ജോര്‍ദാനിയന്‍ യുവതിയെ എഫ്.ബി.ഐ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു
വാഷിങ്ടണ്‍: ജോര്‍ദാനിയന്‍ യുവതി അഹ്‌ലം അറഫ് അഹമദ് അല്‍ തമീമിയെ അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്.ബി.എ( ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍) പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. 2001 ആഗസ്റ്റ് ഒമ്പതിന് സബാരോ പിസ പാര്‍ലറിലുണ്ടായ ചാവേര്‍ സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണിത്. സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെടുകയും 120 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 2013ല്‍ തന്നെ ഇവരെ പിടികിട്ടാപുള്ളിയായി മുദ്രകുത്തിയിരുന്നെങ്കിലും പരസ്യമായി ഇപ്പോഴാണ് പ്രഖ്യാപിച്ചത്.
അധിനിവേശ വെസ്റ്റ് ബാങ്കില്‍ പത്രപ്രവര്‍ത്തകയായിരുന്ന അഹ്‌ലമിനെ നേരത്തെ, 2003ല്‍ ഇസ്രഈല്‍ തടങ്കലിലാക്കിയിരുന്നു. യു.എസിനും യു.എസ് പൗരന്‍മാര്‍ക്കുമെതിരെ ആക്രമണം നടത്താന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ചായിരുന്നു അത്. ഹമാസിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. ജീവപര്യന്തമാണ് അന്ന് ഇസ്രഈല്‍ കോടതി ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.
പിന്നീട് 2011ല്‍ ഇസ്രഈലിനും ഹമാസിനുമിടയിലുണ്ടായ തടവുകാരെ കൈമാറുന്ന വ്യവസ്ഥയെ തുടര്‍ന്ന് അഹ്‌ലം മോചിതയായി. അവര്‍ ജോര്‍ദാനിലേക്കു തിരികെ പോയി. അവരെ വിട്ടു കിട്ടാന്‍ യു.എസ് ശ്രമിച്ചെങ്കിലും കൈമാറാന്‍ വ്യവസ്ഥയില്ലെന്നു കാണിച്ച് ജോര്‍ദാന്‍ യു.എസിന്റെ ആവശ്യം നിരാകരിക്കുകയായിരുന്നു.
പിടിക്കപ്പെട്ടാല്‍ യു.എസില്‍ വിചാരണക്കു ശേഷം ജീവപര്യന്തമോ വധശിക്ഷയോ ഇവര്‍ക്ക് ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."