ത്രിപുരയില്‍ ബി.ജെ.പി-തൃണമൂല്‍ സംഘര്‍ഷം; 20 പേര്‍ക്ക് പരുക്ക്
അഗര്‍ത്തല: ത്രിപുരയില്‍ ബി.ജെ.പി, തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 20ഓളം പേര്‍ക്ക് പരുക്ക്. അഗര്‍ത്തലയില്‍ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. 11 പൊലിസ് ഉദ്യോഗസ്ഥര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പരുക്കേറ്റിട്ടുണ്ട്.
നഗരത്തിലെ ആര്‍.എം.എസ് ചൗമുഹാനിയില്‍ ബി.ജെ.പി പതാക ഉയര്‍ത്താന്‍ പാര്‍ട്ടി നേതാവ് ജയന്ത ഡേ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ സുദീപ് റോയ് ബര്‍മന്റെ സഹോദരനും പ്രദേശത്തെ വ്യവസായിയുമായ സന്ദീപ് റോയ് ബര്‍മന്‍ ഇത് എതിര്‍ത്ത് രംഗത്തെത്തുകയും ഡേയെ ആക്രമിക്കുകയും ചെയ്‌തെന്നാണ് ആരോപണം. ഡേയെ രക്ഷിക്കാനെത്തിയ ബി.ജെ.പി ത്രിപുര ഘടകം സെക്രട്ടറി അമിത് രക്ഷിത്തിനും മറ്റു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേരെ ഇയാളുടെ ആക്രമണമുണ്ടായതായി പരാതിയുണ്ട്.
തുടര്‍ന്ന് വെസ്റ്റ് അഗര്‍ത്തല പൊലിസ് സ്റ്റേഷനിലെത്തി സന്ദീപ് റോയ്‌ക്കെതിരേ ബി.ജെ.പി നേതാക്കള്‍ പരാതി ഫയല്‍ ചെയ്തു. ഇതിനു പിറകെ, തൃണമൂല്‍ നേതാക്കളും പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലിസ് സ്റ്റേഷനു പുറത്തുവച്ചാണ് ബി.ജെ.പി-തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. സംഭവത്തില്‍ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സുബാല്‍ ഭൗമിക്കിനും തൃണമൂല്‍ നേതാവ് പന്ന ദേവിനും പരുക്കേറ്റിട്ടുണ്ട്. പൊലിസ് ലാത്തിച്ചാര്‍ജ് നടത്തിയാണ് പ്രവര്‍ത്തകരെ ഒഴിപ്പിച്ചത്. ഇരു സംഘടനാ പ്രവര്‍ത്തകര്‍ക്കുമെതിരേ പൊലിസ് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."