ജീതു കൊലപാതകം:പ്രതി ബിരാജുവിനെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുപ്പു നടത്തി
ചെങ്ങാലൂര്‍ : കുണ്ടുകടവില്‍ ദളിത് യുവതിയെ പെട്രോളൊഴിച്ചു തീവെച്ചുകൊന്ന കേസിലെ പ്രതിയെ സംഭവ സ്ഥലത്തു എത്തിച്ചു പൊലിസ് തെളിവെടുപ്പു നടത്തി. മോനൊടി കണ്ണോളി ജനാര്‍ദനന്റെ മകള്‍ ജീതു (29) വിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കുണ്ടുകടവ് പയ്യപ്പിള്ളി ബിരാജുവിനെയാണു സംഭവ സ്ഥലത്തു എത്തിച്ചു തെളിവെടുപ്പു നടത്തിയത്. സംഭവത്തിനു ദൃക്‌സാക്ഷികളായ കുടുംബശ്രീ അംഗങ്ങള്‍, കൊല ചെയ്തതിനു ശേഷം ഇയാള്‍ രക്ഷപ്പെടുന്നതു കണ്ട പ്രദേശവാസികള്‍ പ്രതിയെ തിരിച്ചറിഞ്ഞു. കൃത്യം നടത്തിയതു എങ്ങിനെയെന്നു പൊലിസിനു ബിരാജു വിവരിച്ചു കൊടുത്തു. കുടുംബശ്രീ അംഗങ്ങള്‍ യോഗം ചേര്‍ന്നിരുന്ന വീടിന്റെ മുന്‍പിലെ ആളൊഴിഞ്ഞ പറമ്പില്‍ ജീതു വരുന്നതും കാത്തു പതുങ്ങിയിരിക്കുകയായിരുന്നു. ജീതു കുടുംബശ്രീ യോഗം നടക്കുന്ന വീട്ടില്‍ എത്തിച്ചേര്‍ന്നതു കണ്ട ബിരാജു സമീപത്തെ മറ്റൊരു പറമ്പില്‍ എത്തി അവിടെ കുറച്ചു സമയം ചിലവഴിക്കുകയും ചെയ്തു. യോഗത്തിനു ശേഷം മടങ്ങിവരുന്നതു കണ്ട ജീതുവിന്റെ അടുത്തേക്കു എത്തിയ ബിരാജു ബാഗില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തേയ്ക്കു ഒഴിക്കുകയായിരുന്നു. കയ്യില്‍ കരുതിയിരുന്ന ലൈറ്റര്‍ ഉപയോഗിച്ചു കത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ ജീതു ഓടിമാറി. ശബ്ദം കേട്ടു പുറത്തേയ്ക്കു വന്ന കുടുംബശ്രീ അംഗങ്ങളും സമീപത്തുണ്ടായിരുന്ന ജീതുവിന്റെ അച്ഛനും ബിരാജുവിനെ തടയാന്‍ ശ്രമിക്കുന്നതിനിടെ ഇയാളുടെ കൈവശമുള്ള ബാഗു തെറിച്ചുപോകുകയായിരുന്നു. ഇതിനിടയില്‍ രണ്ടു പ്രാവശ്യം ലൈറ്റര്‍ ഉപയോഗിച്ചു തീ കൊളുത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ബഹളങ്ങള്‍ക്കിടയില്‍ ജീതു വീണ്ടും ബിരാജുവിന്റെ അടുത്തേയ്ക്കു എത്തിയപ്പോഴാണു ദേഹത്തു തീ കൊളുത്തിയത്. സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു കുണ്ടുകടവില്‍ എത്തുകയും തുടര്‍ന്നു അവിടെ നിന്നും വഞ്ചിയില്‍ പുഴകടന്നു രക്ഷപ്പെടുകയുമായിരുന്നെന്നു ബിരാജു പറഞ്ഞു. രക്ഷപ്പെടുന്നതിനിടെ ഇയാളുടെ കൈവശമുണ്ടായിരുന്ന കത്തി പുഴയോരത്തുള്ള പറമ്പിലേക്കു വലിച്ചെറിഞ്ഞു. ചെങ്ങാലൂര്‍ ശാന്തിനഗറിലുള്ള പെട്രോള്‍ പമ്പ്, ബിരാജുവിന്റെ തറവാട് വീട്, സംഭവത്തിനു മുന്‍പു സുഹൃത്തുക്കള്‍ ഒന്നിച്ചു മദ്യപിച്ച കുണ്ടുകടവിലെ വാഴത്തോട്ടം എന്നിവിടങ്ങളിലും തെളിവെടുപ്പു നടത്തി. തറവാട്ടു വീട്ടില്‍ നിന്നും പെട്രോള്‍ വാങ്ങാന്‍ ഉപയോഗിച്ച കുപ്പി കണ്ടെടുത്തു. കൊലപാതകത്തിനു ശേഷം ഒളിവിലായിരുന്ന പ്രതിയെ മുബൈയിലെ ബന്ധുവീട്ടില്‍ നിന്നാണു കസ്റ്റഡിയിലെടുത്തത്. മൂന്നു ദിവസത്തെ പൊലിസ് കസ്റ്റഡിയില്‍ വിട്ട പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും. പുതുക്കാട് സി.ഐ എസ്.പി സുധീരന്റെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."