തൃക്കാക്കര നഗരസഭ: നഗരസഭ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍ തെരെഞ്ഞെടുപ്പ് ഇന്ന്
കാക്കനാട്: തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പിന് ഇരുപക്ഷവും സജ്ജമായി. യു.ഡി.എഫില്‍ നിന്നും ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് എം.ടി ഓമനയും വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് സാബു ഫ്രാന്‍സിസും,എല്‍.ഡി.എഫില്‍ നിന്ന് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് കെ.കെ നീനുവും വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് കെ.ടി എല്‍ദോയും ആണ് മത്സരരംഗത്തുളളത്. രാവിലെ 11 മണിക്ക് ചെയര്‍പേഴ്‌സന്‍ സ്ഥാനത്തേക്കും ഉച്ചക്ക് രണ്ടിന് വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്കും തെരെഞ്ഞെടുപ്പു നടക്കും.
നഗരസഭ മുന്‍ അധ്യക്ഷയായിരുന്നു കെ.കെ നീനു. നിലവില്‍ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി അധ്യക്ഷനും എല്‍.ഡി.എഫ് പാര്‍ലിമെന്ററി പാര്‍ട്ടി നേതാവുമാണ് കെ.ടി എല്‍ദോ. എല്‍.ഡി.എഫില്‍ നിന്നും വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ച് കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന സാബുഫ്രാന്‍സിസ് അതേസ്ഥാനത്തിനായി വീണ്ടും മത്സരിക്കുന്നതിനെതിരെ മുസ്ലിം ലീഗ് രംഗത്തെത്തിയിരുന്നു.
രണ്ടര വര്‍ഷം എല്‍.ഡി.എഫിനൊപ്പം നിന്ന സാബുഫ്രാന്‍സിസ് സ്ഥാനം രാജിവച്ച് തിരിച്ചെത്തിയത് ഉപാധികളില്ലാതെയാണെന്ന് ലീഗ് പ്രാദേശിക നേതൃത്വം ചൂണ്ടിക്കാട്ടിയതോടെ ചര്‍ച്ച വഴിമുട്ടുകയായിരുന്നു. എന്നാല്‍ ഇന്നലെ ചേര്‍ന്ന ലീഗ് നേതൃത്വത്തിന്റെയും തുടര്‍ന്ന് ഡി.സി.സി നേതൃത്വവുമായി ചര്‍ച്ച നടത്തിയതിനാല്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം വിമതനും ലീഗും പങ്കുവക്കാന്‍ ധാരണയാകുകയായിരുന്നു.
ഇനിയുള്ള രണ്ടര വര്‍ഷത്തില്‍ ആദ്യ പകുതി കോണ്‍ഗ്രസ് വിമതന്‍ സാബു ഫ്രാന്‍സിസും രണ്ടാം പകുതി മുസ്‌ലിം ലീഗും വൈസ് ചെയര്‍മാന്‍ സ്ഥാനം പങ്കുവെക്കാന്‍ ധാരണയായത്. അതേസമയം എല്‍.ഡി.എഫിന് ഭരണം ലഭിച്ചാല്‍ കെ.ടി എല്‍ദോ കൈകാര്യം ചെയ്തിരുന്ന ക്ഷേമകാര്യ സ്റ്റാന്റിങ്് കമ്മറ്റി സി.പി.ഐക്ക് നല്‍കേണ്ടിവന്നേക്കും. ഇന്നലെ സി.പി.എം ഏരിയ കമ്മറ്റിയും സി.പി.ഐ മണ്ഡലം കമ്മറ്റിയും പ്രത്യേകം യോഗം ചേര്‍ന്നിരുന്നു. സി.പി.ഐ മണ്ഡലം കമ്മറ്റി യോഗത്തില്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം സി.പി.ഐ ആവശ്യപ്പെടാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, അവര്‍ നിലപാട് മയപ്പെടുത്തിയതിനാല്‍ വൈസ് ചെയര്‍മാന്‍ സ്ഥാനത്തിന് പകരം ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി സി.പി.ഐ ആവശ്യപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."