അനുമതി തേടിയത് സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ച്; ആറന്മുള വിമാനത്താവളം പരിഗണനയിലില്ലെന്ന് സര്‍ക്കാര്‍
കൊച്ചി: ആറന്മുള വിമാനത്താവളം പരിഗണനയിലില്ലെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം. വിമാനത്താവളത്തിനുള്ള അനുമതി റദ്ദാക്കിയതിനെതിരേ കെ.ജി.എസ് ഗ്രൂപ്പ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയെ തുടര്‍ന്നാണ് സത്യവാങ്മൂലം നല്‍കിയത്. വിമാനത്താവളത്തിന് വിദൂര സാധ്യത പോലുമില്ല.
സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചാണ് അനുമതി നേടിയത്. കെ.ജി.എസിന് വിമാനത്താവളത്തിനായി നല്‍കിയിട്ടുള്ള അനുമതി ഇതിനകം പിന്‍വലിച്ചിട്ടുണ്ട്. വിമാനത്താവളത്തിനായി 350 ഏക്കര്‍ സ്ഥലമുണ്ടെന്നുകാണിച്ചാണ് കെ.ജി.എസ് അനുമതി വാങ്ങിയത്. എന്നാല്‍, ഇവരുടെ കൈവശം 309 ഏക്കര്‍ മാത്രമാണുണ്ടായിരുന്നത്. ഇതില്‍ 200 ഏക്കര്‍ നെല്‍വയല്‍, തണ്ണീര്‍ത്തട നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ്. 2008ലെ നെല്‍വയല്‍, തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് കമ്പനി വന്‍തോതില്‍ നിലംനികത്തി. ഈ ക്രമക്കേട് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ കണ്ടെത്തി നിലം പുനഃസ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കി. പിന്നീട് കോടതിയും ഇതു നിര്‍ദേശിച്ചു. എന്നാല്‍, കമ്പനി അധികൃതര്‍ ഇതിനു തയാറായില്ല.
വിമാനത്താവള നിര്‍മാണത്തിനായി ആറന്മുളയില്‍ 1,500 ഏക്കര്‍ ഭൂമി വ്യവസായ മേഖലയായി സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിരുന്നു. ഇതില്‍ നെല്‍വയല്‍, തണ്ണീര്‍ത്തട പ്രദേശവും ജനവാസ മേഖലകളും ഉള്‍പ്പെട്ടിരുന്നു. 700 കുടുംബങ്ങള്‍ പദ്ധതിപ്രദേശത്ത് താമസിക്കുന്നുണ്ട്. ഇവര്‍ സ്ഥലം വിട്ടുനല്‍കാന്‍ തയാറായില്ല. ഇവരെ ഒഴിപ്പിക്കാനും കഴിയില്ല. വിമാനത്താവളത്തിനായി കെ.ജി.എസ് ഗ്രൂപ്പ് പാരിസ്ഥിതികാനുമതി വാങ്ങിയിരുന്നെങ്കിലും നിയമപരമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് അനുമതി സംഘടിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി ദേശീയ ഹരിത ട്രൈബ്യൂണല്‍ അനുമതി റദ്ദാക്കിയിരുന്നു. സുപ്രിം കോടതിയും ഇതു ശരിവച്ചു. നിയമവിരുദ്ധമായാണ് അനുമതി നേടിയതെന്ന് കണ്ടതോടെയാണ് വ്യവസായ മേഖലയാക്കി വിജ്ഞാപനം ചെയ്തതു റദ്ദാക്കാന്‍ നടപടി തുടങ്ങിയതെന്നും സത്യവാങ്മൂലത്തിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."