ബംഗളൂരുവില്‍ ബി.ജെ.പി കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തി
ബംഗളൂരു: കര്‍ണാടകയിലെ ബി.ജെ.പി കൗണ്‍സിലര്‍ തെരുവില്‍ വെട്ടിക്കൊലപ്പെടുത്തപ്പെട്ട നിലയില്‍. ബൊമ്മസാന്ദ്ര മുനിസിപ്പല്‍ കൗണ്‍സിലറായ കിത്തഗനഹള്ളി വാസു എന്ന ശ്രീനിവാസ് പ്രസാദി(38)നെയാണ് ശരീരത്തില്‍ വെട്ടിപ്പരുക്കേല്പിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാവിലെ ബംഗളൂരുവിന്റെ പ്രാന്തപ്രദേശത്താണു സംഭവം. ആക്രമികള്‍ അരിവാള്‍ കത്തികള്‍ ഉപയോഗിച്ചാണ് ശ്രീനിവാസിനെ കൊലപ്പെടുത്തിയതെന്ന് പൊലിസ് പറഞ്ഞു. തലക്കും ചുമലിലുമാണ് കാര്യമായും മുറിവേറ്റത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5.30ന് നടക്കാനിറങ്ങിയ ശ്രീനിവാസിനെ അജ്ഞാതസംഘമെത്തി അക്രമിക്കുകയായിരുന്നുവെന്ന് ബംഗളൂരു റൂറല്‍ പൊലിസ് സൂപ്രണ്ട് അമിത് സിങ് പറഞ്ഞു. പുലര്‍ക്കാല നടത്തത്തിനായി കാറിലെത്തി വാഹനം പാര്‍ക്ക് ചെയ്യുന്നതിനിടെയാണ് സംഘം ആക്രമണം നടത്തിയത്.
സംഭവത്തെ അപലപിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബി.എസ് യെദിയൂരപ്പ കോണ്‍ഗ്രസ് സര്‍ക്കാരിനെ കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ ക്രമസമാധാന തകര്‍ച്ചയാണ് സംഭവം കാണിക്കുന്നതെന്ന് യെദിയൂരപ്പ ആരോപിച്ചു.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലിസ് പറഞ്ഞു. മൃതദേഹം ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോര്‍ട്ടം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."