പ്), വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ശുചിത്വമിഷന്‍ എന്നിവര്‍ അംഗങ്ങളായ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. കമ്മിറ്റി ഫ്‌ളക്‌സ് ഉപയോഗത്തിന്റെ ദോഷവശങ്ങളും ഈ മേഖലയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള തൊഴില്‍ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്ത വിലയിരുത്തി. കമ്മിറ്റിയുടെ റിപ്പോര്‍ട്ടും ശുപാര്‍ശകളും യോഗത്തില്‍ മന്ത്രി വിശദീകരിച്ചു.
കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പരസ്യപ്രചാരണങ്ങള്‍ക്കായി ഇന്ന് വളരെയധികം ഉപയോഗിക്കുന്ന ഫ്‌ളക്‌സ് പുനരുപയോഗിക്കാന്‍ പറ്റാത്ത ഒരിനം പ്ലാസ്റ്റിക് ആണെന്ന് ചൂണ്ടിക്കാട്ടുന്നു. ഉപയോഗശേഷം ഇത് കത്തിച്ചുകളയാനോ ഉപേക്ഷിക്കാനോ മാത്രമേ കഴിയുകയുള്ളൂ. ഫ്‌ളക്‌സ് നിര്‍മ്മിക്കാനുപയോഗിക്കുന്ന പോളിവിനൈല്‍ ക്ലോറൈഡ് (പി.വി.സി) വളരെ അപകടകാരിയായ രാസപദാര്‍ത്ഥമാണ്. പി.വി.സിയില്‍ ക്ലോറിന്‍ കൂടി ഉള്ളതിനാല്‍ അത് കത്തുമ്പോള്‍ വിഷവാതകങ്ങളായ ഡയോക്‌സിനും ഫ്യൂറാനും പോലെയുള്ള വിഷവാതകങ്ങള്‍ ഉണ്ടാകുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നെന്ന് പറയുന്നുണ്ട്. അത് പോലെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്ക് പകരം പുനരുപയോഗിക്കാവുന്നതും പി.വി.സി മുക്തവുമായ പോളി എത്തിലിന്‍ നിര്‍മ്മിത വസ്തുക്കളോ അതു പോലെയുള്ള വസ്തുക്കളോ ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."