സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍ മുടങ്ങി
തിരുവനന്തപുരം: കടക്കെണികൊണ്ട് നട്ടെല്ലൊടിഞ്ഞ കെ.എസ്.ആര്‍.ടി.സിക്ക് ഡീസല്‍ നല്‍കുന്നത് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐ.ഒ.സി) നിര്‍ത്തി. ഇതോടെ സംസ്ഥാനത്തെ പല ഡിപ്പോകളിലും സര്‍വിസ് മുടങ്ങി. ചിലയിടങ്ങളില്‍ ഡീസല്‍ തീര്‍ന്നതിനാല്‍ സര്‍വിസുകള്‍ പാതിവഴിയില്‍ നിര്‍ത്തി. രണ്ടു ദിവസത്തിനുള്ളില്‍ സംസ്ഥാനത്തെ എല്ലാ സര്‍വിസുകളും നിര്‍ത്തേണ്ട ഗതികേടിലാണ് കെ.എസ്.ആര്‍.ടി.സി.
ഐ.ഒ.സിക്ക് നിലവില്‍ 143 കോടിയാണ് കുടിശികയായുള്ളത്. ഇത് കൊടുത്തുതീര്‍ക്കാതെ ഡീസല്‍ നല്‍കില്ലെന്ന നിലപാടിലാണ് ഐ.ഒ.സി. തിരുവനന്തപുരം, കൊച്ചി, മംഗളൂരു ഡീസല്‍ പ്ലാന്റുകളില്‍ നിന്നാണ് കെ.എസ്.ആര്‍.ടി.സിക്ക് ഇന്ധനം നല്‍കുന്നത്. ഇതില്‍ തിരുവനന്തപുരം ഐ.ഒ.സി പ്ലാന്റ് പൂട്ടി.
തെക്കന്‍, മധ്യ കേരളത്തിലേക്ക് കൊച്ചി പ്ലാന്റില്‍ നിന്നും മലബാര്‍ മേഖലയിലേക്ക് മംഗളൂരു പ്ലാന്റില്‍ നിന്നുമാണ് ഡീസല്‍ നല്‍കുന്നത്. കൊച്ചി പ്ലാന്റില്‍ നിന്ന് ഡീസല്‍ നല്‍കാതിരുന്നതോടെ ഷെഡ്യൂളുകള്‍ ഇന്നലെ രാവിലെ മുതല്‍ മുടങ്ങിത്തുടങ്ങി.
അടിയന്തരമായി ഐ.ഒ.സിക്ക് ഒരുകോടി രൂപ നല്‍കിയതിനാല്‍ കൊച്ചി മേഖലയിലെ ഡിപ്പോകള്‍ക്ക് 18,000 ലിറ്റര്‍ ഡീസല്‍ നല്‍കിയിരുന്നു. ഇതുപയോഗിച്ചാണ് ഇന്നലെ കൊച്ചിയില്‍ സര്‍വിസ് നടത്താനായത്. എന്നാല്‍, മലബാര്‍ മേഖലയിലേക്ക് ഡീസല്‍ നല്‍കാന്‍ ഐ.ഒ.സി അധികൃതര്‍ തയാറായില്ല.
കെ.എസ്.ആര്‍.ടി.സിക്ക് സംസ്ഥാനത്താകെ 93 ഡിപ്പോകളാണുള്ളത് (ഓപറേറ്റിങ് സെന്ററുകള്‍, സബ്ഡിപ്പോകളും ചേര്‍ത്ത്). ഇതില്‍ 63 ഡിപ്പോകളും വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ ഈടുവച്ചിരിക്കുകയാണ്.
ഇവിടങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനം ധനകാര്യ സ്ഥാപനങ്ങള്‍ അപ്പപ്പോള്‍ എടുക്കുന്നുണ്ട്. ധനകാര്യ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 1,300 കോടി വായ്പയെടുത്ത വകയില്‍ ട്രാന്‍സ്‌പോര്‍ട്ട് ഭവന്‍ അടക്കം 31 ഡിപ്പോകളും പാലക്കാട് ജില്ലാ സഹകരണ ബാങ്കില്‍ നിന്ന് 293 കോടി വായ്പയെടുത്തതില്‍ കോഴിക്കോട് റീജ്യണല്‍ വര്‍ക്‌ഷോപ്പടക്കം നാലും എറണാകുളം ജില്ലാ സഹകരണ ബാങ്കിലെ 191 കോടി വായ്പക്ക് മൂന്ന് ഡിപ്പോകളും തിരുവനന്തപുരം എസ്.ബി.ടിയിലെ 120 കോടി വായ്പക്ക് മൂന്ന് ഡിപ്പോയും കെ.എസ്.പി.ഐ.എഫ്.സിയിലെ 50 കോടിക്ക് പാലക്കാട് ബസ്‌സ്റ്റേഷനും ഹഡ്‌കോയുടെ 353.70 കോടിക്ക് അഞ്ച് ഡിപ്പോകളുമാണ് പ്രധാനമായും ഈടുവച്ചിരിക്കുന്നത്.
നിലവില്‍ 5,824 ബസുകളാണ് കെ.എസ്.ആര്‍.ടി.സിക്കുള്ളത്. കെ.യു.ആര്‍.ടി.സിക്ക് 667 ബസുമുണ്ട്. 4,648 ഷെഡ്യൂളുകളാണ് ദിവസവും ഓപറേറ്റ് ചെയ്യുന്നത്.
ഇവയില്‍ നിന്ന് ദിവസവും ശരാശരി 5.22 കോടി രൂപ വരുമാനമായി ലഭിക്കുന്നുണ്ട്. പ്രതിമാസ ശരാശരി 169.60 കോടിയാണ്.
ടിക്കറ്റിതര വരുമാനം 1.79 കോടിയുമുണ്ട്. സെസ് ഇനത്തില്‍ പ്രതിമാസം 6.5 കോടി ലഭിക്കുന്നുണ്ടെങ്കിലും പ്രതിമാസ ചെലവ് 270.75 കോടിയാണ്. ശമ്പളത്തിനായി 80 കോടിയും പെന്‍ഷന്‍ നല്‍കാന്‍ 60 കോടിയും വേണ്ടിവരും. ഡീസലിന് ഒരുദിവസം വേണ്ടത് 2.66 കോടി രൂപയാണ്. 4.50 ലക്ഷം ലിറ്റര്‍ ഡീസല്‍ പ്രതിദിനം വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."