സിനിമയെ കൂടുതല്‍ ജനകീയമാക്കുന്നതിനായി അഞ്ച് റീജിയനുകള്‍; കമല്‍
കൊടുങ്ങല്ലൂര്‍: നല്ല സിനിമയെ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ അഞ്ച് റീജിയനുകള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍ പറഞ്ഞു. ചലച്ചിത്രോത്സവത്തിന്റെ പ്രചരണാര്‍ഥം ബുധനാഴ്ച മുതല്‍ കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലുമായി നടക്കുന്ന ചലച്ചിത്ര അക്കാദമിയുടെ ടൂറിങ്ങ് ടാക്കീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃശ്ശൂര്‍, കോട്ടയം, കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ഇത് ആരംഭിക്കുന്നത്. ഗ്രാമപ്രദേശങ്ങളിലും, ചെറുനഗരങ്ങളിലും ലോകത്തെ മികച്ച സിനിമകള്‍ മലയാളം ടൈറ്റിലോടെ പ്രദര്‍ശിപ്പിക്കും. ചടങ്ങില്‍ നഗരസഭ ചെയര്മാന് സി.സി. വിപിന്‍ ചന്ദ്രന്, ഡോ. പി.എ. മുഹമ്മദ് സഈദ്, അനൂപ് കുമാരന്, ആസ്പിന്‍ അഷറഫ്, കെ.ആര്. ജൈത്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദേശ ചിത്രത്തിനുള്ള അക്കാദമി അവാര്‍ഡ് ലഭിച്ച ഇറ്റാലിയന്‍ ചിത്രമായ പാരഡിസോ പ്രദര്‍ശിപ്പിച്ചു. പ്രദേശത്തെ വിദ്യാലയങ്ങളുടെയും കലാ സാംസ്കാരിക സംഘടനകളുടെയും ആഭിമുഖ്യത്തില്‍ ലോക ഇന്ത്യന്‍ ക്ലാസിക്കല്‍ സിനിമകളാണ് ടൂറിങ്ങ് ടാക്കീസില്‍ പ്രദര്‍ശിപ്പിക്കുക.സംസ്ഥാന ചലച്ചിത്ര അക്കാദമി മാര്‍ച്ച് 18 മുതല്‍ 21 വരെ കൊടുങ്ങല്ലൂരില്‍ സംഘടിപ്പിക്കുന്ന ദേശീയ ചലച്ചിത്രമേളക്കുള്ള സിനിമകള്‍ ലിസ്റ്റ് ചെയ്തു തുടങ്ങി.എ ബില്ല്യണ്‍ കളര്‍ സ്റ്റോറി എന്ന ഹിന്ദി ചിത്രമാണ് ഉദ്ഘാടന ചിത്രം. ചലച്ചിത്രോത്സവത്തില്‍ വിവിധ ഇന്ത്യന്‍ ഭാഷകളിലെ മുപ്പത്തിരണ്ട് മികച്ച ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. മുഗള്‍ മാളിലെ കാര്‍ണിവല്‍ സിനിമാസിന്റെ രണ്ട് സ്ക്രീനുകളിലാണ് പ്രദര്‍ശനം നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."