ജസ്‌നയെ കണ്ടെന്ന സൂചന; അന്വേഷണസംഘം ബംഗളൂരുവില്‍
കാഞ്ഞിരപ്പള്ളി: ഒരുമാസത്തിലേറെയായി മുക്കൂട്ടുതറയില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ ജസ്‌ന മരിയ ജെയിംസിനെ(20) കണ്ടതായ വാര്‍ത്തകള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് അന്വേഷണസംഘം ബംഗളൂരുവിലെത്തി.
തിരുവല്ല ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള ആറംഗസംഘമാണ് ബംഗളൂരുവിലുള്ളത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു യുവാവിനൊപ്പം പെണ്‍കുട്ടിയെ കണ്ടതായ വിവരം ചൊവ്വാഴ്ച രാത്രിയാണ് പൊലിസിന് ലഭിക്കുന്നത്.
മഡിവാളയിലെ ധര്‍മാരാമിന് സമീപം ആശ്വാസ് ഭവനില്‍ പെണ്‍കുട്ടി ചെറുപ്പക്കാരനൊപ്പമെത്തിയെന്നും പാലാ പൂവരണി സ്വദേശിയായ സന്നദ്ധപ്രവര്‍ത്തകന്‍ ജോര്‍ജ് തിരിച്ചറിഞ്ഞതായും ആന്റോ ആന്റണി എം.പിയാണ് വെളിപ്പെടുത്തിയത്. ജോര്‍ജ് വര്‍ഷങ്ങളായി ബംഗളൂരുവിലാണ് താമസം.
ഇതോടെ പൊലിസ് ബന്ധുക്കള്‍ വഴി ജസ്‌നയുടെ ചിത്രം ജോര്‍ജിനെയും ആശ്വാസ് ഭവനിലെ ജീവനക്കാരെയും വീണ്ടും കാണിച്ചു. ഫോട്ടോയുമായി പെണ്‍കുട്ടിക്ക് നല്ല സാമ്യമുണ്ടെന്ന് ഉറപ്പായതോടെയാണ് പൊലിസ് പുറപ്പെട്ടത്. ആഡംബര ബൈക്കില്‍, മുടിനീട്ടി വളര്‍ത്തിയ യുവാവിനൊപ്പം ജസ്‌നയെ കണ്ടതായാണ് വിവരം. വിവിധ ആശുപത്രികളില്‍ സൗജന്യമായി ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ആശ്വാസില്‍ വച്ചാണ് ജോര്‍ജ് ഇരുവരെയും കണ്ടത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന വാര്‍ത്തകള്‍ സ്ഥിരീകരിക്കാന്‍ വീട്ടുകാര്‍ തയാറായിട്ടില്ല. അന്വേഷണത്തിലും ഇവ സ്ഥിരീകരിക്കുന്ന വിവരങ്ങള്‍ ലഭിച്ചതായി വിവരമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."