ബഹ്റൈനില്‍ ആറു മാസത്തെ ചെമ്മീന്‍ പിടിത്ത നിരോധനം ആരംഭിച്ചു
മനാമ: ബഹ്റൈനില്‍ ആറുമാസത്തെ ചെമ്മീന്‍ പിടിത്ത നിരോധനം അരംഭിച്ചു. ഇതോടെ മത്സ്യത്തൊഴിലാളികള്‍ ആശങ്കയിലായിരിക്കുകയാണ്.
നിരോധനം നിലവില്‍ വരുന്നതോടെ മത്സ്യ തൊഴിലാളികളുടെ ജീവിതം വഴിമുട്ടുമെന്ന ആശങ്കയുമായി ബഹ്റൈന്‍ ഫിഷര്‍മെന്‍ സൊസൈറ്റി (ബി എഫ് എസ്), സിത്ര ഫിഷര്‍മെന്‍ സൊസൈറ്റി (എസ് എഫ് എസ്) എന്നീ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. 400ല്‍ അധികം തൊഴിലാളികളെ നിരോധനം ബാധിക്കുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.
മാര്‍ച്ച് 15 മുതല്‍ ആറു മാസത്തേക്കാണ് ചെമ്മീന്‍ പിടിത്തം നിരോധിച്ചിരിക്കുന്നത്. ഇക്കാര്യം കഴിഞ്ഞ ദിവസം ബഹ്റൈന്‍ തൊഴില്‍, പൊതുമരാമത്ത്, മുനിസിപ്പാലിറ്റീസ് കാര്യ, നഗരവികസന മന്ത്രി എസ്സാം ഖലാഫാണ് പ്രഖ്യാപിച്ചത്. എന്നാല്‍ ഈ കാലയളവില്‍ തൊഴില്‍രഹിതരാകുന്ന മല്‍സ്യത്തൊഴിലാളികളുടെ കാര്യങ്ങള്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നില്ല. തങ്ങളുടെ ഭാഗം കേള്‍ക്കുകയോ, അതിനുവേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യണമെന്ന് ഏകദേശം എണ്‍പതോളം മല്‍സ്യത്തൊഴിലാളികള്‍ ഇതിനകം സൊസൈറ്റിയെ അറിയിച്ചിട്ടുണ്ട്.
ഒട്ടേറെ മത്സ്യത്തൊഴിലാളികളെയും അവരുടെ കുടുംബത്തെയും ബാധിക്കുന്ന ഈ പ്രശ്നത്തില്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫ രാജകുമാരന് ഇടപെട്ടു പരിഹാരം കണ്ടെത്തണമെന്നു ബി.എഫ്.എസ് ചെയര്മാന് വഹീദ് അല്‍ ദോസരി ആവശ്യപ്പെട്ടു. ചെമ്മീന്‍ പിടിത്തത്തിനു മാത്രം ലൈസന്‍സ് ഉള്ളതിനാല്‍ കടലില്‍ പോകുവനോ മറ്റു മല്‍സ്യം പിടിക്കുവാനോ സാധിക്കാത്ത അവസ്ഥയാണുള്ളതെന്നും വഹീദ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."