ട്രംപിന്റെ ശമ്പളം ജീവകാരുണ്യ പ്രവര്‍ത്തനത്തിന്
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശമ്പളം വര്‍ഷാവസാനം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് വൈറ്റ്ഹൗസ്. നാലു ലക്ഷം ഡോളറാണ് ട്രംപിന്റെ ശമ്പളം. ചുമതലയേല്‍ക്കും മുന്‍പ് താന്‍ ശമ്പളം വാങ്ങില്ലെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതേകുറിച്ച് പിന്നീട് വിശദീകരണം വന്നില്ല. ഇതിനിടെയാണ് വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്പൈസര്‍ ട്രംപിന്റെ ശമ്പളം അദ്ദേഹം ദാനം ചെയ്യുമെന്ന് പറഞ്ഞത്.
അധികാരമേല്‍ക്കും മുന്‍പ് സി.ബി.എസ് ചാനലിന്റെ 60 മിനുട്ട് എന്ന പരിപാടിയിലാണ് താന്‍ ഒരു ഡോളര്‍ പോലും ശമ്പളം വാങ്ങില്ലെന്ന് ട്രംപ് പറഞ്ഞത്. പ്രസിഡന്റിന്റെ ശമ്പളം എവിടേക്കാണ് പോകുന്നതെന്ന് നിങ്ങള്‍ക്ക് നിരീക്ഷിക്കാമെന്ന് സ്പൈസര്‍ മാധ്യമങ്ങളോട് പറഞ്ഞു. 2001 മുതലാണ് യു.എസ് പ്രസിഡന്റിന്റെ വാര്‍ഷിക ശമ്പളമായി നാലു ലക്ഷം ഡോളര്‍ നിജപ്പെടുത്തിയത്. ഇതാദ്യമായല്ല യു.എസ് പ്രസിഡന്റ് ശമ്പളം ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നീക്കിവയ്ക്കുന്നത്. മുന്‍ പ്രസിഡന്റുമാരായ ഹെര്‍ബര്‍ട്ട് ഹൂവറും ജോണ്‍ കെന്നഡിയും വേതനത്തുക ജീവകാരുണ്യങ്ങള്‍ക്കായി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."