ഒ.വി റോഡിലെ കാലപ്പഴക്കം ചെന്ന കെട്ടിടങ്ങള്‍ അറ്റകുറ്റ പ്രവൃത്തികള്‍ക്ക് അനുമതി നല്‍കില്ലെന്ന് നഗരസഭാ ചെയര്‍മാന്‍
തലശ്ശേരി: നഗരത്തിലെ പ്രധാന റോഡായ ഒ.വി റോഡിന് വീതികൂട്ടുന്നതു സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ തുടരുന്നതിനാല്‍ റോഡ് വികസനം പ്രയാസകരമാണെന്നു നഗരസഭാ ചെയര്‍മാന്‍ സി.കെ രമേശന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നിലവിലുള്ള അഞ്ചര മീറ്റര്‍ വീതിയില്‍ നിന്നു രണ്ടര മീറ്റര്‍ വീതം ഇരുഭാഗത്തുനിന്നും കൂട്ടിയെടുത്ത് പത്തു മീറ്റര്‍ വീതിയുണ്ടാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ചില വ്യാപാരികള്‍ തടസം നില്‍ക്കുകയാണെന്നും അതിനായി അവര്‍ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ചെയര്‍മാന്‍ പറഞ്ഞു.
മാസ്റ്റര്‍ പ്ലാന്‍ പ്രകാരം ഒ.വി റോഡിന് ഇരുപതു മീറ്റര്‍ വീതിയാണ് ആവശ്യമുള്ളത്. നിലവിലുള്ള സ്ഥിതിയില്‍ പ്രസ്തുത റോഡിന് ഇരുപതു മീറ്റര്‍ വീതിയായി വര്‍ധിപ്പിക്കുകയെന്നത് അപ്രായോഗികമാണ്.
റോഡ് വീതികൂട്ടുന്നതിനു തടസമായി നില്‍ക്കുന്നത് ചില കച്ചവടക്കാരാണെന്നിരിക്കെ കാലപ്പഴക്കമുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റ പ്രവൃത്തികള്‍ക്ക് നഗരസഭ ഇനി മുതല്‍ അനുമതി നല്‍കുകയില്ലെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.
കാലപ്പഴക്കമുള്ള കെട്ടിടങ്ങള്‍ ഏതെന്ന് കണ്ടെത്താനും നിശ്ചിത കാലാവധി കഴിഞ്ഞ കെട്ടിടങ്ങള്‍ അറ്റകുറ്റപ്പണിയുടെ ബലത്തില്‍ നിലനിര്‍ത്തി റോഡിന്റെ പൊതുവികാസത്തെ തടയുന്ന പ്രവണത ചിലരുടെ ഭാഗത്തു നിന്ന് ഏറിവരികയാണ്.
റോഡ് വികസനത്തെ ഇത്തരത്തില്‍ എതിര്‍ക്കുന്നവര്‍ തലശ്ശേരി-മൈസൂര്‍ റെയില്‍വേക്കു വേണ്ടി പത്രമാധ്യമങ്ങളില്‍ പതിവായി വാര്‍ത്തകള്‍ നല്‍കി വരുന്നവരുമാണ്. ഒരു ഭാഗത്തു നഗരത്തിന്റെ വികസനത്തെക്കുറിച്ച് പ്രസ്താവനകള്‍ നടത്തി പൊതുജനങ്ങളെ കബളിപ്പിക്കുകയും മറുഭാഗത്ത് ഒ.വി റോഡ് വീതി കൂട്ടുതിനെതിരേ കോടതിയെ സമീപിക്കുകയും ചെയ്യുന്ന നടപടി സ്വീകാര്യമല്ലെന്നും ചെയര്‍മാന്‍ പറഞ്ഞു.
തലശ്ശേരിയില്‍ പുതിയ സബ് കലക്ടര്‍ ചുമതലയേല്‍ക്കുന്നതോടെ ബന്ധപ്പെട്ട വ്യാപാരികളുമായും പൗരപ്രമുഖരുമായും തുറന്ന ചര്‍ച്ചകള്‍ നടത്തി ആവശ്യമായ നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്വീകരിക്കുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."