വരുമാനം ഉറപ്പാക്കല്‍ പദ്ധതി: കയര്‍ സംഘം തൊഴിലാളികള്‍ക്ക് 1,01,58,788 രൂപ നല്‍കി
കൊല്ലം: വരുമാനം ഉറപ്പാക്കല്‍ പദ്ധതിപ്രകാരം കൊല്ലം ജില്ലയില്‍ 2017- 18 വര്‍ഷം 592 കയര്‍ സംഘം തൊഴിലാളികള്‍ക്കായി കയര്‍ വികസന വകുപ്പ് മുഖേന സര്‍ക്കാര്‍ 1,01,58,788 രൂപ നല്‍കി.
300 രൂപയാണ് ഇവര്‍ക്ക് നിശ്ചയിച്ചിട്ടുള്ള പ്രതിദിന കൂലി. ഇതില്‍ 110 രൂപ സര്‍ക്കാര്‍ വിഹതവും 190 രൂപ സംഘം വിഹിതവുമാണ്. ആകെ 92,532 തൊഴില്‍ ദിനങ്ങള്‍ ലഭിച്ചു.
ജില്ലയിലെ എട്ട് കയര്‍ സംഘങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികള്‍ക്കും വേണ്ടി 34.11 ലക്ഷം രൂപ അനുവദിച്ചു. പ്രൊഡക്ഷന്‍ ആന്‍ഡ് മാര്‍ക്കറ്റിങ് ഇന്‍സെന്റീവ്(പി.എം.ഐ) പദ്ധതി പ്രകാരം 42 സംഘങ്ങള്‍ക്കായി ആകെ 31.45 ലക്ഷം രൂപയും മാനേജേരിയല്‍ സബ്‌സിഡി ഇനത്തില്‍ 67 സംഘങ്ങള്‍ക്കായി 24.51 ലക്ഷം രൂപയും നല്‍കി. പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിനുമായി പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ 76 സംഘങ്ങള്‍ക്കായി 125.59 ലക്ഷം രൂപ പ്രവര്‍ത്തന മൂലധന ഗ്രാന്റ് അനുവദിച്ചു. 2017ലെ ഓണക്കാലത്ത് 16 സ്റ്റാളുകള്‍വഴി 55,37,946 രൂപയുടെ കയര്‍ ഉത്പന്നങ്ങള്‍ വിറ്റഴിച്ചു.
ഗ്രാമീണ മേഖലയിലെ ജലാശയങ്ങള്‍, റോഡുകള്‍ തുടങ്ങിയവ കയര്‍ ഭൂവസ്ത്രം വിതാനിച്ച് സംരക്ഷിക്കുന്ന പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഇക്കാലയളവില്‍ ജില്ലയില്‍ സജീവമായി. ഇതിനായി 14,96,11,020 രൂപയുടെ ധാരണാപത്രം ഒപ്പുവച്ച് തുടര്‍പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."