വാടക വാഹനങ്ങള്‍ക്ക് വ്യാജരേഖയുണ്ടാക്കി വില്‍ക്കുന്ന സംഘം പിടിയില്‍
മഞ്ചേരി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹനങ്ങള്‍ വാടകക്കെടുത്ത് വ്യാജ ആര്‍.സി, ഇന്‍ഷുറന്‍സ്, ടാക്‌സ് എന്നിവയുണ്ടാക്കി വില്‍പന നടത്തുന്ന സംഘത്തെ മഞ്ചേരി പ്രത്യേക അന്വേഷണസംഘം പിടികൂടി. നിലമ്പൂര്‍ അകമ്പാടം വട്ടപ്പറമ്പന്‍ അബ്ദുല്‍ റസാഖ്(45), തൃശൂര്‍ ഇരിഞ്ഞാലക്കുട കണ്ടേങ്ങാട്ടില്‍ വീട്ടില്‍ ജോഷി എന്ന ജോഷ് (33), തൃശൂര്‍ ഇറവ് ഉണ്ണികാട്ടില്‍ മണിലാല്‍(33) എന്നിവരാണ് പിടിയിലായത്.
മഞ്ചേരി സ്വദേശിയായ ഷിജുവിന്റെ ഉടമസ്ഥതയിലുള്ള ഇന്നോവ കാര്‍ കഴിഞ്ഞ ജനുവരി ഒന്‍പതിന് നിലമ്പൂര്‍ സ്വദേശികളായ നൗഷാദ്, റസാഖ് എന്നിവര്‍ ചേര്‍ന്ന് കൊണ്ടുപോവുകയും പ്രതി ജോഷിയുടെ സഹായത്തോടെ വ്യാജരേഖയുണ്ടാക്കി വാഹനം വിറ്റെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ കുറിച്ച് വിവരം ലഭിക്കുന്നത്.
സംഭവത്തിനു ശേഷം പ്രതി അബ്ദുല്‍ റസാഖ് നേരത്തെ കോടതിയില്‍ കീഴടങ്ങിയിരുന്നു. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി പൊലിസ് ചോദ്യം ചെയ്തതോടെയാണ് സംഘത്തിലെ മറ്റു പ്രതികളായ ജോഷി, മണിലാല്‍ എന്നിവരെകുറിച്ചു സൂചന ലഭിച്ചത്. തൃശൂര്‍, ചാലക്കുടി, ഇരിഞ്ഞാലക്കുട പൊലിസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത വഞ്ചാനാ കേസില്‍ രണ്ട് ദിവസം മുന്‍പാണ് ജോഷി ജാമ്യത്തില്‍ ഇറങ്ങിയത്.
ഇയാളെ തൃശൂരില്‍ നിന്ന് പിടികൂടി ചോദ്യംചെയ്തതോടെ എറണാംകുളം പറവൂര്‍ സ്വദേശിയില്‍ നിന്ന് വാഹനം കണ്ടെടുത്തു. ഇവര്‍ നിര്‍മിച്ച വ്യാജരേഖകളും കണ്ടെടുത്തു. വാഹനങ്ങള്‍ക്ക് വ്യാജരേഖകള്‍ നിര്‍മിച്ചയാളാണ് തൃശൂര്‍ സ്വദേശി മണിലാല്‍. ഇയാളെ ചോദ്യംചെയ്തതില്‍ നിരവധി വാഹനങ്ങളുടെ രേഖകള്‍ നിര്‍മിച്ചതായും വെളിപ്പെടുത്തി.
കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."