നന്മ 'തളിര്‍'ക്കുന്നിടം...
കോഴിക്കോട്: തീന്‍ മേശയില്‍ വിഷംപുരണ്ട അന്യസംസ്ഥാന പച്ചക്കറികള്‍ അരങ്ങുവാഴുമ്പോള്‍ ജൈവകൃഷിയിടം ഒരുക്കുകയാണ് 'തളിര്‍' കാര്‍ഷിക കൂട്ടായ്മ. മാവൂര്‍ റോഡ് ജാഫര്‍ഖാന്‍ കോളനിയിലെ പ്ലാനറ്റോറിയത്തിനു സമീപം തോട്ടത്തില്‍ റഷീദാണ് തന്റെ 35 സെന്റില്‍ ജൈവകൃഷി ആരംഭിച്ചിരിക്കുന്നത്. ഏഴു കര്‍ഷകരടങ്ങുന്ന ഗ്രീന്‍വെജ് കര്‍ഷക കൂട്ടായ്മയുമായി സഹകരിച്ചാണ് കൃഷി.
വെണ്ട, ചീര, വഴുതന, പച്ചമുളക്, കപ്പ, പയര്‍, ബീറ്റ്‌റൂട്ട്, ചുരങ്ങ, പടവലം...അങ്ങനെ പോകുന്നു പച്ചക്കറിയുടെ നിര. ഇവിടെ വിളയുന്ന പച്ചക്കറികള്‍ മുഴുവനും വിപണിയില്‍ എത്തിക്കുന്നുമുണ്ട്. പൂര്‍ണമായും ജൈവരീതിയല്‍ കൃഷിചെയ്യുന്ന പച്ചക്കറികള്‍ക്ക് ആവശ്യക്കാരേറെയാണെന്ന് ഗ്രീന്‍വെജ് അംഗം സിദ്ധീഖ് തിരുവണ്ണൂര്‍ പറഞ്ഞു.
മാലിന്യങ്ങളും സാമൂഹ്യ വിരുദ്ധരുടെയും താവളമായ 35 സെന്റാണ് ജൈവ കൃഷിക്ക് ഉപയോഗപെടുത്തിയത്. നഗരത്തിലെ പലയിടങ്ങളിലുള്ള തരിശിടങ്ങള്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ ഉപയോഗിച്ച് കൃഷിയോഗ്യമാക്കിയാല്‍ മാലിന്യ പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു ശതമാനം പരിഹാരം കാണാനാകുമെന്ന് തളിര്‍ ഭാരവാഹികള്‍ പറയുന്നു.
കൃഷി ആരംഭിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് സഹായവുമായി ഗ്രീന്‍വെജുണ്ട്. നഗര ഹൃദയഭാഗത്തെ കൃഷിയിടം കാണാന്‍ നിരവധിപേരാണ് എത്തുന്നത്.
തളിര്‍ പദ്ധതി കാണാന്‍ പ്ലാനറ്റോറിയത്തില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ കൃഷിയിടവും കാണാന്‍ സമയം കണ്ടെത്താറുണ്ട്. 200 കിലോയോളം പച്ചക്കറികളാണ് ദിവസവും വിറ്റ് പോവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."