ഈരാറ്റുപേട്ട കേന്ദ്രമായി പൂഞ്ഞാര്‍ താലൂക്ക്: സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്ന് പി.സി ജോര്‍ജ്
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട കേന്ദ്രമായി പൂഞ്ഞാര്‍ താലൂക്ക് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് തയാറാക്കിയ വിശദമായ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, ധനകാര്യമന്ത്രി തോമസ് ഐസക് എന്നിവര്‍ക്ക് സമര്‍പ്പിച്ചതായി പി.സി ജോര്‍ജ് എം.എല്‍.എ.
നിലവില്‍ മീനച്ചില്‍ താലൂക്കിന്റെ ഭാഗമായുള്ള പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, പൂഞ്ഞാര്‍ നടുഭാഗം, തീക്കോയി, ഈരാറ്റുപേട്ട, കൊണ്ടൂര്‍, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം എന്നീ 10 വില്ലേജില്‍പ്പെട്ട 8 പഞ്ചായത്തും ഈരാറ്റുപേട്ട നഗരസഭയും ചേര്‍ന്നുകൊണ്ടുള്ള പുതിയ താലൂക്ക് രൂപീകരിക്കാനാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
മേല്‍പറഞ്ഞ 10 വില്ലേജുകളുടെ ആകെ വിസ്തീര്‍ണം 30956.42 81 ഹെക്ടറും ജനസംഖ്യ 4,12,569 ഉം വരും. നിര്‍ദിഷ്ട പൂഞ്ഞാര്‍ താലൂക്കില്‍ ഉള്‍പ്പെട്ടുവരുന്ന മൂന്നിലവും മേലുകാവും വില്ലേജുകള്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഭൂരിപക്ഷമുള്ള വില്ലേജുകളാണ്.
കോട്ടയം ജില്ലയില്‍ വളരെയധികം പ്രകൃതിക്ഷോഭങ്ങള്‍ അനുഭവപ്പെടുന്ന വില്ലേജുകളാണ് പൂഞ്ഞാര്‍ നടുഭാഗം, പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയി, മൂന്നിലവ് വില്ലേജുകള്‍. പുതിയ താലൂക്ക് രൂപീകരണത്തോടെ ഈ മേഖലയില്‍ നേരിടുന്ന പ്രകൃതി ക്ഷോഭങ്ങള്‍ക്ക് ദ്രുതഗതിയില്‍ സഹായം എത്തിക്കുന്നതിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനും സാധിക്കും. മലയോര വില്ലേജുകളായ പൂഞ്ഞാര്‍ നടുഭാഗം, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയി, മൂന്നിലവ്, മേലുകാവ് വില്ലേജുകളിലെ വികസന സ്വപ്നങ്ങള്‍ക്ക് പുതുജീവന്‍ പകരാന്‍ പുതിയ താലൂക്ക് രൂപീകരണം സഹായകമാകും. ഹൈറേഞ്ചിന്റെ കവാടം എന്ന നിലയ്ക്കും കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം കേന്ദ്രമായ വാഗമണ്ണിന്റെ സാന്നിധ്യവും വളരെയധികം വികസന സാധ്യതയുള്ള പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ നിര്‍ദിഷ്ട പൂഞ്ഞാര്‍ താലൂക്ക് രൂപീകരണം മലയോര മേഖലയുടെ വികസനത്തിന് മുതല്‍ കൂട്ടാകുമെന്നും പി.സി ജോര്‍ജ് എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."