സ്വച്ഛ് ഭാരത്: യൂത്ത് ക്ലബുകള്‍ക്ക് അവാര്‍ഡ്
കാസര്‍കോട്:സ്വച്ഛ് ഭാരത് കാംപയിന്റെ ഭാഗമായി ശുചിത്വപ്രവര്‍ത്തനങ്ങളുടെ വ്യാപനത്തിനും സന്നദ്ധപ്രവര്‍ത്തന പ്രോത്സാഹത്തിനുമായി കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയം, കുടിവെള്ള ശുചിത്വ മന്ത്രാലയം എന്നിവയുമായി ചേര്‍ന്ന് നെഹ്‌റു യുവകേന്ദ്ര യൂത്ത് ക്ലബുകള്‍ക്ക് അവാര്‍ഡ് നല്‍കുന്നു. ജില്ലാതലം മുതല്‍ ദേശീയതലം വരെയുള്ള അവാര്‍ഡിന് 2018 മെയ് 1 മുതല്‍ ജൂലൈ 31 വരെയുള്ള ശുചിത്വ പ്രവര്‍ത്തനങ്ങളാണ് പരിഗണിക്കുക.
ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍, ശുചീകരണം, ശൗചാലയങ്ങളുടെ നിര്‍മാണം, തെരുവ്‌നാടകമടക്കമുള്ള നാടന്‍ കലാപരിപാടികളുടെ സംഘാടനം, സ്വച്ഛതാമേളകള്‍, റാലികള്‍, ഖരമാലിന്യ ശേഖരണം, വേര്‍തിരിക്കല്‍, നിര്‍മാര്‍ജനം, കമ്പോസ്റ്റ് നിര്‍മാണം തുടങ്ങി വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ് നല്‍കുക. മികച്ച പ്രവര്‍ത്തനം നടത്തുന്ന സംഘടനകള്‍ക്ക് 30,000 രൂപ, 20,000 രൂപ, 10,000 രൂപ എന്ന ക്രമത്തില്‍ ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. സംസ്ഥാനതലത്തില്‍ യഥാക്രമം 50,000, 30,000, 20,000 രൂപയും ദേശീയതലത്തില്‍ രണ്ട് ലക്ഷം, ഒരു ലക്ഷം, 50,000 രൂപ എന്ന ക്രമത്തിലും ക്യാഷ് അവാര്‍ഡ് നല്‍കും. അവാര്‍ഡിന് പരിഗണിക്കാന്‍ താല്‍പര്യമുള്ള സംഘടനകള്‍ ഈ മാസം 15 നകം sbsi.mygov.in എന്ന സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. സംഘടനയുടെ ഒന്നു മുതല്‍ 10 അംഗങ്ങള്‍ വരെയുള്ള ഗ്രൂപ്പുകളായാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.
ഓരോ ഗ്രൂപ്പും ഏറ്റെടുത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അപ്പപ്പോള്‍ തന്നെ ഓണ്‍ലൈനില്‍ അപ്‌ലോഡ് ചെയ്യണം. ഓണ്‍ലൈനില്‍ പറ്റാത്തപക്ഷം മാതൃക ഫോറത്തില്‍ റിപ്പോര്‍ട്ടുകള്‍ എഴുതി ജില്ലാ നെഹ്‌റു യുവ കേന്ദ്ര ഓഫിസില്‍ നല്‍കണം.
100 മണിക്കൂര്‍ സന്നദ്ധ സേവനം ചെയ്യുന്ന എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ സ്വച്ഛ് ഭാരത് സമ്മര്‍ ഇന്റേണ്‍ഷിപ്പ് Swatchh Bharat Summer Internship എന്ന സൈറ്റിലും സിവില്‍സ്റ്റേഷനിലുള്ള നെഹ്‌റു യുവ കേന്ദ്ര ഓഫിസില്‍നിന്നും ലഭിക്കും. ഫോണ്‍: 04494 255144.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."