2019 ലും മോദി നേടും; പ്രതിപക്ഷം ഒന്നിച്ചാല്‍ തളയ്ക്കാം: യു.എസ് വിദഗ്ധര്‍
വാഷിങ്ടണ്‍: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും നരേന്ദ്രമോദി മികച്ച വിജയം നേടുമെന്ന് യു.എസ് വിദഗ്ധര്‍. എന്നാല്‍ പ്രതിപക്ഷം ഒന്നിച്ചു പ്രവര്‍ത്തിച്ചാല്‍ ബി.ജെ.പിയെ തളയ്ക്കാനാകുമെന്നും ഇവര്‍ പറയുന്നു. 2014ലെ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി നേടിയ വിജയം വെറുമൊരു'മാര്‍ഗ ഭ്രംശം' മാത്രമായിരുന്നില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ഉത്തര്‍പ്രദേശും ഉത്തരാഖണ്ഡും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് വിലയിരുത്തിയാണ് മോദി സര്‍ക്കാരിന്റെ തുടര്‍ഭരണം യു.എസ് വിദഗ്ധര്‍ പ്രവചിക്കുന്നത്. യു.പി തെരഞ്ഞെടുപ്പ് ഫലം 2014 ലെ മോദിയുടെ വിജയത്തിനു സമാനമാണെന്ന് ജോര്‍ജ് വാഷിങ്ടണ്‍ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രഫസറായ ആദം സീഗ്‌ഫെല്‍ഡ് ചൂണ്ടിക്കാട്ടുന്നു. വിജയം ബി.ജെ.പിക്ക് വന്‍നേട്ടമാണ്.
ബി.എസ്.പിയും, എസ്.പിയും മുന്‍പ് യു.പിയില്‍ നേടിയ വിജയവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബി.ജെ.പിയുടെ നേട്ടം വലുതാണ്. 2019 ലും ഇത് തുടരാനാണ് സാധ്യതയെന്ന് ആദം നിരീക്ഷിക്കുന്നു.
2019 ലും മോദിക്കാണ് സാധ്യതയെന്ന് അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിസ്റ്റ്യൂട്ടിലെ റെസിഡന്റ് ഫെല്ലോ, സദാനന്ദ് ദൂം ചൂണ്ടിക്കാട്ടി.
എന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിച്ചാലും സഖ്യകക്ഷി സര്‍ക്കാരിനാണ് കൂടുതല്‍ സാധ്യതയെന്ന് ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയിലെ വാല്‍ഷ് സ്‌കൂള്‍ ഓഫ് ഫോറിന്‍ സര്‍വിസില്‍ പ്രഫസറായ ഇര്‍ഫാന്‍ നൂറുദ്ദീന്‍ അഭിപ്രായപ്പെട്ടു.
അടുക്കും ചിട്ടയുമുള്ള പ്രചാരണമാണ് മോദിക്ക് നേട്ടമാകുന്നതെന്നും പ്രതിപക്ഷം ഇക്കാര്യത്തില്‍ പരാജയമാണെന്നും അദ്ദേഹം പറഞ്ഞു.
നേര്‍ക്കുനേര്‍ എതിരാളികളുള്ള സംസ്ഥാനത്ത് ബി.ജെ.പിയുടെ നില മോശമാകാന്‍ കാരണം ഇതാണ്. അതിനാല്‍ പ്രതിപക്ഷം ഒരുമിച്ചാല്‍ ബി.ജെ.പിയെ തളയ്ക്കാമെന്നും നൂറുദ്ദീന്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."