മൃഗ സംരക്ഷണ വകുപ്പിന്റെ ക്ഷീരഗ്രാമം പദ്ധതിയില്‍ കോലഴി പഞ്ചായത്തും
വടക്കാഞ്ചേരി: സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയിലേക്കു വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ കോലഴി ഗ്രാമപഞ്ചായത്തിനെ തെരഞ്ഞെടുത്തതായി അനില്‍ അക്കര എം.എല്‍.എ അറിയിച്ചു. സംസ്ഥാന വനവും മൃഗസംരക്ഷണവും വകുപ്പുമന്ത്രി കെ. രാജുവിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ പത്തു ഗ്രാമപഞ്ചായത്തുകളിലാണു ഈ പദ്ധതി നടപ്പിലാക്കുന്നത്. തൃശൂര്‍ ജില്ലയില്‍ നിന്നു ഈ പദ്ധതിക്കായി തെരഞ്ഞെടുത്ത ഏക ഗ്രാമപഞ്ചായത്താണു കോലഴി. കോലഴി പഞ്ചായത്തില്‍ ക്ഷീര സംരക്ഷണ മേഖലയില്‍ 50 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണു ക്ഷീര കര്‍ഷകര്‍ക്കു ഈ പദ്ധതി വഴി നേരിട്ടു ലഭിക്കുന്നത്. പശുക്കളെ വാങ്ങുന്നതിനും ശാസ്ത്രീയമായ പരിശീലനം ക്ഷീര കര്‍ഷകര്‍ക്കു നല്‍കുന്നതിനും നിലവിലുള്ള തൊഴുത്തുകള്‍ നവീകരിക്കുന്നതിനും ശാസ്ത്രീയമായ രീതിയിലുള്ള പുതിയ തൊഴുത്തുകള്‍ നിര്‍മ്മിക്കുന്നതുള്‍പ്പെടെയുള്ളവയ്ക്കാണു ഈ തുക അനുവദിക്കുന്നത്. കോലഴി പഞ്ചായത്തിലെ ക്ഷീര കര്‍ഷകരുടെ ഗുണഭോക്തൃവിഹിതവും ക്ഷീര സഹകരണ സംഘങ്ങളുടെയും ഗ്രാമ ബ്ലോക്ക് പഞ്ചായത്ത് ഉള്‍പടെയുള്ളവയുടെ വിഹിതങ്ങള്‍ കൂട്ടിചേര്‍ത്തു രണ്ടു കോടി രൂപയുടെ വികസനമാണു ക്ഷീര മേഖലയില്‍ കോലഴി ഗ്രാമപഞ്ചായത്തില്‍ നടത്തുന്നത്. പദ്ധതിയുടെ ഉദ്ഘാടനവും ക്ഷീര കര്‍ഷക സംഗമവും ചേര്‍ന്നുള്ള കോലഴി മില്‍ക്ക് ഫെസ്റ്റ് ചിങ്ങം ആദ്യ വാരം വിപുലമായ പരിപാടികളോടെ സംസ്ഥാന വനം മൃഗസംരക്ഷണ വകുപ്പുമന്ത്രി കെ. രാജു നിര്‍വഹിക്കുമെന്നും അനില്‍ അക്കര എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."