വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം; മായാവതിക്ക് പിന്നാലെ കോണ്‍ഗ്രസും എ.എ.പിയും
ന്യൂഡല്‍ഹി: ആസന്നമായ ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രം വേണ്ടെന്ന് കോണ്‍ഗ്രസും എ.എ.പിയും ആവശ്യപ്പെട്ടു. വോട്ടിങ് യന്ത്രത്തിനെതിരേ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബി.എസ്.പി നേതാവുമായ മായാവതി ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചുരംഗത്തുവന്നതിനു പിന്നാലെയാണ് കോണ്‍ഗ്രസും എ.എ.പിയും ആരോപണത്തെ പിന്തുണയ്ക്കുന്ന നിലപാടെടുത്തത്.
ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രം വേണ്ടെന്ന് അറിയിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനു കത്തയക്കാന്‍ ചീഫ് സെക്രട്ടറിക്ക് ഡല്‍ഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ നിര്‍ദേശം നല്‍കി. മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രത്തിനു പകരമായി ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അജയ്മാക്കന്‍ ഡല്‍ഹി മുഖ്യമന്ത്രി കൂടിയായ അരവിന്ദ് കെജ്‌രിവാളിനു കത്തെഴുതിയിരുന്നു. ഇതിനു പിന്നാലെയാണ് ഈയാവശ്യം ഔദ്യോഗികമായി ഉന്നയിക്കാന്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയത്.
അടുത്തിടെ അഞ്ചുസംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്തിയെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സമാന വിവാദം ഇല്ലാതിരിക്കാന്‍ ഡല്‍ഹി മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കരുതെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായ മാക്കന്‍ ആവശ്യപ്പെട്ടത്. കത്തിന്റെ പകര്‍പ്പ് അദ്ദേഹം പിന്നീട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഡല്‍ഹിയിലെ മൂന്ന് മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്ക് അടുത്തമാസമാണ് വോട്ടെടുപ്പ് നടക്കുന്നത്.
ഉത്തര്‍പ്രദേശിലെ മുസ്്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ പോലും ബി.ജെ.പി സ്ഥാനാര്‍ഥികള്‍ ജയിക്കുകയും സംസ്ഥാനത്ത് ആകെയുള്ള നിയമസഭാ സീറ്റുകളില്‍ നാലിലൊന്ന് മണ്ഡലങ്ങളും പിടിച്ചടക്കുകയും ചെയ്തതോടെയാണ് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമത്വം നടന്നുവെന്ന ആരോപണവുമായി മായാവതി രംഗത്തുവന്നത്. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും തെരഞ്ഞെടുപ്പ് മാറ്റിനടത്തണമെന്നും മായാവതി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ആരോപണം കമ്മിഷന്‍ തള്ളിയിട്ടുണ്ട്. കമ്മിഷന്റെ അറിവോടെയല്ലാതെ മറ്റൊരാള്‍ക്ക് യന്ത്രത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നായിരുന്നു കമ്മിഷന്റെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."